Advertisment

പരീക്ഷ നടത്തിപ്പിലെയും നിയമങ്ങളിലെയും പരാതികൾ പി.എസ്.സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നത്: ഫ്രറ്റേണിറ്റി മൂവ്മെന്റ്

author-image
admin
New Update

തിരുവനന്തപുരം:  കേരള പി.എസ്.സി ഈയിടെ നടത്തിയ പരീക്ഷകൾ സംബന്ധിച്ചും നിയമനങ്ങളെ സംബന്ധിച്ചും വ്യാപകമായ പരാതികൾ ഉയരുന്നത് കമീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യപ്പെടുന്നതാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് നസ്രീന ഇല്യാസ് പ്രസ്താവനയില്‍ പറഞ്ഞു.

Advertisment

ഹയര്‍സെക്കന്ററി സ്‌കൂള്‍ ടീച്ചര്‍ ഇക്‌ണോമിക്‌സ് ജൂനിയര്‍, കെമിസ്ട്രി, കണക്ക് പരീക്ഷകളില്‍ വ്യാപക പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇക്‌ണോമിക്‌സില്‍ സിലബസിന് പുറത്ത് സൈക്കോളജി, ജോഗ്രഫി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ നിന്ന് അപ്രതീക്ഷിത ചോദ്യങ്ങള്‍ വന്നതായും ഇരുപതിലധികം ചോദ്യങ്ങള്‍ വെബ്‌സൈറ്റുകളില്‍ നിന്ന് അതേപടി പകര്‍ത്തിയതായും പരാതിയുണ്ട്.

ഇരുപത് ചോദ്യങ്ങള്‍ ഒഴിവാക്കിയാണ് പി.എസ്.സി ഉത്തരസൂചിക പബ്ലിഷ് ചെയ്തത്. 2010ലാണ് ഇതിന് മുമ്പ് ഈ തസ്തികയില്‍ വിജ്ഞാപനം ഇറക്കിയത്. 2012 ല്‍ നടന്ന പരീക്ഷയില്‍ 4 ചോദ്യങ്ങള്‍ യു.ജി.സി ഗൈഡില്‍ നിന്ന് പകര്‍ത്തി എന്ന പരാതിയില്‍ പരീക്ഷ തന്നെ റദ്ദാക്കിയിരുന്നു. കെമിസ്ട്രി, ഗണിത ശാസ്ത്രം പരീക്ഷകളിലും സമാനമായ പരാതികളാണ് ഉദ്യോഗാർത്ഥികൾ ഉയർത്തുന്നത്.

ചോദ്യങ്ങളില്‍ ഭൂരിഭാഗവും മുന്‍കാല സി.എസ്.ഐ.ആർ യു.ജി.സി നെറ്റ്, ഗൈറ്റ് പരീക്ഷകളില്‍ നിന്ന് അതേപടി പകര്‍ത്തിയതായും ധാരാളം ചോദ്യങ്ങള്‍ ചില ബുക്കുകളില്‍ നിന്ന് എടുത്തതായും ഉദ്യോഗാര്‍ഥികള്‍ പരാതി ഉന്നയിക്കുന്നുണ്ട്.

നിലവിലെ എല്‍.ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കുകയാണ്. 2015 ഏപ്രില്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്ന് ഓഗസ്റ്റ് മുതലാണ് നിയമനം ആരംഭിച്ചത് എന്നതിനാല്‍ മൂന്ന് വര്‍ഷത്തെ പ്രയോജനം ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ലഭിച്ചിട്ടില്ല.

ചരിത്രത്തില്‍ ഏറ്റവും കുറവ് നിയമനം നടത്തിയ ലിസ്റ്റാണ് നിലവിലെ എല്‍.ഡി.സി ലിസ്റ്റ്. സൂപ്പര്‍ ന്യൂമെറി തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഒഴിവുകള്‍ പൂര്‍ണ്ണമായും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാലാണ് നിയമനങ്ങള്‍ നടക്കാത്തത്. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. പതിനയ്യായിരത്തോളം ഉദ്യോഗാര്‍ഥികളെ ബാധിക്കുന്ന റാങ്ക് ലിസ്റ്റ് കാലവധി നീട്ടാൻ സര്‍ക്കാര്‍ തയ്യാറാവണം.

സംസ്ഥാനത്ത് എല്‍.പി.എസ്.എ നിയമനം ഇഴയുന്നതായും പരാതികളുയരുന്നുണ്ട്. 2018 ഫെബ്രുവരിയിലാണ് പുതിയ എല്‍.പി.എസ്.എ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചത്. റാങ്ക് പട്ടിക തയ്യാറാവാന്‍ ഇനിയും സമയമെടുക്കും. നിലവില്‍ ഫെബ്രുവരി വരെ രണ്ടായിരത്തോളം ഒഴിവുകള്‍ ഉണ്ടെന്നാണ് നിയമസഭയില്‍ മന്ത്രി പറഞ്ഞത്. ഇതില്‍ 1300 ലധികവും മലബാര്‍ മേഖലയിലാണ്.

നിയമനം ഇഴയുന്നത്‌ പുതിയ അധ്യയന വർഷത്തെ കാര്യമായി ബാധിക്കും. അതിനിടെ പരീക്ഷയും സര്‍ട്ടിഫിക്കറ്റ് പരിശോധനയും കഴിഞ്ഞ ശേഷം ഹൈസ്‌കൂള്‍ അറബിക് അധ്യാപക യോഗ്യതയായ ഡിപ്ലോമ ഇന്‍ ലാംഗേജ് എഡ്യുക്കേഷന്‍ (ഡി.എല്‍.ഇ) കോഴ്‌സ് ബി.എഡിന് തുല്ല്യമല്ലെന്ന് ചൂണ്ടിക്കാട്ടി നിയമനം തടഞ്ഞത് വ്യാപക പ്രതിഷേധത്തിനൊടുവിലാണ് പി.എസ്.സി പുനപരിശോധിക്കാന്‍ തയ്യാറായതെന്നും അവർ ചൂണ്ടിക്കാട്ടി.

Advertisment