കുടുംബിനികൾ, വിദ്യാർത്ഥികൾ തുടങ്ങി എല്ലാവര്ക്കും സൗകര്യപ്രദമായ വിധം കൃഷിയിൽ പങ്കാളിത്തം വഹിക്കാവുന്ന സമഗ്ര പുരയിട കൃഷി രീതികളെക്കുറിച്ച് അറിവുപകരുന്നതായിരുന്നു കരിമ്പ കൃഷിഭവന്റെ കർഷക പരിശീലന പരിപാടി. കല്ലടിക്കോട് എൻ.എസ് ഹാളിൽ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ മാത്യൂസ് ഉദ്ഘാടനം ചെയ്തു.
മികച്ച നെൽകർഷകൻ, മികച്ച വനിതാകർഷക, തേനീച്ച കർഷകൻ, ക്ഷീര കർഷകൻ, യുവകർഷകൻ, വിദ്യാർത്ഥി കർഷകൻ തുടങ്ങി കൃഷി രംഗത്ത് ശ്രദ്ധേയ പ്രവർത്തനങ്ങൾ നടത്തിയവരെ ചടങ്ങിൽ ആദരിച്ചു. 'ശാസ്ത്രീയ പുരയിട കൃഷി-സുരക്ഷിത കീടനാശിനി പ്രയോഗരീതികൾ' എന്ന വിഷയത്തിൽ കൃഷിശാസ്ത്രജ്ഞൻ ശിവദാസൻ ക്ലാസെടുത്തു.
കാർഷിക മേഖലയിലെ വിവിധങ്ങളായ പ്രവർത്തനങ്ങൾ വീട്ടുവളപ്പിൽഎങ്ങനെ നടത്താം ,കുടുംബങ്ങളുടെ സഹായ സഹകരണത്തോടെ പുരയിട കൃഷി നടപ്പാക്കുന്നത് എങ്ങനെ? രാസവളങ്ങളും രസകീടനാശിനികളും പൂർണ്ണമായും ഒഴിവാക്കി വീട്ടുവളപ്പിലെ കൃഷിക്ക് ജൈവവളങ്ങൾ മാത്രം എങ്ങനെ ഉപയോഗിക്കാം. ഇത്തരം കൃഷി സാധ്യതകളെക്കുറിച്ച് പ്രസംഗകർ വിശദീകരിച്ചു.
പഞ്ചായത്ത് വികസന കാര്യ ചെയർപേഴ്സൺ പ്രിയ അധ്യക്ഷയായി. കൃഷി ഓഫീസർ പി.സാജിദലി, മുഹമ്മദ് ഹാരിസ്, ജിമ്മി മാത്യു, ശാന്തകുമാരി, പി.ജി.വത്സൻ, മണികണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു. പുനർജനി പദ്ധതി പ്രകാരം പച്ചക്കറി തൈ വിതരണവും നടത്തി.