Advertisment

സ്ത്രീകളുടെ അവകാശങ്ങൾക്കായി കുടുംബശ്രീ ജൻഡർ റിസോഴ്സ് സെന്ററുകൾ

New Update

പാലക്കാട്:  സ്ത്രീകളുടെ അവകാശ സംരക്ഷണവും സ്ത്രീ ശാക്തീകരണവും ലക്ഷ്യം വെച്ച് കുടുംബശ്രീക്ക് കീഴിൽ പ്രവർത്തിക്കുന്ന ജൻഡർ റിസോഴ്സ് സെന്ററുകൾ കൂടുതൽ ഊർജിതപ്പെടുത്തുക വഴി ജില്ലയെ വനിതാ സൗഹൃദമാക്കാൻ ജില്ലാ പഞ്ചായത്തും കുടുംബശ്രീയും കൈകോർക്കുന്നു.

Advertisment

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിവിധ സംവിധാനങ്ങൾക്കും സ്ഥാപനങ്ങൾക്കും വനിതാ വികസന ക്ഷേമ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാർഗ നിർദേശവും വൈദഗ്ധ്യവും പിന്തുണയും പരിശീലനവും നൽകിവരുന്ന അൻപത് ജൻഡർ റിസോഴ്സ് സെന്ററുകളാണ് നിലവിൽ കുടുംബശ്രീക്ക് കീഴിലുള്ളത്.

ഇതിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലേക്കായി ജില്ലാ പഞ്ചായത്തിന് കീഴിൽ 2019-20 സാമ്പത്തിക വർഷത്തിൽ ഫണ്ട് അനുവദിച്ചു. ഇരുപത് സി.ഡി. എസുകൾക്കായി എട്ട് ലക്ഷം രൂപയാണ് വകയിരുത്തിയത്.

കൂടാതെ, ഓരോ ബ്ലോക്കിലും കമ്മ്യൂണിറ്റി കൗൺസിലിംഗ് സെന്ററുകൾ സ്ഥാപിക്കുന്നതിലേക്കായി പതിമൂന്ന് ബ്ലോക്കുകൾക്കുമായി രണ്ട് ലക്ഷത്തി അറുപതിനായിരം രൂപയും അട്ടപ്പാടി മേഖലയിൽ പ്രത്യേക മിനി സ്നേഹിത സ്ഥാപിക്കുന്നതിനായി ഒരു ലക്ഷത്തി അയ്യായിരത്തി ഇരുനൂറ് രൂപയും ജില്ലാ പഞ്ചായത്ത് നൽകി.

മാനസികവും ശാരീരികവുമായി പീഡനമേൽക്കേണ്ടി വരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ കൗൺസിലിംഗും നിയമസഹായങ്ങളും ആരോഗ്യ ബോധവൽക്കരണ ക്ലാസും ഇതുവഴി ലഭ്യമാക്കും. സ്ത്രീകളുടെ ഉന്നമനത്തിനാവശ്യമായ പഠനങ്ങളും സെമിനാറുകളും ബോധവൽക്കരണ ക്ലാസുകളും ജൻഡർ റിസോഴ്സ് സെന്ററുകൾ വഴി ജില്ലയിൽ സംഘടിപ്പിച്ചു വരുന്നുണ്ട്.

സ്ത്രീകളുടെ നൈപുണ്യ വികസനത്തിനും വിദഗ്ദ്ധ തൊഴിൽ മേഖല കണ്ടെത്തി പരിശീലനം നൽകുക,വ്യക്തിഗത കൗണ്സിലിംഗ്, ഗ്രൂപ് കൗണ്സിലിംഗ് എന്നിവ നൽകുന്നതിനായി വിദഗ്ധ പാനൽ രൂപീകരിക്കുക, അക്കാദമിക് സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് വിവിധ കോഴ്സുകൾ, ഗവേഷണങ്ങൾ എന്നിവ നടത്തുക,

വിവിധ വകുപ്പ് ഉദ്യോഗസ്ഥർ,ജനപ്രതിനിധികൾ തുടങ്ങിയ പല മേഖലയിലുള്ളവർക്ക് ജൻഡർ അവബോധ പരിശീലനം നൽകുക, അതിക്രമങ്ങൾക്കോ ചൂഷണങ്ങൾക്കോ വിധേയരായ സ്ത്രീകൾക്കാവശ്യമായ പിന്തുണ മറ്റ് സേവന ദാതാക്കളുമായി സംയോജിച്ച് നൽകുക,

സർക്കാർ നൽകുന്ന വിവിധ സേവനങ്ങൾ, വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യക്കാർക്ക് ബൽകാൻ കഴിയുന്ന ഒരു കേന്ദ്രമായി പ്രവർത്തിക്കുക എന്നീ സേവനങ്ങൾ ജൻഡർ റിസോഴ്സ് സെന്ററുകൾ വഴി ജില്ലയിൽ നൽകിവരുന്നു.

പ്രാദേശിക ജൻഡർ റിസോഴ്സ് സെന്ററുകളുടെ അപെക്സ് ലെവൽ ബോഡി എന്ന നിലയിൽ ജില്ലാ പഞ്ചായത്ത് ഓഫീസിൽ ജില്ലാ ജൻഡർ റിസോഴ്സ് സെന്റർ പ്രവർത്തിച്ചു വരുന്നുണ്ട്. അതിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി വിവിധ വിഷയങ്ങളിൽ വിദഗ്ധരായ ഇരുപത് പേരടങ്ങുന്ന ഒരു കോർ ടീം രൂപീകരിച്ചിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷയും കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കൺവീനറും ജൻഡർ സ്റ്റഡീസ്, വിമൺ സ്റ്റഡീസ് എന്നീ മേഖലകളിലെ വിദഗ്ദർ ജെൻഡർ പ്രവർത്തനങ്ങളിൽ അനുഭവസമ്പത്തുള്ളവർ, വനിതാ സെൽ സി.ഐ., ലീഗൽ അതോറിറ്റി പ്രതിനിധി, വനിതാ വികസന ഓഫീസർ എന്നിവരാണ് ഈ സംഘത്തിലുള്ളത്.

സമൂഹത്തിൽ സ്ത്രീ സുരക്ഷ കൂടുതൽ ഉറപ്പു വരുത്തുവാനും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിനും സഹായകരമാവുന്ന ഈ സംവിധാനം വഴി വനിതാ സൗഹൃദ ജില്ലയെ പടുത്തുയർത്താനാകും.

Advertisment