ഓരോ വീട്ടിലും കറിവേപ്പ് തൈകള്‍: വിഷ രഹിത കറിവേപ്പ് ഗ്രാമം പദ്ധതിയുമായി മൂച്ചിക്കല്‍ സ്‌കൂള്‍

സമദ് കല്ലടിക്കോട്
Tuesday, January 8, 2019

എടത്തനാട്ടുകര:  കടകളില്‍ നിന്നും വാങ്ങുന്ന കറിവേപ്പിലകളില്‍ അടങ്ങിയിരിക്കുന്ന മാരക കീടനാശിനെകളെക്കുറിച്ച് ബോധവല്‍ക്കരിച്ച് സ്വന്തം വീടുകളില്‍ കറിവേപ്പ് തൈ നട്ടുപ്പിടിപ്പിച്ച് വിഷ രഹിത കറിവേപ്പില ഗ്രാമം സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. സ്‌കൂളിനു കീഴില്‍ ‘വിഷരഹിത കറിവേപ്പില ഗ്രാമം’ പദ്ധതിക്ക് തുടക്കമായി.

മലയാളികള്‍ ഒട്ടു മിക്ക കറികള്‍ക്കും രുചി കൂട്ടാനായി ചേര്‍ക്കുന്ന കറിവേപ്പിലയില്‍ പുഴു വരാതിരിക്കാനും ഇലക്ക് കേടു വരാതിരിക്കാനുമായി തളിക്കുന്ന എത്തിയോണ്‍, ക്ലോര്‍പൈരിഫോസ്, പ്രോനിഫോസ് തുടങ്ങിയമാരക കീടനാശിനികളെക്കുറിച്ച് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബോധവല്‍ക്കരിച്ച് വീടുകളില്‍ തന്നെ കറിവേപ്പ് തൈ വച്ചുപിടിപ്പിക്കാന്‍ സഹായമൊരുക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂള്‍ മന്ത്രിസഭയിലെ കൃഷിവകുപ്പിനു കീഴിലാണ് പദ്ധതി നടപ്പിലാക്കിയത്.

പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ ചുറ്റുപാടിലെ4, 5, 21 വാര്‍ഡുകളില്‍ നിന്നുമുള്ള 160 വീടുകളില്‍ കറിവേപ്പ് മരത്തെക്കുറിച്ച് സര്‍വ്വെ നടത്തി. അധ്യാപകരും വിദ്യാര്‍ഥികളും നൂറോളം കറി വേപ്പ് തൈകള്‍ ശേഖരിച്ച് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു. നടീല്‍ രീതികളെക്കുറിച്ചും കറിവേപ്പ് തൈ പരിചരണത്തെക്കുറിച്ചുംഅധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.

സ്‌കൂള്‍ വര്‍ഷാവസാനം കറി വേപ്പ് തൈകളുടെ വളര്‍ച്ച രേഖപ്പെടുത്തി, നന്നായി പരിപാലിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സമ്മാനമടക്കമുള്ള പ്രോത്സാഹനങ്ങള്‍ നല്‍കുന്നരൂപത്തിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിയത്.

ഗ്രാമ പഞ്ചായത്ത് അംഗം സി. മുഹമ്മദാലി സ്‌കുള്‍ മുഖ്യമന്ത്രി എം. ഷദക്ക് കറിവേപ്പ് തൈ നല്‍കി ‘വിഷരഹിത കറിവേപ്പില ഗ്രാമം’ പദ്ധതി ഉല്‍ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ് ഒ. മുഹമ്മദ് അന്‍വര്‍ അധ്യക്ഷത വഹിച്ചു.

സീനിയര്‍ അസിസ്റ്റന്റ് സി. കെ. ഹസീനാ മുംതാസ്, എന്‍. അലി അക്ബര്‍, പി. അബ്ദുസ്സലാം, കെ. രമാ ദേവി, പി. ജിഷ എന്നിവര്‍ പ്രസംഗിച്ചു.

പ്രധാനാധ്യാപിക എ. സതീ ദേവി, അധ്യാപകരായ എ. സീനത്ത്, സി. ജമീല, ഇ. പ്രിയങ്ക, പി. പ്രിയ, കെ. ഷീബ, സ്‌കൂള്‍ കൃഷി വകുപ്പ് മന്ത്രിമാരായ പി. അജ്‌വദ്, പി. അഷ്മില്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി.

×