കൃഷി വിജയകരം: ചൂരിയോട് പാടത്ത് വീണ്ടും കൊയ്ത്തുത്സവം

സമദ് കല്ലടിക്കോട്
Friday, February 8, 2019

തച്ചമ്പാറ:  തരിശ് നിലത്ത് നൂറ് മേനി വിളയിച്ച് ചരിത്രം തിരുത്തിയ തച്ചമ്പാറ പഞ്ചായത്തിലെ ചൂരിയോട് പാടത്ത് വീണ്ടും കൊയ്ത്തുത്സവം നടന്നു. പത്ത് വർഷത്തിലേറെയായി തരിശായി കിടന്നിരുന്ന ചൂരിയോടിലെ 13 ഏക്കർ സ്ഥലത്താണ് തച്ചമ്പാറയിലെ കർഷകരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ മൂന്നാം തവണയും വിജയം കൈവരിച്ചത്.

നെൽകൃഷി നഷ്ടമായതോടെയാണ് സ്ഥലയുടമകൾ കൃഷി ഉപേക്ഷിച്ചത്. മൂന്നു വർഷം മുൻപ് പത്തോളം കർഷകർ ചേർന്നുള്ള കൂട്ടായ്മ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തു. തുടർന്ന് എള്ള് വിതച്ചു. എല്ലാം വിജയകരമായിരുന്നു. കഴിഞ്ഞ വർഷവും കൃഷി വിജയകാരമായിരുന്നു.

രാജൻ, സേതുമാധവൻ,ആലി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കർഷക കൂട്ടായ്മയാണ് ഇത്തവണ കൃഷി നടത്തിയത്. പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്നുള്ള പൊന്മണി എന്ന ഇനം വിത്താണ് കൃഷി ചെയ്തത്. സ്ഥലം ഒരുക്കിയത് മുതൽ കൊയ്ത്ത് വരെയും യന്ത്ര സഹായത്തോടെ കാർഷിക കർമ സേനയും കർഷക കൂട്ടായ്മയുമാണ് നടത്തിയത്.

കൊയ്ത്ത് കഴിഞ്ഞ ശേഷം ഇവിടെ പയർ കൃഷി ചെയ്യും. കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് പി. ഫിർദൗസ ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജു പഴുക്കാത്തറ അധ്യക്ഷത വഹിച്ചു.

ആരോഗ്യ ക്ഷേമ കാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ നൗഷാദ് ബാബു, വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പലത, മെമ്പർമാരായ എം രാജഗോപാൽ, കെ.ടി. സുജാത, രമണി, കൃഷി ഓഫീസർ എസ് ശാന്തിനി, അസിസ്റ്റന്റ് ഓഫീസർ ശന്തിൽ കുമാർ, പഞ്ചായത്ത്‌ സെക്രട്ടറി ഷിനൽ എന്നിവർ പ്രസംഗിച്ചു.

×