ഭാര്യ രാവിലെ ഉണരില്ല, രുചികരമായി ഭക്ഷണം പാകം ചെയ്യുന്നില്ല – വിവാഹമോചനം അനുവധിക്കണമെന്ന യുവാവിന്‍റെ ഹര്‍ജി കോടതി തള്ളി. ഹര്‍ജി തള്ളാനുള്ള കാരണങ്ങള്‍ ഇങ്ങനെ ?

ന്യൂസ് ബ്യൂറോ, മുംബൈ
Friday, March 2, 2018

മുംബൈ ∙ ഭാര്യ എന്ന നിലയിലുള്ള ‘കൃത്യ നിർവഹണത്തിൽ വീഴ്ച’ വരുത്തിയെന്നു ചൂണ്ടിക്കാട്ടി ഭാര്യയിൽനിന്നു വിവാഹമോചനം തേടി യുവാവ് സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളി.

അതിരാവിലെ ഉണരുന്നില്ല, രുചികരമായി ഭക്ഷണം പാകം ചെയ്യുന്നില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി, രുചികരമായ ഭക്ഷണം പാകം ചെയ്യുന്നില്ലെന്ന ആരോപണം നിലനിൽക്കില്ലെന്നും ഭാര്യ ദൗത്യ നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയതായി കരുതാനാകില്ലെന്നും വിലയിരുത്തിയാണ് കോടതി തള്ളിയത്.

മുംബൈയിലെ സാന്റാക്രൂസ് സ്വദേശിയായ യുവാവാണ് കോടതിയെ സമീപിച്ചത്. ജോലിസ്ഥലത്തുനിന്നു വൈകിട്ട് ആറു മണിയോടെ തിരിച്ചെത്തുന്ന ഭാര്യ, കുറച്ചുനേരം മയങ്ങിയശേഷം 8.30 നു മാത്രമേ അത്താഴം പാകം ചെയ്യുന്നുള്ളുവെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു.

തന്നോടൊത്തു സമയം ചെലവിടാനും വീട്ടിലെത്തുമ്പോൾ ഒരു ഗ്ലാസ് വെള്ളം പോലും തരാനും ഭാര്യയ്ക്കു സമയമില്ലെന്നും പരാതിയിലുണ്ടായിരുന്നു.

അതേസമയം, യുവാവ് ആരോപിച്ച പ്രശ്നങ്ങളൊന്നും വിവാഹമോചനം അനുവദിക്കാൻ മാത്രം ഗുരുതരമല്ലെന്ന് ജസ്റ്റിസ് കെ.കെ. ടാട്ടഡ്, ജസ്റ്റിസ് സാരംഗ് കോത്‌വാൽ എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. പരാതിക്കാരന്റെ ഭാര്യ ജോലിക്കാരിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ജോലിക്കു പോകുന്നതിനു പുറമെ, വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതും പരാതിക്കാരനും മാതാപിതാക്കൾക്കും ഭക്ഷണം പാകം ചെയ്യുന്നതും ഇവർ തന്നെയാണ്. വീട്ടുജോലികളെല്ലാം ചെയ്ത ശേഷമാണു യുവതി ജോലിക്കു പോകുന്നത്.

ഭാര്യയെ അതിരാവിലെ വിളിച്ചെഴുന്നേൽപ്പിച്ചാൽ അവർ തന്നെയും മാതാപിതാക്കളെയും ചീത്ത വിളിക്കുന്നുവെന്ന പരാതിക്കാരന്റെ ആരോപണവും കോടതി തള്ളി.

എന്നാൽ, പരാതിക്കാരന്റെ ആരോപണങ്ങളെല്ലാം ഭാര്യ കോടതിയിൽ നിഷേധിച്ചു. താൻ വീട്ടുജോലികൾ ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നില്ലെന്നു തെളിയിക്കാൻ അയൽക്കാരുടെയും ബന്ധുക്കളുടെയും സാക്ഷിമൊഴികളും യുവതി കോടതിയിൽ ഹാജരാക്കി.

പരാതിക്കാരനും മാതാപിതാക്കളും തന്നോടു മോശമായി പെരുമാറുന്നുവെന്നു കാട്ടി യുവതി പരാതിയും നൽകിയിട്ടുണ്ട്.

എന്തായാലും, പരാതിയിൽ ഉന്നയിച്ചപോലെ പരാതിക്കാരന്റെ ഭാര്യ ദൗത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കരുതാനാവില്ലെന്ന് കോടതി വ്യക്തമാക്കി. മാത്രമല്ല, രുചികരമായ ഭക്ഷണം പാകം ചെയ്യുന്നില്ലെന്ന ആരോപണം നിലനിൽക്കില്ലെന്നും കോടതി വിധിച്ചു.

വിവാഹമോചനത്തിനായി കുടുംബകോടതിയെ സമീപിച്ചെങ്കിലും അവിടെനിന്ന് ഹർജി തള്ളിയതിനാലാണ് പരാതിക്കാരൻ ഹൈക്കോടതിയിലെത്തിയത്.

×