കൃഷി വിജയത്തിന് സഹായിക്കുന്ന നാട്ടറിവുകള്‍. തച്ചമ്പാറയിൽ തനത് കിഴങ്ങ് വിള പ്രദർശനം തുടങ്ങി

സമദ് കല്ലടിക്കോട്
Friday, December 21, 2018

തച്ചമ്പാറ:  പുതിയ തലമുറ കേൾക്കുകപോലും ചെയ്യാത്ത കുരങ്ങ് കാച്ചിൽ, മുക്കിഴങ്ങ്, അടതാപ്പ്, കവലക്കിഴങ്ങ് തുടങ്ങി നിരവധി അപൂർവ്വയിനം കിഴങ്ങുകളടക്കം നിരത്തി കൃഷി അറിവിന്റെ വാതായനം തുറന്ന് തച്ചമ്പാറയിൽ തനത് കിഴങ്ങ് വർഗ്ഗ വിള പ്രദർശനം തുടങ്ങി.

പ്രകൃതിജന്യ വിഭവങ്ങളേയും ഗ്രാമീണ ജനതയുടെ നാട്ടറിവുകളേയും സംരക്ഷിക്കാൻ തച്ചമ്പാറ കൃഷി ഭവൻറെയും ആത്മ സൊസൈറ്റിയുടേയും നേതൃത്വത്തിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന തനത് കിഴങ്ങ് വർഗ്ഗ വിള പ്രദർശനം തച്ചമ്പാറ താഴെ ജംഗ്ഷനിലാണ് നടക്കുന്നത്. അപൂർവ്വയിനം കിഴങ്ങുകൾക്ക് പുറമെ അന്യം നിന്നുപോകുന്ന സസ്യങ്ങൾ, ദശപുഷ്പം, ഫല വൃക്ഷ തൈകൾ , പഴം – പച്ചക്കറികൾ തുടങ്ങിയവയും ഉണ്ട് .

നാട്ടറിവ് ശേഖരണം, വിത്ത് കൈമാറ്റം, പച്ചക്കറി തൈ വിതരണം മുതലായവയും നടക്കുന്നുണ്ട്. പ്രദർശനം പഞ്ചായത്ത് പ്രസിഡന്റ് പി.ഫിർദൗസ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജു പഴുക്കാത്തറ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എസ് ശാന്തിനി പദ്ധതി വിശദീകരണം നടത്തി.

ഗ്രോ ബാഗ് കൃഷിയിൽ ഈർപ്പം നിലനിർത്താൻ കാർഷിക സർവ്വകലാശാല തയാറാക്കിയ ജെൽ കാപ്സ്യൂൾ വിതരണം പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനാ ജോയിയും പച്ചക്കറി വിത്ത് വിതരണം മണ്ണാർക്കാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിജയ ചന്ദ്രനും നിർവഹിച്ചു.

പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് ചെയർപേഴ്സൺ പുഷ്പലത, പഞ്ചായത്തംഗങ്ങളായ കെ.ടി സുജാത, പി. സഫീർ, വിവിധ കർഷക സമിതി ഭാരവാഹികളായ പി.അബൂബക്കർ, എം. ഹമീദ്, കെ.സി.മത്തായി എന്നിവർ പ്രസംഗിച്ചു. ബിജു ജോസഫ് സ്വാഗതവും ഉബൈദുള്ള എടായ്ക്കൽ നന്ദിയും പറഞ്ഞു.

×