Advertisment

ഇടനിലക്കാരില്ലാതെ വിൽപന. ഇവിടെ കർഷകർ തന്നെ കച്ചവടക്കാർ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

തച്ചമ്പാറ:  "കർഷകരുടെ ഉല്പന്നങ്ങൾക്ക് യഥാർത്ഥ വില കിട്ടുന്നില്ല, ഇട നിലക്കാരാണ് ലാഭം കൊയ്യുന്നതെന്നാണ്" പൊതുവെ കാർഷിക മേഖലയിലെ പരാതി. എന്നാൽ തച്ചമ്പാറയിലെ കർഷകർക്ക് ഈ പരാതിയില്ല. ഇവർ ഉല്പാദിപ്പിക്കുന്നവ ഇവർ തന്നെ ഇടനിലക്കാരില്ലാതെ വില്പന നടത്തുകയാണ് ചെയ്യുന്നത്.

Advertisment

തച്ചമ്പാറ കൃഷി ഭവൻ, പച്ചക്കറി ക്ലസ്റ്റർ, ആത്മ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തച്ചമ്പാറ താഴെ കവലയിൽ ആഴ്ചയിൽ ആറു ദിവസവും കാർഷിക ഗ്രാമീണ ചന്ത നടത്തിയാണ് തച്ചമ്പാറ കർഷകർ തങ്ങളുടെ ഉല്പന്നങ്ങൾ വിറ്റഴിക്കുന്നത്.

publive-image

കർഷകരുടെ തനത് ഉത്പന്നങ്ങൾ, കുടുംബ ശ്രീ അംഗങ്ങളുടെ ഉത്പന്നങ്ങൾ, കുടിൽ വ്യവസായമായുണ്ടാക്കുന്ന വസ്തുക്കൾ എന്നിവ വിറ്റയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ജനുവരിയിൽ ഗ്രാമീണ ചന്ത തുടങ്ങിയത്. കർഷകരുടെ ഉത്പന്നങ്ങൾ അവർ നിശ്ചയിക്കുന്ന വിലയ്ക്ക് ഇടനിലക്കാരില്ലാതെ വില്പന നടത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയം ഭരണ പ്രദേശങ്ങളിലും ഗ്രാമീണ ചന്തകൾ തുടങ്ങിയിരുന്നു.

കുടുംബശ്രീയും കൃഷി ഭവനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമെല്ലാം ചേർന്ന് നടത്തുന്ന ഗ്രാമീണ ചന്തകൾക്ക് അടിസ്ഥാന സൗകര്യമൊരുക്കാനും പ്രവർത്തനങ്ങൾക്കും ഓരോ ലക്ഷംരൂപ വീതം സർക്കാർ നല്കുകയും ചെയ്തിരുന്നു. എന്നാൽ തൊണ്ണൂറ് ശതമാനം ഗ്രാമീണ ചന്തകളും ഇതിനകം പ്രവർത്തനം നിലച്ചു.

തച്ചമ്പാറയിൽ ബുധനാഴ്ച ദിവസങ്ങളിലായിരുന്നു തുടക്കത്തിൽ ചന്ത നടന്നിരുന്നത്. ഇപ്പോൾ ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ മുതൽ രാത്രി വരെ ചന്തയുണ്ട്. തച്ചമ്പാറ കൃഷി ഭവൻറെ കീഴിലുള്ള പച്ചക്കറി ക്ലസ്റ്റർ ഭാരവാഹികളാണ് നടത്തിപ്പുകാർ.

രാവിലെ ഓരോ കർഷകരും അവരുടെ ഉത്പന്നങ്ങൾ കൊണ്ടുവരും. വൈകുന്നേരത്തോടെ എല്ലാം വിറ്റഴിയും. പഞ്ചായത്തിലെ കർഷകരുടെ മിക്കവാറും പച്ചക്കറികളും ഇവിടെയാണ് വിറ്റഴിക്കുന്നത്. നാടൻ കോഴിമുട്ട, തേൻ, നാടൻ തൈര് തുടങ്ങിയവക്കും ഇവിടെ ആവശ്യക്കാർ ധാരാളമുണ്ട്. വാഴക്കുലയടക്കമുള്ളവ ഇവിടെനിന്നും വാങ്ങാൻ മൊത്ത വ്യാപാരികൾ പോലും വരുന്നുണ്ട്.

പരമാവധി വിലയും റൊക്കം പണവും കർഷകർക്ക് ലഭിക്കും. തച്ചമ്പാറ ആത്മ ഇക്കോഷോപ്പിനോടനുബന്ധിച്ചാണ് ഗ്രാമീണ ചന്ത നടക്കുന്നത്. പച്ചക്കറി ക്ലസ്റ്റർ ഭാരവാഹികളായ സുന്ദരൻ, ബിനോയ് ജേക്കബ്, എം.സുലൈമാൻ, ഗോപാകൃഷ്ണൻ തുടങ്ങിയവരാണ് ഗ്രാമീണ ചന്തക്ക് നേതൃത്വം കൊടുക്കുന്നത്.

Advertisment