Advertisment

വിനായകൻ കേസ് അട്ടിമറിക്കാൻ ശ്രമം: ഷംസീർ ഇബ്രാഹിം

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്:  പാവറട്ടിയിൽ ലോക്കപ്പ് മർദനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ദലിത് യുവാവ് വിനായകന്റെ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം അഭിപ്രായപ്പെട്ടു. "വിവേചനങ്ങളോട് വിയോജിക്കുക, വിധേയത്വങ്ങളോട് വിസമ്മതിക്കുക" എന്ന മുദ്രാവാക്യമുയർത്തി പ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സാഹോദര്യ രാഷ്ട്രീയ ജാഥക്ക് ഗവ.വിക്ടോറിയ കോളേജിൽ നൽകിയ സ്വീകരണത്തിൽ അഭിവാദ്യമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

കേരളത്തിലെ ലോക്കപ്പ് ഭീകരതയുടെ ഇരകൾ എന്നും ദലിതരായിരുന്നു. വിനായകൻ കേസിനെ തേച്ചുമായ്ച്ചു കളയാൻ ഉന്നതതലങ്ങളിൽ ശ്രമം നടക്കുന്നു. യഥാർഥ പ്രതികൾക്ക് ശിക്ഷ ലഭിക്കുന്നത്‌ വരെയുള്ള നിയമ പോരാട്ടത്തിന് സമൂഹം മുന്നിട്ടിറങ്ങണം. ജാതി വിവേചനവും മതത്തിന്റെ പേരിലുള്ള അപരവൽക്കരണം, ലിംഗ വിവേചനവും നിലനിൽക്കുന്ന കേരളം വ്യാജ പ്രബുദ്ധതയും മതേതരത്വവും അവകാശപ്പെടുകയാണ്. സാമൂഹിക വിവേചനങ്ങളെ ചെറുക്കുന്ന പുതുകാല രാഷ്ട്രീയത്തെ കാമ്പസുകൾ ചർച്ച ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഉന്നത വിദ്യാദ്യാസ മേഖലയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും ഗുണമേന്മ വർദ്ധിപ്പിക്കാനും എം.ജി, കാലിക്കറ്റ് സർവകലാശാല വികസിപ്പിച്ച് പുതിയ സർവകലാശാല രൂപീകരിക്കണം. യു.ജി.സി സർവകലാശാകൾക്ക് നിശ്ചയിച്ച അഫിലിയേറ്റഡ് കോളേജുകളുടെ പരിധിയുടെ ഇരട്ടിയിലധികമാണ് എം.ജി - കാലിക്കറ്റ് സർവകലാശാലകളിലെ അഫിലിയേറ്റഡ് കോളേജുകളുടെ എണ്ണം.

നാകിന്റെ എ പ്ലസ് ഗ്രേഡില്ലാത്തതിനാൽ അടുത്ത അധ്യയന വർഷം മുതൽ കേരളത്തിലെ ഒരു സർവകലാശാലക്കും വിദൂര വിദ്യാഭ്യാസ വിഭാഗം നടത്താനാവില്ല. സർവകലാശാലകളുടെ ഗുണമേന്മ വർദ്ധിപ്പിച്ച് പ്രശ്നം പരിഹരിക്കുന്നതിന് പകരം ഓപ്പൺ സർവകലാശാല രൂപീകരിച്ച് കുറുക്കുവഴിയിൽ മറികടക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു.

വിക്ടോറിയയിൽ ഗംഭീര സ്വീകരണമാണ് ജാഥക്ക് നൽകിയത്. സ്റ്റേഡിയത്ത് നിന്ന് ബൈക്ക് റാലിയുമായി വന്ന് മിഷൻ സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനമായാണ് ജാഥ കാമ്പസിലേക്ക് പ്രവേശിച്ചത്. യൂണിറ്റ് സെക്രട്ടറി നഹ് ല ക്യാപ്റ്റന് ഹാരാർപ്പണം നടത്തി ജാഥയെ കാമ്പസിലേക്ക് സ്വീകരിച്ചു.ജാഥ കാമ്പസിൽ വലയം വെച്ചു.യൂണിറ്റ് സെക്രട്ടറി നഹ് ല സ്വാഗതം പറഞ്ഞു.

സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ് നിസാർ സംസാരിച്ചു.ജില്ല പ്രസിഡന്റ് നവാഫ് പത്തിരിപ്പാല അധ്യക്ഷത വഹിച്ചു. ജാസ്മിൻ നന്ദി പ്രകാശിപ്പിച്ചു.നൂറു കണക്കിന് വിദ്യാർത്ഥികൾ സ്വീകരണത്തിൽ അണിനിരന്നു.കെ.എം സാബിർ അഹ്സൻ, റഷാദ് പുതുനഗരം, ഷഫീഖ് അജ്മൽ, സി.എം റഫീഅ, ഹിബ തൃത്താല, റഫീഖ് പുതുപ്പള്ളി തെരുവ് എന്നിവർ നേതൃത്വം നൽകി.

ജൂലൈ 8ന് ജില്ലയിലേക്ക് പ്രവേശിച്ച ജാഥ പട്ടാമ്പി,പാലക്കാട് സ്റ്റേഡിയം, മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജ് എന്നിവിടങ്ങളിലെയും സ്വീകരണം ഏറ്റുവാങ്ങി.

വിവിധ സ്വീകരണങ്ങളിലായി ജാഥാ അംഗങ്ങളായ മഹേഷ് തോന്നക്കൽ, എം.ജെ സാന്ദ്ര, ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് ഫസ്ന മിയാൻ, വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഗണേഷ് വടേരി, എം.സുലൈമാൻ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.സി നാസർ എന്നിവർ സംസാരിച്ചു.

ഫ്രറ്റേണിറ്റി കലാ സംഘം അവതരിപ്പിക്കുന്ന 'മഷി പുരളാത്ത കടലാസുകൾ' എന്ന തെരുവ് നാടകം വിവിധ കേന്ദ്രങ്ങളിൽ അവതരിപ്പിച്ചു. വിവിധ സാമൂഹിക കാരണങ്ങളാൽ വിവേചനത്തിന് വിധേയമാവുന്ന വിഭാഗങ്ങളുടെ പ്രശ്നങ്ങളും കാമ്പസ് ജന്മിത്വങ്ങളും നാടകത്തിൽ ചർച്ചയായി. സ്വീകരണങ്ങളിലുടനീളമുണ്ടായിരുന്ന ബൈക്ക് റാലിയും ബാൻറ് സെറ്റും ജാഥക്ക് മിഴിവേകി.

1991ൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട പാലക്കാട് പുതുപ്പള്ളി തെരുവിലെ സിറാജുന്നീസയുടെ കുടുംബത്തെ ജാഥ ക്യാപ്റ്റൻ സന്ദർശിച്ചു.

Advertisment