Advertisment

മഹാപ്രളയത്തിൽ സർവ്വസ്വവും നഷ്ടപ്പെട്ട കുടുംബങ്ങളുടെ അതിജീവനത്തിനായി പെൺകൂട്ടായ്മകളിലൂടെ ശ്രമം

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

മാള:  നൂറുദിനങ്ങൾക്ക് മുൻപുണ്ടായ മഹാപ്രളയത്തിൽ ജീവനൊഴികെ സർവ്വസ്വവും നഷ്ടപ്പെട്ട കുടുംബങ്ങളുടെ അതിജീവനത്തിനായി പെൺകൂട്ടായ്മകളിലൂടെ ശ്രമം. മഹാ പ്രളയം ഏറ്റവും കൂടുതലായി നാശം വിതച്ച കുഴൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് കൊച്ചുകടവിലാണ് പെൺകൂട്ടായ്മയിലൂടെ സ്വയം തൊഴിൽ തുടങ്ങിയിരിക്കുന്നത്.

Advertisment

എട്ടുപേരടങ്ങിയ കൂട്ടായ്മയെന്ന നാമധേയത്തിലുള്ള ദി ഡിസൈനേഴ്സ് തയ്യൽ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിട്ട് ഒരാഴ്ച പിന്നിട്ടു. കൊച്ചുകടവ് ജംഗ്ഷനിലെ പ്ലാക്കൽ സ്ക്വയറിൻ്റെ ഒന്നാം നിലയിലാണ് ഏഴ് തയ്യൽ മെഷീനുകളുമായി പ്രവർത്തനം മുന്നോട്ട് പോകുന്നത്.

publive-image

<കൊച്ചുകടവ് പ്ലാക്കൽ സ്ക്വയറിലാരംഭിച്ച കൂട്ടായ്മ ദി ഡിസൈനേഴ്സ് തയ്യൽ യൂണിറ്റിൽ തയ്യലിലേർപ്പെട്ടിരിക്കുന്ന വനിതകൾ>

പ്രളയാനന്തരം കരിങ്ങോൾച്ചിറ ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കൊച്ചുകടവ് പള്ളിബസാറിലെ ഇരുമ്പുങ്ങൽത്തറ കോളനിയിലും പരിസരങ്ങളിലുമായുള്ള 104 കുടുംബങ്ങളിൽ 100 കുടുംബങ്ങളിലെ സ്ത്രീകളെ സംഘടിപ്പിച്ച് 10 അംഗങ്ങളടങ്ങിയ ഏഴ് ഗ്രൂപ്പുകൾ രൂപീകരിച്ചിരുന്നു. അവയിൽ ആദ്യത്തെ സംരംഭമായാണ് തയ്യൽ യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്.

തയ്യൽ നന്നായി അറിയുന്നവരെ ഉൾപ്പെടുത്തിയാണ് യൂണിറ്റിന് രൂപം നൽകിയതെന്നതിനാൽ എട്ടാം വാർഡിൽ ഉൾപ്പെട്ടവരുമുണ്ട്. കരിങ്ങോൾച്ചിറ ജനകീയ കൂട്ടായ്മ മുൻകൈയ്യെടുത്ത് കാസർഗോഡ് പെരിയ സ്വദേശിയും അമൃത ടി വി ജനനായകൻ പരിപാടിയിലെ മത്സരാർത്ഥിയുമായ ഡോ. നിസാം ഫലാഹിൻ്റെ സാമ്പത്തിക സഹകരണത്തോടെ തുടങ്ങുന്ന ആദ്യത്തെ സംരംഭമാണിത്.

പത്രപ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ സലിം എരവത്തൂർ നിരന്തരം ശ്രമിച്ചാണ് ഗ്രൂപ്പിന് രൂപം നൽകിയത്. സഹായത്തിന് ടി എ അമാനുള്ളയുടെ സഹായവുമുണ്ടായിരുന്നു. സ്ത്രീ സംഘമായി രൂപീകരിച്ച കൂട്ടായ്മ രജിസ്റ്റർ ചെയ്ത് കൂടുതലായി പ്രവർത്തനം വ്യാപിപ്പിക്കാനും ചാരിറ്റി പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനും കൂട്ടായ്മക്ക് ലക്ഷ്യമുണ്ട്.

കഴിഞ്ഞ 19 ാം തിയ്യതി തിങ്കളാഴ്ച സംസ്ഥാന വിദ്യഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തതോടെയാണ് സംരംഭത്തിന് തുടക്കമായത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരടക്കമുള്ള എട്ടംഗ സംഘമാണ് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്.

നാട്ടിലെ വസ്ത്രനിർമ്മാണത്തിന് പുറമേ വൻതോതിൽ തുണിയെടുത്ത് വസ്ത്രവ്യാപാരികൾക്ക് ആവശ്യാനുസരണം വസ്ത്രങ്ങളെത്തിച്ച് നൽകുകയും ലക്ഷ്യമാണ്.

പ്രളയ സമയം മുതൽ കുഴൂർ ഗ്രാമപഞ്ചായത്തിൽ സദാസമയവും ഉണ്ടായിരുന്ന കരിങ്ങോൾച്ചിറ കൂട്ടായ്മയുടെ ഭാരവാഹികളായ സാലി സജീർ, സി എം റിയാസ്, ഷെഫീർ തുടങ്ങിയവരും അക്ഷീണം പ്രവർത്തിച്ചാണ് ഈ സംരംഭം തുടങ്ങിയതും പേപ്പർ ബാഗ് നിർമ്മാണ പരിശീലനം നൽകിയതും.

Advertisment