Advertisment

വായന നല്‍കുന്ന ആഹ്ളാദാനുഭവത്തെ അർത്ഥ പൂർണമാക്കാൻ സംസ്ഥാനത്ത് ആദ്യമായി കുട്ടി ഷെൽഫ് പദ്ധതി

New Update

മണ്ണാർക്കാട്:   പുസ്തക വായനക്കും ചര്ച്ചക്കും ക്ലാസ് റൂം ലൈബ്രറി തുടർപ്രവർത്തനങ്ങളുമായി സംസ്ഥാനതലത്തിൽ മാതൃകയാക്കാവുന്ന വ്യത്യസ്തമായ നീക്കവുമായി മണ്ണാർക്കാട് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹൈസ്‌കൂൾ.

Advertisment

വിദ്യാർത്ഥികൾ അധ്യാപകരുടെ പ്രേരണയില്ലാതെ സ്വാഭാവികമായി വായനയിലേക്കും തുടർന്ന് സാഹിത്യ രംഗത്തേയ്ക്കും എത്തിക്കുക എന്നതാണ് 8G ക്ലാസിൽ ആരംഭിച്ച പദ്ധതിയുടെ ലക്ഷ്യം.

publive-image

വായനയുടെ അന്തരീക്ഷം ക്ലാസ് റൂമിൽ സൃഷ്ടിക്കുകയും പുസ്തകങ്ങൾ എടുക്കാൻ പ്രചോദനം ഉണ്ടാക്കുകയും വേണം എന്ന കണ്ടെത്തലിനെ തുടർന്നാണ് ക്ലാസ് അധ്യാപകനായ സജീവ് ജോർജും പ്രധാന അധ്യാപിക കെ .എം സൗദത്ത് സലീമും സഹഅധ്യാപകരും ഇതിനായി മുന്നിട്ടിറങ്ങിയത്.

പാഠ്യേതര വായനകളിലെ പ്രതിസന്ധികളെ ലളിതമായി അക്കാദമിക പ്രവർത്തനങ്ങളിൽ തടസം സൃഷ്ടിക്കാതെ കൊണ്ടുപോവുക, ക്ലാസ് റൂം ലൈബ്രറികളിൽ സമാഹരിക്കുന്ന പുസ്തകങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുക, പുസ്തകങ്ങൾ വാങ്ങിക്കുക, വാങ്ങിയവ പരസ്പരം പങ്കുവെയ്ക്കുക, വീട്ടിലൊരു ലൈബ്രറി സ്വാഭാവികമായി ഉണ്ടാക്കുക, സാഹിത്യരചനകൾ നടത്തുക, തുടങ്ങിയവയിലേക്ക് സ്വയം സജ്ജരാകാൻ കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കുക ഇതൊക്കെയാണ് കുട്ടി ഷെൽഫ് പദ്ധതിയുടെ ലക്ഷ്യം.

ക്ലാസ് ടീച്ചർ രക്ഷാധികാരിയായും ഒരു വിദ്യാർത്ഥി ലൈബ്രേറിയനും നാലു പേർ ലൈബ്രറി കൗൺസിൽ അംഗങ്ങളായും സമിതി രൂപീകരിച്ചു. കുട്ടികളും ക്ലാസ് ടീച്ചറും ചേർന്ന് നിയമാവലിയും തയ്യാറാക്കി.

പാഠ്യേതര പരീക്ഷണങ്ങളിൽ കുട്ടികളുടെ ഉത്തരവാദിത്വവും ചലനാത്മകതയും വായനയിലുള്ള താൽപ്പര്യവും വർദ്ധിക്കുന്നതായി അധ്യാപകർക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അടുത്ത അധ്യയന വർഷത്തിൽ 'കുട്ടി ഷെൽഫ് പദ്ധതി' എല്ലാ ക്ലാസിലേക്കും വ്യപിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് അധ്യാപകർ.

വായന കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വായനയെ ഉയർത്തിക്കൊണ്ടു വരാനും പുതു തലമുറയ്ക്ക് നല്ലൊരു ഭാവി വാഗ്ദാനം ചെയ്തു കൊണ്ടാണ് പുസ്തക വായനക്ക് കുട്ടികൾ തന്നെ മുന്നോട്ടു വന്നിരിക്കുന്നത്.

വായനാശീലം രക്ഷിതാക്കളുടെ സഹകരണത്തോടെ വർധിപ്പിക്കുകയെന്നതും നഷ്ടപ്പെട്ടുപോകുന്ന സാമൂഹിക ബന്ധങ്ങളെ തിരിച്ചുപിടിക്കുകയെന്നതും ഈ ഉദ്യമത്തിനു പിന്നിലുണ്ട്.

Advertisment