വിദ്യാർഥികൾക്ക് മൺപാത്ര നിർമാണം പരിചയപ്പെടുത്തി കോട്ടോപ്പാടം ഹൈസ്കൂൾ

സമദ് കല്ലടിക്കോട്
Thursday, November 8, 2018

കോട്ടോപ്പാടം:  കാലഹരണപ്പെട്ടു പോകുന്ന മൺപാത്രനിർമാണം വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി ശ്രദ്ധേയമാവുകയാണ് കോട്ടോപ്പാടം കെ.എ.എച്ച്.ഹൈസ്കൂൾ. അലൂമിനിയം, സ്റ്റീൽ തുടങ്ങിയ പാത്രങ്ങൾക്ക് മൺപാത്രങ്ങൾ വഴിമാറിയപ്പോൾ വിസ്മൃതിയിലേക്ക് മാഞ്ഞുപോകുന്ന കുലത്തൊഴിലിനെയാണ് സ്കൂളിലെ ദേശീയ ഹരിതസേനയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തിയത്.

“പ്രകൃതിയിലേക്ക് നടക്കാം”പദ്ധതിയുടെ ഭാഗമായാണ് വിദ്യാർഥികൾ അനുഭവത്തിലൂടെ നേരിട്ടറിഞ്ഞത്. മൺകല നിർമാണ വിദഗ്ധൻ കൃഷ്ണദാസ് കണ്ണമ്പുള്ളി കളിമണ്ണ് കൊണ്ട് സുന്ദരമായ ചട്ടിയും കൂജയും പൂച്ചട്ടിയും നിർമിച്ചപ്പോൾ കുട്ടികൾ കാഴ്ചക്കാരാവാതെ നിർമാണത്തിൽ സഹായികളുമായി.

മൺപാത്രം ഉണ്ടാക്കാം എന്ന് കേട്ടിട്ടേ ഉള്ളൂവെന്നും നിർമിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നതെന്നും വിദ്യാർഥികൾ പറഞ്ഞു. അക്ഷരങ്ങളിൽനിന്ന് അനുഭവത്തിലേക്ക് മാറിയ മൺപാത്ര നിർമാണം കുട്ടികൾ ആവേശത്തോടെയാണ് ഏറ്റെടുത്തത്.

വിദ്യാർഥികൾക്ക് മണ്ണിന്റെ ഉപയോഗമോ കുലത്തൊഴിലോ അറിയില്ല. അതിനാൽ ഇവ നേരിട്ട് മനസ്സിലാക്കാൻ വേണ്ടിയാണ് ഈ തെരഞ്ഞെടുത്തതെന്ന് ഹരിതസേനാ കോ-ഓർഡിനേറ്റർ പി.ശ്രീധരൻ പറഞ്ഞു. പരിശീലനവും പ്രദർശനവും വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ശ്രീകുമാർ പേരേഴി ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപിക എ.രമണി അധ്യക്ഷയായി.പ്ലസ് വൺ വിദ്യാർത്ഥി കെ.പി. വൈഷ്ണവ് ചുരുങ്ങിയ ചെലവിൽ നിർമ്മിച്ച ബാറ്ററിയിൽ പ്രവർത്തിക്കുന്ന പുുല്ല് വെട്ടുയന്ത്രത്തിന്റെെ സമർപ്പണം പി..ടി.എ പ്രസിഡണ്ട് കെ.ബാവക്ക് നൽകി സോഷ്യൽ ഫോറസ്ട്രി എസ്.എഫ.ഒ എം.പി.ജേക്കബ് നിർവ്വഹിച്ചു.

പി.ശ്രീധരൻ,ടി.ടി.ഉസ്മാൻ ഫൈസി, എ.പി.അനീഷ്,എം.മുംതാസ് മഹൽ,ജി.അമ്പിളി, ഹമീദ് കൊമ്പത്ത്, കെ.മൊയ്തുട്ടി,തരുൺ സെബാസ്റ്റ്യൻ,മുഹമ്മദ് സാലിം പ്രസംഗിച്ചു.

×