Advertisment

കെ.എ.എസ്: മന്ത്രിസഭാ തീരുമാനം സ്വാഗതാര്‍ഹം: മുന്നാക്ക സംവരണ തീരുമാനത്തില്‍ നിന്ന് ഇടത് സര്‍ക്കാര്‍ പിന്‍മാറണം - വെല്‍ഫെയര്‍ പാര്‍ട്ടി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  കെ.എ.എസിന്റെ എല്ലാ സ്ട്രീമിലും സംവരണമേര്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള മന്ത്രിസഭാ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഇത് ജനകീയ പ്രക്ഷോഭങ്ങളുടെ വിജയമാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സമിതിയോഗം അഭിപ്രായപ്പെട്ടു.

Advertisment

എന്നാല്‍, സാമൂഹ്യമായും വിദ്യാഭ്യാസപരമായും മുന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിയമനങ്ങളില്‍ പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്താനുളള തീരുമാനത്തില്‍ നിന്ന് പിണറായി സര്‍ക്കാര്‍ പിന്‍മാറണം. രാജ്യത്തെ സാമൂഹ്യനീതി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ സംഘ്പരിവാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന മുന്നാക്ക സംവരണ നിയമത്തെ ഇടതുസര്‍ക്കാര്‍ പിന്തുണക്കരുത്.

ഭരണഘടനാ മൂല്യങ്ങള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ആ നിയമത്തിന് പിന്നിലുള്ളത്. സംവരണ വിഷയത്തില്‍ ആര്‍.എസ്.എസ് അജണ്ടകളാണ് ഇടതുസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. സംസ്ഥാന ഉദ്യോഗങ്ങളില്‍ ജനസംഖ്യാനുപാതത്തിലുമപ്പുറം ബഹുഭൂരിപക്ഷം തസ്തികകളും കരസ്ഥമാക്കിയിരിക്കുന്ന വിഭാഗങ്ങള്‍ക്ക് പത്തു ശതമാനം സംവരണം ഉറപ്പാക്കുക വഴി നവോത്ഥാന മൂല്യങ്ങളെയാണ് തകര്‍ക്കുന്നത്.

സര്‍ക്കാര്‍ മുന്നാക്ക സംവരണ നീക്കവുമായി മുന്നോട്ടുപോയാല്‍ ശക്തമായ പ്രക്ഷോഭങ്ങളിലൂടെ നേരിടും. സംസ്ഥാന സര്‍വ്വീസിലുള്ള ഉദ്യോഗസ്ഥരുടെ ജാതി തിരിച്ചുള്ള കണക്ക് സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് കെ.സി.നാസർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ, ജില്ലാ ജനറൽ സെക്രട്ടറി അജിത് കൊല്ലങ്കോട്, ട്രഷറർ എ.ഉസ്മാൻ , വൈസ് പ്രസിഡണ്ടുമാരായ പി. ലുഖ്മാൻ, ഹാജറ ഇബ്രാഹിം, സെക്രട്ടറിമാരായ എം.പി.മത്തായി മാഷ്, എം.എ.മൊയ്തീൻ കുട്ടി, ആസിയ റസാഖ് എന്നിവർ സംസാരിച്ചു.

Advertisment