ഇന്‍സൈറ്റ്‌ ഹ്രസ്വചലച്ചിത്രമേള

സമദ് കല്ലടിക്കോട്
Friday, August 10, 2018

ഇന്‍സൈറ്റ്‌ ഇന്ന്‌ ഏറെ പ്രസിദ്ധമാണ്‌. ഹ്രസ്വചിത്രങ്ങളുടെ സ്വാധീനത്തിലും സാധ്യതകളിലും വിശ്വസിക്കുന്ന ഹ്രസ്വചലചിത്രകാരന്മാരുടെ സംഘടനയാണ്‌ പാലക്കാട്‌ കേന്ദ്രീകരിച്ച്‌ ഇന്ത്യക്കകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്‌മ.  മലയാളത്തിന്‌ അഭിമാനമാണ്‌ ഈ ഹ്രസ്വചലച്ചിത്രമേള.

കഴിഞ്ഞ ഏഴുവര്‍ഷമായി ഈ ലഘുചിത്രമേള ശ്രദ്ധേയമായ രീതിയില്‍ നടന്നുവരുന്നു. അസാധാരണമായ ഉള്‍ക്കാഴ്‌ചയും മനുഷ്യകേന്ദ്രീകൃത പ്രമേയങ്ങളാല്‍ സമൃദ്ധവുമാണ്‌ ഇന്‍സൈറ്റ്‌മേളയിലെ ചെറു ചിത്രങ്ങള്‍. സ്വതന്ത്ര ചിന്താഗതിക്കാരും ശുദ്ധഗതിക്കാരുമായ വെറും അഞ്ചുപേരാ ണ്‌ ഈ മേളയുടെ സംഘാടകര്‍. ഒരു ഹൈക്കുചിത്രത്തിന്റെ മാത്രം വലുപ്പമുള്ള ഹ്രസ്വമായ കൂട്ടായ്‌മ.

സംഘടനബാഹുല്യംകൊണ്ടുള്ള സങ്കീര്‍ണതകള്‍ ഒന്നുമില്ല. ആള്‍കൂട്ടത്തിന്റെ ധാരാളിത്തമോ സിനിമയുടേതായ അനാവശ്യ ജാടകളോ ഇല്ലാതെ ഏതൊരു സാധാരണക്കാരനും തന്റെ സര്‍ഗശേഷി തെളിയിക്കാന്‍ പറ്റാവുന്ന ഇടം. ഇന്‍സൈറ്റിനെ വ്യത്യസ്‌തമാക്കുന്നതും ഇത്തരം ഘടകങ്ങളാണ്‌.

കുറഞ്ഞവാക്കുകളില്‍ ബൃഹത്തായ ആശയങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്‌ ഇപ്പോഴത്തെ ആഖ്യാനരീതികള്‍. ചെറുതാണ്‌ മനോഹരം എന്ന തത്വം ഹ്രസ്വ സിനിമകളുടെ കാര്യത്തില്‍ വളരെ ശരിയാണ്‌.  അഞ്ചുമിനിറ്റോ അതില്‍ കുറഞ്ഞ സമയമോ മാത്രം ദൈര്‍ഘ്യമുള്ള ചിത്രങ്ങള്‍ക്കാണ്‌ ഇന്‍സൈറ്റ്‌ അവസരം ഒരുക്കിയിട്ടുള്ളത്‌.

കേവലം അഞ്ചുമിനിറ്റുകൊണ്ടുമാത്രം എങ്ങനെ സിനിമയെടുക്കും എന്നത്‌ ആര്‍ക്കും ഉണ്ടാകാവുന്ന ഒരു സന്ദേഹമാണ്‌. ഹ്രസ്വ ചിത്രങ്ങളെ മേന്‍മയുള്ളതും അര്‍ത്ഥപൂര്‍ണ്ണമാക്കുന്നതും ഈ കാഴ്‌ചപ്പാടാണ്‌.

ഹ്രസ്വചലചിത്രമേളകളില്‍ വ്യത്യസ്‌തതയുള്ളതും അന്താരാഷ്‌ട്ര പ്രശസ്‌തവുമാണ്‌ ഇന്‍സൈറ്റ്‌. സംഘാടകരുടെ കഠിനപ്രയത്‌നത്തിന്റെ ഫലമായി സംതൃപ്‌തരായ കലാസ്‌നേഹികള്‍ ഓരോ വര്‍ഷവും ഈ മേളയില്‍ സംഗമിക്കുന്നു. മേളയില്‍ ഒന്നാമതെത്തുന്ന ചിത്രത്തിന്‌ നല്ലൊരുസംഖ്യ സമ്മാനമായി കൊടുക്കുന്നു എന്നതാണ്‌ ഇന്‍സൈറ്റ്‌ ലഘുചിത്രമേളയുടെ മറ്റൊരു പ്രത്യേകത.

മലയാളേതര ഭാഷകളില്‍ നിര്‍മ്മിച്ച ലഘുചിത്രങ്ങളും മല്‍സരത്തിന്‌ പരിഗണിക്കുന്നതിനാല്‍ ആശയപരമായും സൃഷ്‌ടിപരമായും മികച്ച ചിത്രങ്ങള്‍ക്കേ ഇന്‍സൈറ്റ്‌ മേളയില്‍ ഇടം ലഭിക്കൂ. എല്ലാ ഹ്രസ്വചിത്രങ്ങളും പൊതുസദസ്സില്‍ പ്രദര്‍ശിപ്പിച്ചശേഷം തുറന്ന ചര്‍ച്ചക്കുള്ള സന്ദര്‍ഭം ഒരുക്കാറുണ്ട്‌. കലാസൃഷ്‌ടികളുടെ പ്രദര്‍ശനശേഷം രൂപപ്പെടുന്ന സംവേദനം കലാകാരനും ആസ്വാദകര്‍ക്കും പുതിയൊരനുഭവമായി മാറുന്നു.

രണ്ടുമണിക്കൂറിലധികം നീണ്ടുനില്‍ക്കുന്ന സിനിമകള്‍ മനസ്സിലുണ്ടാക്കുന്ന ചിന്തയേക്കാളും പൊള്ളുന്ന കാഴ്‌ചകളും ശക്തമായ പ്രമേയങ്ങളുമാണ്‌ അഞ്ചുമിനിറ്റ്‌ മാത്രം ദൈര്‍ഘ്യമുള്ള ഹൈക്കുസിനിമകള്‍ പകരുന്നത്‌. ഹാന്റി ക്യാമറയിലും നല്ല മൊബൈല്‍ഫോണിലും ചിത്രീകരിച്ച ഹ്രസ്വചിത്രങ്ങള്‍പോലും ജീവിതാഭിമുഖ്യം പുലര്‍ത്തുന്ന സന്ദേശങ്ങള്‍ കൊണ്ട്‌ നമ്മെ അതിശയിപ്പിക്കുന്നു.

കലകളെ ക്രിയാത്മകമായി വിന്യസിച്ചും ആശയങ്ങളെ അതിവിദഗ്‌ധമായി സന്നിവേശിപ്പിച്ചും ആസ്വാദകരില്‍ ആന്ദോളനം സൃഷ്‌ടിക്കുന്നുവെങ്കില്‍ ഹ്രസ്വചിത്രങ്ങള്‍ അവഗണിക്കേണ്ടതാണോ?

ജീവിതത്തിന്റെ സകല കാര്യങ്ങളും സെല്‍ഫോണിലേക്ക്‌ ചുരുക്കപ്പെടുകയും പറയാനുള്ളത്‌ ഹ്രസ്വമായി ആവിഷ്‌ക്കരിക്കപ്പെടുകയും ചെയ്യുന്ന ലോകത്ത്‌ ചെറുസിനിമകളുടെ സാധ്യതകള്‍ ഇനിയുള്ളകാലം ചെറുതായിരിക്കില്ല. ചെറുചിത്രങ്ങളെ അംഗീകരിക്കണം നാലുവരിയുള്ള ഹൈക്കുകവിതകള്‍ക്കും ചെറുകഥകള്‍ക്കും സാഹിത്യലോകത്ത്‌ സ്ഥാനമുണ്ട്‌.

എന്നാല്‍ ചെറുചിത്രങ്ങള്‍ക്ക്‌ സിനിമാലോകത്ത്‌ ഇടമില്ല എന്നത്‌ ഖേദകരമാണ്‌. രാജ്യാന്തര ചലച്ചിത്രമേളകളിലും ഹ്രസ്വചിത്രങ്ങള്‍ക്ക്‌ സ്ഥാനമില്ല. ഹ്രസ്വചിത്രങ്ങള്‍ മുഖ്യധാരാ ചാനലുകളിലും ചലച്ചിത്രമേളകളിലും പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിക്കേണ്ടതുണ്ട്‌.

ഹ്രസ്വചിത്രങ്ങളെ പ്രദര്‍ശിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും സിനിമ സംഘടനകള്‍ക്ക്‌ കഴിയേണ്ടതുണ്ട്‌. അഞ്ചുമിനിറ്റില്‍ താഴെയുള്ള ആഖ്യാന ഹ്രസ്വചിത്രങ്ങളുടെ മേള എന്ന നിലയില്‍ ഇന്‍സൈറ്റ്‌ സംരംഭം ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്‌.

ആഗസറ്റ്‌ 11, 12 തിയ്യതികളില്‍ പാലക്കാട്‌ ഫൈന്‍ ആര്‍ട്‌സ്‌ സൊസൈറ്റി ഓഡിറ്റോറിയത്തി ലാണ്‌ ഈ വര്‍ഷത്തെ ഹ്രസ്വ ചലച്ചിത്രമേള. അന്‍പതിനായിരം രൂപയും പ്രശസ്‌തിപത്രവും ശില്‍പവുമാണ്‌ ഗോള്‍ഡന്‍ സ്‌ക്രീന്‍ അവാര്‍ഡ്‌. അഞ്ചുപേര്‍ക്ക്‌ പ്രോത്സാഹനസമ്മാനമായി അയ്യായിരം രൂപയും പ്രശസ്‌തിപത്രവും നല്‍കും.

×