Advertisment

കോട്ടായി സ്വദേശി ജയകൃഷ്ണന് വൃക്ക ദാനം ചെയ്യാനൊരുങ്ങി കോട്ടയത്തെ സാമൂഹ്യ പ്രവർത്തക

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  കോട്ടായി സ്വദേശി ജയകൃഷ്ണന് വൃക്ക ദാനം ചെയ്യാനൊരുങ്ങി സ്നേഹവായ്പോടെ സാമൂഹ്യ പ്രവർത്തക. കോട്ടയം നീറിക്കാട്‌ താമസിക്കുന്ന ദയ ചാരിറ്റബിൾ ട്രസ്റ്റ് അഡ്മിൻപാനൽ അംഗവും സാമൂഹ്യ പ്രവർത്തകയുമായ സീത തമ്പിയാണ് വൃക്ക നൽകാൻ സ്വയം സന്നദ്ധയായി മുന്നോട്ടുവന്നിരിക്കുന്നത്.

Advertisment

പതിനെട്ട് വയസു മാത്രം പ്രായമുള്ള ജയകൃഷ്ണന്റെ ഇരു വൃക്കകളും പ്രവർത്തനരഹിതമായ അവസ്ഥയിലാണിപ്പോൾ. കഴിഞ്ഞ രണ്ടു വർഷമായി കിഡ്നി സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു ഈ വിദ്യാർത്ഥി. വളരെ ചെറുപ്പത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കോട്ടായി കൊറ്റമംഗലത്തെ ഈ പതിനെട്ടു വയസ്സുകാരൻ മുത്തശ്ശിയുടെ സംരക്ഷയിലാണ്‌ വളർന്നത്.

publive-image

ചികിത്സക്ക് പണവും താമസിക്കാൻ വീടുമില്ലാത്ത ജയകൃഷ്ണനെ സഹായിക്കാൻ ജീവകാരുണ്യ രംഗത്ത് മാതൃക പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ദയ ചാരിറ്റബിൾ ട്രസ്റ്റ് മുന്നോട്ടു വന്നിരിക്കുകയാണ്. കൂടപ്പിറപ്പാകാൻ കൂടേ പിറക്കണമെന്നില്ല. ഒരു ഗർഭപാത്രം പങ്കിടണമെന്നില്ല. അങ്ങനെ ചിന്തിക്കാനുള്ള ഒരു മനസ്സ് മാത്രം മതി.

യഥാർത്ഥത്തിൽ അതാണ് ജയകൃഷ്ണന്റെ കാര്യത്തിൽ ദയ പ്രവർത്തക സീത തമ്പി സ്വീകരിച്ചിരിക്കുന്ന മാനുഷിക നിലപാട്. മകന്റെ പ്രായം മാത്രമുള്ള ചെറുപ്പക്കാരനായ ജയകൃഷ്ണനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ തന്നാലവത് ചെയ്യുന്നുവെന്ന വിനീത മനസ്സ്. വൃക്കദാനം ചെയ്യാനുള്ള സമ്മതം അവർ ഔദ്യോഗികമായി അറിയിച്ചു.

ഡോക്ടറുടെ നിർദേശപ്രകാരം എത്രയും പെട്ടന്ന് ആവശ്യമായ സഹായത്തിനു ഒരുങ്ങുകയാണ് സീത തമ്പി. ജയകൃഷ്ണന്റെ ചികിത്സാ സഹായ നിധി രൂപീകരണവുമായി ബന്ധപ്പെട്ട് കോട്ടായി ഗവ.ഹൈസ്കൂളിൽ ആലോചന യോഗം ചേർന്നു.

ക്ലേശത്തിന്റെ വക്കില്‍ നിന്നും ഒരു ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാന്‍ തന്നാലാവുന്നത് ചെയ്യാൻ ഒരുമിച്ചുകൂടിയവരുടെ കൂട്ടത്തിൽ പെട്ട ഒരാൾ തന്നെ മുന്നോട്ടു വന്നു എന്നതാണ് ഈ അവയവ ദാനത്തിനു പിന്നിലെ മാനുഷികത. ഒരു സാമൂഹ്യ പ്രവർത്തക വൃക്ക നല്‍കുമ്പോൾ സാക്ഷാത്കരിക്കപ്പെടുന്നത് അതിരുകളില്ലാത്ത കാരുണ്യമാണ്.

വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമാവുമ്പോൾ അതിന്റെ ചിലവെന്ത് എന്നതാണ് അടുത്ത ചോദ്യം. കൂടാതെ ചികിത്സക്കു ശേഷം കഴിയാൻ ജയകൃഷ്ണന് സുരക്ഷിതമായ വീടുമില്ല. ചികിൽസക്ക് പണവും താമസത്തിനുവീടും ഒരുക്കാൻ വിവിധ വ്യക്തികളും സന്നദ്ധ സംഘടനകളും ദയക്കൊപ്പം അണിചേരുന്നുണ്ട്.

30 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. സമൂഹ മാധ്യമം അവലംബമാക്കി പ്രവർത്തിക്കുന്ന ദയ ചാരിറ്റബിൾ ട്രസ്റ്റ് സുമനസ്സുകൾ കനിയുമെന്ന പ്രതീക്ഷയിലാണ് ഭാരിച്ച ഈ ഉദ്യമം ഏറ്റെടുത്തിട്ടുള്ളത്.

Advertisment