Advertisment

നിഷ്കളങ്കതയുടെ സൗന്ദര്യത്തിന് നിറം പകർന്ന് കുടുംബശ്രീ ബഡ്‌സ് ഫെസ്റ്റ് 'ഇന്നസെൻസ് 2020'. ആലത്തൂർ ബഡ്‌സ് സ്കൂൾ ഒന്നാമത്

New Update

പാലക്കാട്:  നിഷ്കളങ്കതയുടെ സൗന്ദര്യത്തിന് കൂടുതൽ നിറം പകർന്ന കുടുംബശ്രീ ബഡ്‌സ് ഫെസ്റ്റ് 'ഇന്നെസെൻസ് 2020' ജില്ലാ കലോത്സവത്തിൽ മുപ്പത് പോയിന്റോടെ ആലത്തൂർ ബഡ്‌സ് സ്കൂൾ ഒന്നാം സ്ഥാനത്തെത്തി.

Advertisment

24 പോയിന്റോടെ കരിമ്പ ബി.ആർ.സി. രണ്ടാം സ്ഥാനവും 19 പോയിന്റുമായി തൃത്താല ബി.ആർ.സി. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഗവ. മോയൻസ് എൽ.പി.സ്കൂൾ, ചെമ്പൈ സംഗീത കോളേജ് എന്നിവിടങ്ങളിൽ വെച്ച് നടന്ന കലോത്സവം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്തു.

publive-image

മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയരാൻ ആത്മവിശ്വാസവും കരുത്തും നൽകുന്ന ഇത്തരം പരിപാടികൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

അവരുടെ ഉന്നമനത്തിനു വേണ്ടി ഭിന്ന ശേഷിയുള്ള വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് തൊഴിലവസരം സൃഷ്ടിക്കുവാനും ബഡ്‌സ് സ്ഥാപനങ്ങളിലെ ജലലഭ്യത ഉറപ്പു വരുത്തുവാനുമുള്ള നടപടികൾ എടുക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

ജില്ലയിലെ ബഡ്‌സ് സ്ഥാപനങ്ങളിലെ ഭിന്ന ശേഷിയുള്ള വിദ്യാർഥികളുടെ മാനസിക ഉല്ലാസവും സർഗ ശേഷി വികാസവും ലക്ഷ്യം വെച്ച് കിടുംബശ്രീയുടെ പിന്തുണയോടു കൂടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന 25 ബഡ്‌സ് സ്ഥാപനങ്ങളിലെ മത്സരാർഥികളാണ് ബിഥോവൻ, ഹോക്കിങ്‌സ്, ഹെലൻ കെല്ലർ എന്നീ പേരുകളിൽ ഒരുക്കിയിരിക്കുന്ന വേദികളിൽ മാറ്റുരച്ചത്.

ലളിത ഗാനം, നാടോടി നൃത്തം, പ്രച്ഛന്ന വേഷം, മിമിക്രി, നാടൻ പാട്ട് തുടങ്ങി പതിമൂന്ന് ഇനങ്ങളിലായി മുന്നൂറോളം മത്സരാർഥികളാണ് പങ്കെടുത്തത്. പ്രധാന വേദിയായ 'ബിഥോവനി'ൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഷാഫി പറമ്പിൽ എം.എൽ.എ. അധ്യക്ഷത വഹിച്ചു.

publive-image

കെ.വി. വിജയദാസ് എം.എൽ.എ., നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. ബിന്ദു, വാർഡ് കൗൺസിലർ റിസ്വാന, കുടുംബശ്രീ ഗവേർണിങ് ബോഡി അംഗം റിഷാ പ്രേംകുമാർ തുടങ്ങിയവർ പങ്കെടുത്തു.

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി. സൈതലവി സ്വാഗതവും അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ പഴനി സ്വാമി എസ്. എൻ. നന്ദിയും പറഞ്ഞു.

വൈകീട്ട് നടന്ന സമാപന സമ്മേളനവും സമ്മാനദാനവും ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ. ബിനുമോൾ ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി. പി. രഘുനാഥ് അധ്യക്ഷത വഹിച്ചു.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. എം. പുഷ്പജ,അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ ഹാരിഫാ ബീഗം, ജില്ലാ പ്രോഗ്രാം മാനേജർ ഡാൻ ജെ. വട്ടോളി തുടങ്ങിയവർ സംസാരിച്ചു.

Advertisment