Advertisment

തച്ചമ്പാറ പി ബാലന്‍ സ്മാരക കെട്ടിടം കാട് പിടിച്ച് നശിക്കുന്നു. പൂട്ടിയിടാനായിരുന്നെങ്കിൽ ഇത്രയും നല്ല സ്ഥാപനം എന്തിനു പണിതു ?

New Update

പ്രമുഖ രാഷ്ട്രീയ നേതാവായിരുന്ന പി ബാലന് ഉചിതമായൊരു സ്മാരകമുണ്ട് തച്ചമ്പാറയിൽ. പക്ഷേ ആർക്കും ഉപകാരപ്പെടാതെ സീൽ ചെയ്തിട്ടിരിക്കുകയാണെന്ന് മാത്രം. പൊതു രംഗത്ത് പാലക്കാടിന്റെ അഭിമാനമായിരുന്ന പി. ബാലന്റെ പേരിൽ പണികഴിപ്പിച്ച വയോജന വിശ്രമ കേന്ദ്രം, ലൈബ്രറി&റിക്രിയേഷൻ സെന്റർ ചലനമറ്റ് കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായിട്ടും ആർക്കും ഒരനക്കവുമില്ല.

Advertisment

publive-image

ഏറെ നാൾ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന കെട്ടിടം ഇപ്പോൾ കാട് പിടിച്ച് നശിക്കാൻ തുടങ്ങിയിരിക്കുന്നു. വ്യത്യസ്ത സാമൂഹ്യ സാംസ്ക്കാരികപരിപാടികൾക്ക് വേദിയായിരുന്ന കെട്ടിടത്തെ ചൊല്ലി ഉദ്ഘാടനത്തിന് മുമ്പും ശേഷവും ആരോപണ പ്രത്യാരോപണം ഉയർന്ന സാഹചര്യത്തിൽ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ കെട്ടിടം പൂട്ടി സീൽ ചെയ്യുകയായിരുന്നു.

കെട്ടിടത്തിന്റെ നിർമാണത്തെ ചൊല്ലി തുടക്കത്തിലേ മുറുമുറുപ്പ് ഉണ്ടായിരുന്നതാണ്. ചട്ടം ലംഘിച്ചും കൃഷിഭൂമി നികത്തിയുമാണ് കെട്ടിടം പണിതതെന്ന ആരോപണമായിരുന്നു ആദ്യത്തേത്.

2011-12 സാമ്പത്തിക വർഷത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരുന്ന ജോർജ്ജ് തച്ചമ്പാറ മുൻകൈയെടുത്ത് നിര്‍മിച്ചതാണ് മന്ദിരം. 13 ലക്ഷം രൂപ ചെലവഴിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം നിര്‍മിച്ചത്. സ്ഥലം ഒരു വ്യക്തി സംഭാവന ചെയ്തതും. പൊതു ആവശ്യത്തിന് ഉപയോഗിക്കേണ്ടുന്ന കെട്ടിടം, സ്വകാര്യ വ്യക്തി സ്വന്തമായി കൈവശം വെക്കുന്നതായുള്ള ആരോപണമാണ് കെട്ടിടം സീൽ ചെയ്യപ്പെടാനും പ്രവർത്തനങ്ങൾ നിലയ്ക്കാനും ഇടയാക്കിയത്.

എന്നാൽ നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചുകൊണ്ടാണ് കെട്ടിടം ഉദ്ഘാടനം നടത്തിയതെന്നും ട്രസ്റ്റിനു കീഴിലാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും ആരും കൈവശം വെക്കുന്ന രീതിയിൽ കെട്ടിടം പ്രവർത്തിച്ചിട്ടില്ലെന്നും ജോർജ് തച്ചമ്പാറ പ്രതികരിച്ചു. ഏതാനും മാസം മുമ്പ് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ കെട്ടിടം സീൽ ചെയ്യുന്നതു വരെയും ഗ്രാമ പഞ്ചായത്തുമായി ബന്ധപ്പെട്ട വിവിധപരിപാടികൾ ഇവിടെ നടന്നിരുന്നതാണ്.

കുടുംബശ്രീ എ ഡി എസ്, വാർഡ് തല കർഷകരുടെയും അയൽക്കൂട്ടങ്ങളുടെയും യോഗങ്ങളും പ്രതിമാസ കൂട്ടായ്മകളും ബാല സഭയും ലൈബ്രറിയുടെ പ്രവർത്തനങ്ങളും നടന്നിരുന്നു. സർവ്വ സജ്ജീകരണത്തോടെയും നിലകൊള്ളുന്ന കെട്ടിടം ആർക്കും പ്രയോജനമില്ലാതെ കാട് മൂടി നശിച്ചു പോകുന്നതിൽ നാട്ടുകാർക്കും പരിഭവമുണ്ട്.

പി.ബാലൻ എന്ന കോൺഗ്രസ് നേതാവിന്റെ പേരിലുള്ള ഈ സ്മാരക കെട്ടിടത്തിൽ വയോജന വിശ്രമ കേന്ദ്രവും ലൈബ്രറിയും ഉണ്ട്.കിണറും മൂത്രപ്പുരയും മീറ്റിങ് ഹാളും ഉണ്ട്. ആർക്കും പ്രയോജനമാകാതെ പൂട്ടിയിടാനായിരുന്നെങ്കിൽ ഇത്രയും നല്ല സ്ഥാപനം എന്തിനു പണിതു എന്ന ചോദ്യം ഉയരുന്നുണ്ട്.

കെട്ടിടത്തിന്റെ പ്രവർത്തന മുടക്കത്തിന്റെ നൂലാമാലകൾ തീർത്ത് ജനകീയമായ രീതിയിൽ തുറന്നു പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് പൊതുവെയുള്ള ആവശ്യം. ഇക്കാര്യത്തിൽ എല്ലാ കക്ഷികളും ഏകാഭിപ്രായക്കാരായിരുന്നിട്ടും ബന്ധപ്പെട്ടഅധികാരികൾ തുറന്നു കൊടുക്കാനുള്ള നടപടികൾ ഇതുവരെയും കൈക്കൊണ്ടിട്ടില്ല.

Advertisment