അഴഗിരിയെ അവഗണിച്ച് പാര്‍ട്ടി അധ്യക്ഷപദം ഏറ്റെടുക്കാന്‍ സ്റ്റാലിന്‍ നീക്കം തുടങ്ങി. കനിമൊഴിയ്ക്കും എ രാജയ്ക്കും പദവി നല്‍കും. അഴഗിരി പാര്‍ട്ടിക്ക് പുറത്ത് കഴിയും

ന്യൂസ് ബ്യൂറോ, ചെന്നൈ
Monday, August 13, 2018

ചെന്നൈ: കരുണാനിധിയുടെ മരണത്തിന് പിന്നാലെ പാർട്ടിയില്‍ പിടിമുറുക്കി മകന്‍ എം കെ സ്റ്റാലിന്‍ രംഗത്ത്. ഉച്ചയ്ക്ക് സ്റ്റാലിനെതിരെ പ്രസ്താവന നടത്തിയ സഹോദരന്‍കൂടിയായ അഴഗിരിയെ ഗൌനിക്കേണ്ടതില്ലെന്നാണ് സ്റ്റാലിന്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ നിര്‍ദേശം. മാത്രമല്ല നിലവില്‍ പാര്‍ട്ടിക്ക് പുറത്തായ അഴഗിരി പിതാവിന്‍റെ മരണശേഷം പാര്‍ട്ടിയില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമായ തന്ത്രമായി മാത്രമേ സ്റ്റാലിന്‍ ഇതിനെ കാണുന്നുള്ളൂ.

അഴഗിരിയെ പാര്‍ട്ടിയില്‍ തിരികെയെടുക്കേണ്ടതില്ലെന്നാണ് സ്റ്റാലിന്റെ നിലപാട്. അതേസമയം അര്‍ധ സഹോദരി കനിമൊഴിയ്ക്കും ഇവരുടെ അടുത്ത ആളായി അറിയപ്പെടുന്ന മുന്‍ കേന്ദ്രമന്ത്രി എ രാജയ്ക്കും പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനം നല്‍കി ഒപ്പം നിര്‍ത്താന്‍ അദ്ദേഹം തയ്യാറായേക്കും. അതോടെ അഴഗിരിയുടെ വിമത സ്വരം അപ്രത്യക്ഷമാകും എന്നാണ് സ്റ്റാലിന്‍ കരുതുന്നത്. നേതൃസ്ഥാനത്തിന് വേണ്ടി കലാപമുണ്ടാകുമെന്ന് സൂചന നൽകി എം.കെ സ്റ്റാലിന്റെ ജേഷ്ഠസഹോദരൻ എം.കെ അഴഗിരി രംഗത്ത്.

കരുണാനിധിയുടെ മരണശേഷം സ്റ്റാലിനെ അധ്യക്ഷനായി നിയോഗിക്കാനുള്ള നിര്‍ണായക ചര്‍ച്ചകള്‍ പാര്‍ട്ടിയിലെ നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. പാര്‍ട്ടി അധ്യക്ഷനായി എം കെ സ്റ്റാലിനെ തെരഞ്ഞെടുക്കാനുള്ള നിര്‍ണ്ണായക ജനറല്‍ കൌണ്‍സില്‍ യോഗം അടുത്തുതന്നെ വിളിച്ച് ചേര്‍ക്കും. അതിനു മുന്നോടിയായി നിര്‍വാഹക സമിതിയോഗം നാളെ ചേരുന്നുണ്ട്. സ്റ്റാലിന്റെ സ്ഥാനാരോഹണം സംബന്ധിച്ച ചര്‍ച്ചകള്‍ ഈ യോഗത്തില്‍ നടക്കും.

എന്നാല്‍, ഡിഎംകെയുടെ നേതൃസ്ഥാനം വഹിക്കാന്‍ എം.കെ.സ്റ്റാലിനേക്കാള്‍ യോഗ്യൻ താനാണെന്നാണ് അഴഗിരിയുടെ പ്രസ്താവന.  മറീന ബീച്ചില്‍ കരുണാനിധിയുടെ അന്ത്യവിശ്രമസ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് അഴഗിരി മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.

ഡിഎംകെയുടെ വിശ്വസ്തരായ പാര്‍ട്ടി അംഗങ്ങളും പ്രവര്‍ത്തകരും തന്റെ കൂടെയുണ്ടെന്നും താന്‍ ഇപ്പോള്‍ പാര്‍ട്ടിയിലില്ലാത്തതിനാൽ മറ്റ് കാര്യങ്ങള്‍ പിന്നീട് പറയാമെന്നും അഴഗിരി പറഞ്ഞു.

ഇപ്പോള്‍ പാര്‍ട്ടിയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെല്ലാം തന്നെ വേദനിപ്പിക്കുന്നുവെന്നും അഴഗിരി കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് 2014 ജനുവരിയിലാണ് ഡി.എം.കെ.യുടെ സൗത്ത് സോണ്‍ ഓര്‍ഗനൈസേഷണല്‍ സെക്രട്ടറിയായിരുന്ന അഴഗിരിയെ ഡി.എം.കെ.യില്‍നിന്ന് പുറത്താക്കിയത്.

കരുണാനിധിക്ക് ദയാലു അമ്മാളിലുണ്ടായ മൂത്തമകനായ അഴഗിരി ഡി.എം.കെ.യുടെ മധുരയിലെ കരുത്തുറ്റ മുഖമായിരുന്നു.കലൈഞ്ജറുടെ മകന്‍, മുന്‍കേന്ദ്രമന്ത്രി എന്നീ സ്ഥാനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ രാഷ്ട്രീയത്തില്‍ പയറ്റിത്തെളിയാന്‍ അഴഗിരിക്ക് ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍, പണസമ്പാദനത്തിന്റെ കാര്യത്തില്‍ കലൈഞ്ജര്‍ക്കും സ്റ്റാലിനും മുകളിലാണ്.

എന്നാൽ അഴഗിരിയുടെ സ്ഥാനം പിന്‍നിരയിലേക്കൊതുങ്ങുകയും സ്റ്റാലിനെ കരുണാനിധി വര്‍ക്കിങ് പ്രസിഡന്റായി അവരോധിക്കുകയും ചെയ്തു. ഇതിനിടെയാണ് പാര്‍ട്ടിയെ നയിക്കാനുള്ള കരുത്ത് തനിക്കാണെന്ന വാദവുമായി അഴഗിരി രംഗപ്രവേശം ചെയ്തിരിക്കുന്നത്.

×