ഒറ്റപ്പാലത്ത് നാലാമത് ഡയലോഗ് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം 19 മുതൽ

സമദ് കല്ലടിക്കോട്
Saturday, January 12, 2019

ഒറ്റപ്പാലം:  ഡയലോഗ് ഫിലിം സൊസൈറ്റി ഒറ്റപ്പാലം സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം ജനുവരി 19,20,21,22 തിയ്യതികളിലായി ഒറ്റപ്പാലത്ത് നടക്കും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യാ (കേരളം) എന്നിവയുടെ സഹകരണത്തോടെയാണ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചിട്ടുള്ളത്.

ലക്ഷ്മി തിയറ്റർ , ഫൺസിറ്റി തിയറ്റർ, മൃണാൾസെൻ ഓപ്പൺ തിയറ്റർ (നന്ദിലത്ത് പാർക്കിങ് ഏരിയ) എന്നിവിടങ്ങളിലാണ് പ്രദർശനങ്ങൾ നടക്കുന്നത്. നാല് ദിവസങ്ങളിലായി 10 ഷോർട്ട് ഫിലിമുകളും 2 ഡോക്യുമെന്ററികളും 31 ഫീച്ചർ സിനിമകളുമാണ് പ്രദർശിപ്പിക്കുന്നത്.

ലോക സിനിമാ വിഭാഗത്തിൽ റോമാ, കോൾഡ് വാർ, ബ്‌ളാക്ക്‌ലാൻസ്മാൻ, ജാമ്, എ ട്വൽവ് ഇയർ നൈറ്റ്, ദ ഹൗസ് ദാറ്റ് ജാക്ക് ബിൽറ്റ്, ഫോക്സ്‍ട്രോട്ട്, ദി അപ്പാരിഷൻ, പെലെ- ബർത്ത് ഓഫ് എ ലെജൻഡ്, സമ എന്നീ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും.

ഇന്ത്യൻ സിനിമാ വിഭാഗത്തിൽ വില്ലേജ് റോക്സ്റ്റാർ, പരിയേറും പെരുമാൾ, പെയിന്റിങ് ലൈഫ്, തുംബാദ്, മാന്റോ, ഏലി ഏലി ലമ്മ സബച്ച്ത്താനി, മെർക്ക് തുടർച്ചിമലൈ എന്നീ സിനിമകളും, മലയാള സിനിമ ഇന്ന് വിഭാഗത്തിൽ പദ്മിനി, ബിലാത്തിക്കുഴൽ, ഈ മ യൗ, സുഡാനി ഫ്രം നൈജീരിയ, ക ഖ ഗ ഘ ങ്ങ, എസ് ദുർഗ്ഗ, ഭയാനകം, ആളൊരുക്കം എന്നീ സിനിമകളും പ്രദർശിപ്പിക്കും.

അർച്ചന പദ്മിനി ക്യൂറേറ് ചെയ്യുന്ന 9 പെൺ സിനിമകളും (ഷോർട്ട് ഫിലിമുകൾ) മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഹോമേജ് വിഭാഗത്തിൽ ഭുവൻ ഷോം, ദി കൺഫെമിസ്റ്, പെരുന്തച്ചൻ എന്നീ സിനിമകൾ പ്രദർശിപ്പിക്കുന്നു. ബീഫോർ ദ ഫ്ളഡ്, ദി സ്ലെവ് ജെനിസിസ് എന്നീ ഡോക്യുമെന്ററികളും മിഡ്നൈറ് റൺ എന്ന ഷോർട്ട് ഫിലിമും മേളയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

19 ന് വൈകുന്നേരം 4:30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ എം ബി രാജേഷ് എം പി, ഇന്ദ്രൻസ്,ആർ പി അമുദൻ, ചെമ്പൻ വിനോദ്, അനിൽ രാധാകൃഷ്ണൻ മേനോൻ, വി കെ ജോസഫ്, എം ഹംസ, ഇ രാമചന്ദ്രൻ എന്നിവർ പങ്കെടുക്കും.

ജനുവരി 20ന് വൈകുന്നേരം 4:30 ന് നടക്കുന്ന ഓപ്പൺ ഡയലോഗിൽ ” സിനിമയും നവോത്‌ഥാനവും” എന്ന വിഷയത്തിൽ സജിത മഠത്തിൽ, ഡോ. ബിജു, പി എൻ ഗോപികൃഷ്ണൻ, അർച്ചന പദ്മിനി, ഡോ. സംഗീത ചേനമ്പുള്ളി എന്നിവർ സംസാരിക്കും.

ജനുവരി 21 ന് വൈകുന്നേരം 4:30ന് നടക്കുന്ന ഓപ്പൺ ഡയലോഗിൽ “പെൺ സിനിമകളുടെ ഉൾക്കരുത്ത്” എന്ന വിഷയത്തിൽ അനു പാപ്പച്ചൻ, മൃദുലദേവി ശശിധരൻ, മധു ജനാർദ്ദനൻ എന്നിവർ പങ്കെടുക്കും.

ജനുവരി 22 ന് വൈകുന്നേരം 4:30 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പി ഉണ്ണി എം എൽ എ , വി കെ ശ്രീരാമൻ, മധുപാൽ, സക്കറിയ മുഹമ്മദ്, എസ് അജയകുമാർ, ജി പി രാമചന്ദ്രൻ എന്നിവർ സംബന്ധിക്കും.

ഷെറി ഗോവിന്ദൻ, ജിജു ആന്റണി, പവൻ കുമാർ ശ്രീവാസ്തവ, വിനു കോലിച്ചാൽ എന്നീ സംവിധായകരുമായി മുഖാമുഖവും സംഘടിപ്പിക്കുന്നുണ്ട്.

ജനുവരി 22 ന് രാത്രി സമാപന സമ്മേളനത്തോടനുബന്ധിച്ച് സ്റ്റീഫൻ ദേവസ്സി നയിക്കുന്ന ഗ്രാന്റ് ഫിനാലെ മ്യുസിക്ക് ഇവന്റ് ഉണ്ടായിരിക്കുന്നതാണ് .

കേരള ചലച്ചിത്ര അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗം ജി പി രാമചന്ദ്രൻ, ഡയലോഗ് ഫിലിം സൊസൈറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ പി സുബൈദ, പ്രൊഫ. ജയകൃഷ്ണൻ വല്ലപ്പുഴ, ഫെസ്റ്റിവൽ ഡയറക്ടർ എൻ ദിനേഷ് ബാബു എന്നിവർ പങ്കെടുത്തു.

×