Advertisment

ഗാന്ധിമാർഗ്ഗ പ്രവർത്തകരുടെ ദേശീയ ഉപവാസ പ്രാർത്ഥനായജ്ഞം നാളെ

New Update

പാലക്കാട്:  ലോക്ഡൗണിനെയും ഗവണ്‍മെന്‍റുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന സുരക്ഷാ നിര്‍ദേശങ്ങളെയും പൂര്‍ണമായി ആദരിച്ച് കേരള സർവോദയ മണ്ഡലത്തിന്റെ നേതൃത്വത്തിൽ ഗാന്ധിമാർഗ്ഗ പ്രവർത്തകർ ഉപവാസ പ്രാർത്ഥനായജ്ഞം നടത്തും.

Advertisment

ഏപ്രില്‍ 2 ന്‌ വ്യാഴം രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണി വരെ ഓരോരുത്തരും സ്വഭവനങ്ങളിലായിരിക്കും ഉപവാസത്തിൽ ഏര്‍പ്പെടുക.

ദുരിതത്തിലാണ്ട ജനതയോട് ഐക്യദാര്‍ഢ്യപ്പെടുന്നതിനും കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്‍റുകളോടുള്ള സഹകരണ മനോഭാവം വ്യക്തമാക്കുന്നതിനുമാണ് ഉപവാസ പ്രാർത്ഥനാ യജ്ഞം.

ഗാന്ധിയന്‍ കളക്ടിവ് ഇന്ത്യയുടെ നേതൃത്വത്തിൽ ജനാധിപത്യ-പുരോഗമനാത്മക ഗ്രൂപ്പുകളുമായി ചേര്‍ന്ന് നടത്തുന്ന ദേശീയ ഉപവാസ പ്രാർത്ഥനാ യജ്ഞത്തിന്റെ ഭാഗമായാണ് ഈ പരിപാടി.

മാനവവംശം ഇന്നോളം അഭിമുഖീകരിച്ചിട്ടില്ലാത്ത ദുരന്തത്തെ അഭിമുഖീകരിക്കുന്ന സമയമാണിത്. ജനങ്ങളും കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്‍റുകളും ഒത്തു ചേര്‍ന്ന് ഇതിനെ സാധ്യമായത്ര കാര്യക്ഷമതയോടെ അതിജീവിക്കുന്നതിനു പരിശ്രമിക്കുകയുമാണ്.

ഗവണ്‍മെന്‍റുകളുടെ അറ്റകൈ നടപടിയായ ദേശീയ ലോക്ഡൗണ്‍ പോലെയുള്ള തീരുമാനങ്ങളെ നമ്മള്‍ അംഗീകരിക്കുകയും അവയോടു സഹകരിക്കുകയും ചെയ്യേണ്ടത് എന്തുകൊണ്ടും ആവശ്യമാണ്.

ഉപവാസത്തിലും പ്രാര്‍ഥനയിലും ധ്യാനത്തിലും ഏര്‍പ്പെടുമ്പോള്‍ തന്നെ കൊറോണ ഭീഷണിയെ പ്രാദേശിക, ദേശീയ തലങ്ങളില്‍ നേരിടുന്നതിനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍, അധിക ദുരിതങ്ങളിലും ക്ലേശങ്ങളിലും നിന്ന് സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ രക്ഷിക്കുന്നതിനുള്ള കര്‍മപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുമുണ്ട്.

കൊറോണ ഭീഷണിയെ നേരിടുന്നതിന് മുന്നില്‍ നിന്നു പ്രയത്നിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണതൊഴിലാളികള്‍, ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥര്‍, പോലീസ് അധികൃതര്‍ എന്നിവരുടെ നിസ്വാര്‍ഥ സേവനങ്ങളെ ഞങ്ങള്‍ ആദരിക്കുകയും അവരോട് നന്ദി അറിയിക്കുകയും ചെയ്യുന്നു.

ഗാന്ധിമാർഗ്ഗത്തിൽ വിശ്വാസമുള്ള പൗരൻമാർ ഉപവാസ പ്രാർത്ഥനാ യജ്ഞത്തില്‍ ഞങ്ങള്‍ക്കൊപ്പം പങ്കുചേരണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.

Advertisment