പ്രളയകാലത്ത് കേരളം നേടിയെടുത്ത ഐക്യം നിലനിർത്തണം – മന്ത്രി കെ.കൃഷ്ണൻകുട്ടി

ന്യൂസ് ബ്യൂറോ, പാലക്കാട്
Saturday, January 12, 2019

പാലക്കാട്:  നൂറ്റാണ്ടിലെ പ്രളയത്തെ കേരളം അതിജീവിച്ചത് കൂട്ടായ്മയും ഐക്യവും കൊണ്ടാണ്. അതിനെ തകർക്കാനുള്ള നീക്കങ്ങളെ കരുതിയിരിക്കണം. ദുരിതബാധിതരുടെ പുനരധിവാസ രംഗത്ത് പീപ്പിൾസ് ഫൗണ്ടേഷന്റേത് നിസ്തുല മാതൃക യാണെന്നും അദ്ദേഹം പറഞ്ഞു.

പീപ്പിൾസ് ഫൗണ്ടേഷൻ പാലക്കാട് സുന്ദരം കോളനിയിൽ സംഘടിപ്പിച്ച പ്രളയബാധിതർക്കുള്ള പുനരധിവാസ പദ്ധതി ജില്ലാതല പ്രഖ്യാപനവും തൊഴിൽ സഹായ വിതരണത്തിന്റെ ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ രക്ഷാധികാരി അബ്ദുൽ ഹകീം നദ്‌വി അധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ മുഹമ്മദ് അലി നിർവഹിച്ചു. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.

ആശംസകൾ അർപ്പിച്ചു കൊണ്ടു സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ, പീപ്പിൾസ് ഫൗണ്ടേഷൻ ജനറൽ കൺവീനർ അയൂബ്, പ്രളയ ദുരിതാശ്വാസ കോഓർഡിനേഷൻ കമ്മിറ്റി കൺവീനർ എം.സുലൈമാൻ, പാലക്കാട് നഗര സഭ കൗൺസിലർ സൗരിയത്ത് സുലൈമാൻ, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് പി.ലുക്മാൻ എന്നിവർ സംസാരിച്ചു.

നൗഷാദ് മുഹിയുദ്ധീൻ സ്വാഗതവും, പ്രോഗ്രാം കൺവീനർ അബ്ദുറസാഖ് നന്ദിയും പറഞ്ഞു.

×