ദ്രാവിഡ മുന്നേറ്റക്കഴകത്തിനായി കരുണാനിധി ആദ്യം എംജിആറിന് താരപരിവേഷം നല്‍കി. എംജിആര്‍ പാര്‍ട്ടിയുണ്ടാക്കിയപ്പോള്‍ രാഷ്ട്രീയത്തില്‍ ഇരുവഴിയായി

സുഭാഷ് ടി ആര്‍
Tuesday, August 7, 2018

കരുണാനിധിയും തമിഴ് സിനിമയും തമ്മിലുള്ളത് പൊക്കിള്‍ക്കൊടി ബന്ധമാണ്. സിനിമയില്‍ തുടങ്ങിയാണ് കരുണാനിധി രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുന്നത്.

തന്‍റെ തിരക്കഥകളിലൂടെ ദ്രാവിഡ മുന്നേറ്റക്കഴകത്തിനായി എം‌ ജി‌ രാമചന്ദ്രന്റെ ഹീറോ പരിവേഷത്തെ കൃത്യമായി ഉപയോഗപ്പെടുത്തിയ കരുണാനിധിക്ക് എംജിആര്‍ തന്നെ പില്‍‌ക്കാലത്ത് പുതിയ പാര്‍ട്ടിയുണ്ടാക്കി (എ‌ഐ‌ഡി‌എം‌കെ) പാരയായത് എല്ലാവര്‍ക്കുമറിയുന്ന ചരിത്രം.

സാഹിത്യത്തിലും ദ്രാവിഡ ചരിത്രത്തിലും തമിഴ് ഭാഷയിലും അഗാധപരിജ്ഞാനമുള്ള കരുണാനിധിക്ക് സിനിമ ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്. സത്യത്തില്‍, കരുണാനിധിക്ക് മാത്രമല്ല ഈ സിനിമാഭ്രാന്ത്.

മൂത്ത മകന്‍ എം‌ കെ മുത്തു തൊട്ട് ഇളയ മകള്‍ കനിമൊഴി വരെ ഈ സിനിമാഭ്രാന്ത് കൊണ്ടുനടക്കുന്നവരാണ്. എം‌ കെ മുത്തു ഒരുപിടി തമിഴ് സിനിമകളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. മുത്തുവിന്റെ മകന്‍ അറിവുനിധി ഇപ്പോള്‍ സിനിമാരംഗത്ത് ഒരു കൈനോക്കാന്‍ ഇറങ്ങിയിരിക്കുകയാണ്.

രണ്ടാമത്തെ മകനായ എം‌ കെ അഴഗിരി സിനിമയുമായി നേരിട്ട് ബന്ധപ്പെടുന്നില്ലെങ്കിലും മകന്‍ ദയാനിധി ഒരു വന്‍ സിനിമാ നിര്‍മാതാവാണ്. കരുണാനിധിയുടെ മൂന്നാമത്തെ മകനായ എം‌ കെ സ്റ്റാലിന്‍ സിനിമയില്‍ ഒന്ന് പയറ്റിനോക്കുകയുണ്ടായി.

പച്ച പിടിക്കാത്തതിനാല്‍ തിരികെ രാഷ്‌ട്രീയത്തില്‍ സജീവമാവുകയും തന്റെ മകന്‍ ഉദയാനിധിയെ നിര്‍മാതാവാക്കി മാറ്റുകയും ചെയ്തു. ഉദയാനിധിയുടെ റെഡ് ജയന്‍റാണ് ഇപ്പോള്‍ താരങ്ങളുടെയും സംവിധായകരുടെയും പ്രസ്റ്റീജ് നിര്‍മ്മാണക്കമ്പനി.

നാലാമത്തെ മകനായ എം‌ കെ തമിഴരസ് സിനിമയോടും രാഷ്‌ട്രീയത്തോടും മിതമായ അകലം പാലിച്ചിരുന്നുവെങ്കിലും മകന്‍ അരുള്‍‌നിധി ഒരു സിനിമയില്‍ അഭിനയിച്ചു. അച്ഛനായ തമിഴരസ് തന്നെയാണ് മകന്റെ സിനിമ നിര്‍മിക്കുന്നത്. സിനിമ സംവിധാനം ചെയ്യുന്നതാകട്ടെ ശശികുമാര്‍ സ്കൂളില്‍ നിന്നുള്ള പാണ്ഡിരാജും.

കരുണാനിധിക്ക് രണ്ട് പെണ്‍‌മക്കളാണ് ഉള്ളത്. എം‌ കെ സെല്‍‌വിയും എം‌ കെ കനിമൊഴിയും. മൂത്ത മകളായ സെല്‍‌വിക്ക് രാഷ്‌ട്രീയത്തിലോ സിനിമയിലോ താല്‍‌പര്യമില്ല.

എന്നാല്‍ സെല്‍‌വി – മുരസൊലി മാരന്‍ ദമ്പതികള്‍ക്ക് പിറന്ന ദയാനിധി മാരന്‍ രാഷ്‌ട്രീയത്തിലും ഉദയാനിധി മാരന്‍ ടെലിവിഷന്‍-സിനിമാ രംഗത്തും മുടുചൂടാമന്നരാണല്ലോ!

കരുണാനിധിയുടെ രണ്ടാമത്തെ മകളായ കനിമൊഴി ഒരു കവിയെന്ന രീതിയില്‍ അറിയപ്പെടുന്നയാളാണ്.

×