Advertisment

നിരാലംബർക്ക് താങ്ങായി ദയ ഭവനങ്ങൾ. കണ്ണാടി പഞ്ചായത്തിൽ മൂന്ന് ദയാ ഭവനങ്ങളുടെ താക്കോൽ സമർപ്പണം നടത്തി

New Update

പാലക്കാട്:  അപ്രതീക്ഷിത ദുരന്തങ്ങളില്‍ ശരീരവും മനസും തളര്‍ന്ന് നിസ്സഹായതയോടെ നോക്കിനില്‍ക്കുന്നവര്‍ക്ക് സഹായഹസ്തവുമായി ഓടിയെത്തുന്നതില്‍ ദയ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ നല്ലൊരു മാതൃകയാണെന്ന് വീണ്ടും സാക്ഷ്യപ്പെടുത്തിയ അവസരമായിരുന്നു കണ്ണാടി പഞ്ചായത്തിൽ നടന്ന മൂന്ന് ദയാ ഭവനങ്ങളുടെ താക്കോൽ സമർപ്പണം.

Advertisment

publive-image

2018 ഏപ്രിൽ മാസത്തിലെ ശക്തമായ ചുഴലികാറ്റിൽ പുറമ്പോക്കിലെ മരങ്ങൾ കടപുഴകി വീണ് വീടുകൾ നഷ്ട്ടപ്പെട്ട കണ്ണാടി പഞ്ചായത്തിലെ കൊറ്റുകൊട്ടത്തോടി ശാന്ത, പാത്തിക്കൽ കണ്ണാടി ചെല്ലിക്കാട് കണ്ടൻ മകൻ കേലി, കണ്ണാടി ചെല്ലിക്കാട് ചന്ദ്രൻ കേലി എന്നിവർക്കാണ് ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പുതിയ വീടുകൾ നിർമ്മിച്ച് നൽകിയത്.

കഞ്ചിക്കോട് പ്യാരേലാൽ ഫോംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹായത്തോടെ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നിർമ്മിച്ച മൂന്ന് 'ദയാ ഭവനങ്ങളുടെ' താക്കോൽ സമർപ്പണ ചടങ്ങ് കണ്ണാടി തൊഴിൽശാല ഹാളിൽ പാലക്കാട്‌ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ടി. വിജയൻ ഉദ്ഘാടനം നിർവഹിച്ചു.

ദയ ട്രസ്റ്റ് ചെയർമാൻ ഇ. ബി. രമേശ്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കണ്ണാടി ഗ്രാമ പഞ്ചായത്ത്‌ പ്രഡിഡന്റ് കെ.എ.വേണുഗോപാലൻ, പ്യാരേലാൽ ഫോംസ് പ്രൈവറ്റ് ലിമിറ്റഡ് എം ഡി മോത്തിലാൽ ഗോയൽ, എന്നിവർ വിശിഷ്ടാതിഥികളായി.

ദയ ഉന്നതാധികാര സമിതി അംഗം ശങ്കർ.ജി കോങ്ങാട്, അരവിന്ദാക്ഷ മേനോൻ, ജൂനിയർ സൂപ്രണ്ട് കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ദയ ട്രസ്റ്റ് അഡ്മിൻ പാനൽ മെമ്പർ ദീപ ജയപ്രകാശ് സ്വാഗതവും കൺവീനർ പ്രസാദ് കുഴൽമന്ദം നന്ദിയും പറഞ്ഞു.

മൂന്ന് വീടുകളുടെ നിർമ്മാണം ദ്രുത ഗതിയിൽ പൂർത്തിയാക്കുന്നതിന് നേതൃത്വം നൽകിയ കൺവീനർ പ്രസാദ് കുഴൽമന്ദത്തെ അനുമോദിച്ചു. ഇതോടെ ട്രസ്റ്റിന്റെ ദയഭവനങ്ങൾ ഏഴായി. അമ്പലപ്പാറ, പെരിങ്ങോട്ടുകുർശ്ശി, കുത്തനൂർ എന്നീ പഞ്ചായത്തുകളിലാണ് ദയ ട്രസ്റ്റ് നാലു ദയഭവനങ്ങൾ നിർമ്മിച്ചിട്ടുള്ളത്.

ദയയുടെ എട്ടാമത്തെ ദയാഭവനം കോട്ടായി പഞ്ചായത്തിൽ വ്യക്കമാറ്റിവെക്കപ്പെട്ട 18 കാരൻ ജയകൃഷ്ണനു വേണ്ടി നിർമ്മാണം പുരോഗമിക്കുന്നു. സോഷ്യല്‍ മീഡിയ പ്രയോജനകരമല്ലാത്ത കാര്യങ്ങൾക്ക് വഴിമാറുകയും, ദുരുപയോഗം വ്യാപകമാവുകയും ചെയ്യുമ്പോഴാണ് ആശ്രയവും പ്രതീക്ഷയും കൈവിട്ട് ജീവിതം നഷ്ടപ്പെടുന്ന സഹജീവികള്‍ക്ക് ദയകാണിക്കുവാനുള്ള ഉപാധിയായി ഇവയെല്ലാം ഉപയോഗപ്പെടുത്തുന്നത്.

കുറഞ്ഞ കാലം കൊണ്ടുതന്നെ കോടിക്കണക്കിനു രൂപയുടെ ജീവകാരുണ്യപ്രവർത്തനം നടത്താൻ ദയ അവലംബമാക്കിയത് സാമൂഹ്യ മാധ്യമങ്ങളെയാണ്.

Advertisment