കരിമ്പ ഇക്കോ ഷോപ്പ് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു

സമദ് കല്ലടിക്കോട്
Monday, February 11, 2019

കരിമ്പ കൃഷിഭവൻ കരിമ്പ പച്ചക്കറി ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ കല്ലടിക്കോട് കനാൽ ജങ്ഷനിൽ പ്രവർത്തിച്ചിരുന്ന ഇക്കോ ഷോപ്പ് ദേശീയ പാതയിൽ മാപ്പിള സ്‌കൂൾ ജംഗ്ഷൻ വില്ലേജ് ഓഫീസിനു എതിർവശത്തെ കെട്ടിടത്തിലേക്ക് മാറ്റി.

പുതിയ സൗകര്യങ്ങളോടെ ഏർപ്പെടുത്തിയ ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം കരിമ്പ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് തങ്കച്ചൻ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ജൈവ കർഷകരിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന പച്ചക്കറികളുടേയും ഭക്ഷ്യ ഇനങ്ങളുടേയും വിളകളുടെയും തൈകളുടേയും വിപുലമായ ശേഖരമാണ് ഇക്കോഷോപ്പിലുള്ളത്.

കല്ലടിക്കോടൻ നാടൻ വെളിച്ചെണ്ണയും ജൈവപച്ചക്കറിയും മറ്റ് ജൈവ ഉത്പ്പന്നങ്ങളും വാങ്ങാനും വിൽക്കാനും കർഷകർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും ഈ പുതിയ ഇടം ഉപകരിക്കും. സുസ്ഥിരവും സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടാത്തതുമായ തനതു കൃഷി,രുചികരവും ആരോഗ്യദായകവുമായ ഉത്പന്നങ്ങൾ എന്നിവയെ ലക്ഷ്യമിട്ടുകൊണ്ടാണ് ജൈവ കൃഷിവിഭവങ്ങൾ ഒരുക്കുന്നത്.

കല്ലടിക്കോടൻനാടൻ വെളിച്ചെണ്ണയും പച്ചക്കറിയും,കൃഷി ക്കാവശ്യമായ വളവും കൃഷിയുപകരണങ്ങളും ഇവിടെ ഉണ്ട്.കരിമ്പ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രിയ അധ്യക്ഷയായി. കൃഷിഓഫീസർ പി. സാജിദലി, ജിമ്മി മാത്യു, മണികണ്ഠൻ, പി.ശിവദാസ്, മുഹമ്മദ്ഹാരിസ്, എം.കെ.രാമകൃഷ്ണൻ, പി.ജി.വത്സൻ തുടങ്ങിയവർ പ്രസംഗിച്ചു.

×