Advertisment

വിസ്ഡം യൂത്ത് സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് എടത്തനാട്ടുകരയില്‍ തുടക്കം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

അലനല്ലൂര്‍:  സംസ്ഥാനത്തെ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രംഗത്ത് സംവരണം നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് എടത്തനാട്ടുകരയില്‍ ആരംഭിച്ച വിസ്ഡം യൂത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു.

Advertisment

പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഉപകാരപ്പെടുന്ന സംവരണ തത്വങ്ങള്‍ നടപ്പിലാക്കുന്ന നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കേരളത്തിലെ പല ക്യാമ്പസുകളിലും ആയുധങ്ങളുമായി സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ കര്‍ശനമായി തടയണം. ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികളെ ക്യാമ്പസ് പഠനത്തിന് അനുവദിക്കാതെയും, ക്രിമിനല്‍ ശിക്ഷാനടപടികളും സ്വീകരിച്ച് ജയിലിലടക്കണം.

publive-image

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാകരുതെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ പോരായ്മകള്‍ പരിഹരിക്കുകയും സമവായത്തിലൂടെ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുകയും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

സമൂഹത്തില്‍ അന്ധവിശ്വാസങ്ങളുടെ പ്രചാരണത്തിനും വിശ്വാസ ചൂഷണങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമൊപ്പം വേദി പങ്കിടുന്നതും അവരുടെ പദ്ധതികള്‍ പൊതു സമൂഹത്തിന് പരിചയപ്പെടുത്തുന്നതില്‍ നിന്നും രാഷ്ട്രീയ പ്രവര്‍ത്തകരും ഭരണാധികാരികളും വിട്ടുനില്‍ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ദ്ധിച്ച് വരുന്നത് ആശങ്കാജനകമാണ്. കുറ്റവാളികള്‍ക്കെതിരെ കാലവിളംബം കൂടാതെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കണം.

വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റി എടത്തനാട്ടുകര കോട്ടപ്പള്ള ദാറുല്‍ ക്വുര്‍ആനില്‍ സംഘടിപ്പിച്ച സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ.അശ്‌റഫ് ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സജ്ജാദ് അധ്യക്ഷത വഹിച്ചു.

ജീവിത വീക്ഷണം, ധാര്‍മ്മിക ബോധം, അന്ധവിശ്വാസങ്ങള്‍ക്കെതിരെ ബോധവല്‍കരണം, സാമൂഹിക സാമ്പത്തിക ഭദ്രത, ആരോഗ്യ ബോധവല്‍ക്കരണം എന്നീ വിഷയങ്ങളില്‍ സൗദി അറേബ്യയിലെ മലയാള പ്രബോധന വിഭാഗം തലവന്‍ അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനി, പ്രൊഫ. ഹാരിസ് ബിന്‍ സലിം, സി.പി.സലിം, മുജീബ് ഒട്ടുമ്മല്‍, അബ്ദുല്ല ഫാസില്‍, യു.മുഹമ്മദ്, പി.യു.സുഹൈല്‍, ഒ.മുഹമ്മദ് അന്‍വര്‍, താജുദ്ദീന്‍ സ്വലാഹി, ഡോ.മുഹമ്മദ് കുട്ടി കണ്ണിയന്‍, ഷഫീഖ് സ്വലാഹി എന്നിവര്‍ പ്രസംഗിച്ചു.

Advertisment