Advertisment

കല്ലടിക്കോടൻ മലയോര മേഖലയിലെ ഉരുൾപൊട്ടലിൽ വ്യാപക കൃഷി നാശം. ആനക്കല്ല് - പാലക്കയം റോഡ് ഇനി ഗതാഗത്തിന് പറ്റില്ല

author-image
സമദ് കല്ലടിക്കോട്
Updated On
New Update

വർഷത്തെ ശക്തമായ മഴക്കെടുതിയിൽ കരിമ്പയിൽ എവിടെയും ആളപായമില്ല എന്നതു മാത്രമാണ് ഏക ആശ്വാസം. എന്നാൽ ഉരുൾപൊട്ടലിൽ മുണ്ടനാട്, കല്ലൻകുന്ന്, മരുതുംകാട് എസ്.ടി കോളനി മേഖലയിൽ വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. കരിമ്പ പ്ലാന്റേഷൻ, കല്ലൻകുന്ന്, ചുള്ളിയാംകുളം, കരിമല പ്രദേശത്താണ് പ്രധാനമായും ഉരുൾപൊട്ടൽ ഏറ്റവും കൂടുതല്‍ ബാധിച്ചത്.

Advertisment

publive-image

കല്ലൻകുന്ന് എസ്.ടി. കോളനിയിൽ രണ്ടു വീട് പൂര്‍ണ്ണമായും, നാല് വീടുകള്‍ ഭാഗികമായും തകര്‍ന്നു. രാത്രി ഉറങ്ങി കിടന്നവർ പലരും തലനാരിഴക്കാണ് അപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. നാശത്തിന്റെ തോത് കണക്കുകൂട്ടലുകൾക്കും അപ്പുറമാണ്. 50 കുടുംബങ്ങളുടെ കുടിവെള്ളം പ്രതിസന്ധിയിലായിരിക്കുകയാണ്. ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന ചുള്ളിയാംകുളം പള്ളിയിലേക്ക് ശുദ്ധജലം എത്തിച്ചിരുന്നതും ഇവിടെ നിന്നാണ്.

കഴിഞ്ഞ ദിവസം അർധരാത്രിക്കുണ്ടായ കാറ്റിലും മഴയിലുമാണ് മണ്ണിടിഞ്ഞതും മരങ്ങൾ പൊട്ടിവീണതും. ഏക്കർ കണക്കിന് കൃഷിയിടങ്ങളാണ് മണ്ണിടിച്ചില്‍ ആഘാതമേറ്റിട്ടുള്ളത്. ഉദ്യോഗസ്ഥർക്കോ ജനപ്രതിനിധികൾക്കോ ചെന്നെത്താനാകാത്ത ദുഘടമേഖലയുമാണിത്.

ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും തകർന്ന ആനക്കല്ല്- പാലക്കയം നെരവ് പാത ഒരു വിധത്തിലും ഗതാഗതയോഗ്യമല്ലാതായി.റോഡിൽ കൂറ്റൻപാറയും ചെളിയും വന്ന് അടഞ്ഞതോടെ ഇവിടെഒറ്റപ്പെട്ട സ്ഥിതിയാണ്. രണ്ടു പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന മലമ്പാതയാണിത്. പൊട്ടി തകർന്ന പാതകൾ എല്ലാം കൂടുതൽ മണ്ണിടിച്ചിൽ ഭീഷണിയിലാണുള്ളത്. ഇവിടേക്കുള്ള ഇരുപത്തഞ്ചോളം വീടുകളിലേക്കുള്ള വൈദ്യുത ലൈൻ പൊട്ടി കിടക്കുകയാണ്.

publive-image

കൂറ്റൻ മരങ്ങൾ മണ്ണിൽ അകപ്പെട്ട് കിടക്കുന്നതിനാൽ വഴി പുനഃസ്ഥാപിക്കാനുള്ള നാട്ടുകാരുടെ ശ്രമവും വിഫലമായി. ദേവസ്വം മല ഡോ.സുരേഷ്,അരികണ്ടത്ത് നാരായണൻ, മുണ്ടനാട് സുരാജ്, സുനിൽ തോമസ്, ജോജോ മാത്യു മുണ്ടമറ്റം,കടപ്പിലാക്കൽ വർക്കി, ഡെന്നീസ് കുര്യൻ, അലവിക്കുട്ടി, ഷിബിലി, ജോസ് കുറ്റാരവളപ്പിൽ, മനക്കൽ കിരൺ തുടങ്ങിയവരുടെ ഏക്കർ കണക്കിന് കൃഷി ഭൂമി ഉരുൾപൊട്ടലിൽ ഇല്ലാതായിട്ടുണ്ട്.

മഴക്കെടുതി നേരിട്ട പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ടീച്ചറുടെയും വൈസ് പ്രസിഡന്റ് തങ്കച്ചൻ മാത്യുസിന്റെയും നേതൃത്വത്തിൽ സന്ദർശനം നടത്തി. കൃഷി നാശത്തിന്റെ കണക്കുകള്‍ രേഖപ്പെടുത്തി കാര്‍ഷിക നഷ്ടങ്ങള്‍ക്ക് പ്രഖ്യാപിക്കുന്ന തുക ഇപ്രാവശ്യമെങ്കിലും യഥാ സമയത്ത് ലഭിക്കാതെ പോകരുതെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. വിളവെടുക്കാറായ കാര്‍ഷിക വിളകളുടെയും ആദായം കിട്ടിയിരുന്ന പലജാതി മരങ്ങളുടെയും നാശം കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Advertisment