Advertisment

കൂടത്തായി കൂട്ടക്കൊലയിൽ കല്ലറയിൽ മൂടിയ രഹസ്യങ്ങൾ കണ്ടെത്താൻ പിടിവള്ളി ഡിഎൻഎ ; യുഎസിലെ ലാബിൽ നിന്നു പരിശോധനാഫലം വരുമ്പോൾ, കുറ്റാന്വേഷണത്തിലെ സൂപ്പർഡിറ്റക്ടീവ് ആയി നെഞ്ചുവിരിച്ചു നിൽക്കുക കാലപ്രവാഹങ്ങൾക്കും മൂടാനാകാത്ത സത്യത്തിന്റെ ഡിഎൻഎ!

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

കോഴിക്കോട്‌ : കൂടത്തായി കൂട്ടക്കൊലയിൽ കല്ലറയിൽ മൂടിയ രഹസ്യങ്ങൾ കണ്ടെത്താൻ മൃതദേഹങ്ങളുടെ ഡിഎൻഎ ടെസ്റ്റ് ഉൾപ്പെടെയുള്ള ഫൊറൻസിക് പരിശോധനകളാണു പിടിവള്ളി.

Advertisment

സംഭവസ്ഥലത്തെ മുടിനാരിൽ നിന്നോ സിഗരറ്റ് കുറ്റിയിൽ നിന്നോ വരെ ലഭിക്കുന്ന ഡിഎൻഎ പരിശോധന വിവരമാണു പലപ്പോഴും പ്രതിയെ പൊലീസിനു മുന്നിലെത്തിക്കുക. പ്രമാദമായ ജിഷ വധക്കേസിൽ അമീറുൾ ഇസ്‍ലാമിനെയും സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിയെയും കുടുക്കിയതു ഡിഎൻഎ പരിശോധനകളാണ്.

publive-image

33 വർഷം മുൻപാണു ഡിഎൻഎ പരിശോധന ആദ്യമായി പൊലീസ് ഉപയോഗിച്ചത്. സംഭവം ഇങ്ങനെ:

1983 നവംബറിൽ ഇംഗ്ലണ്ടിലെ ലസ്റ്റർഷയറിൽ ലിൻഡ മാൻ എന്ന 15 വയസ്സുകാരിയെ കാണാതായി. കൂട്ടുകാരിയെ കാണാൻ വീട്ടിൽ നിന്നിറങ്ങി നടന്നതായിരുന്നു ലിൻഡ. ടെൻ പൗണ്ട് ലൈനിലാണു കാണാതായത്. വീട്ടുകാരും നാട്ടുകാരും പൊലീസും തിരച്ചിൽ ആരംഭിച്ചു. രണ്ടു ദിവസത്തിനുശേഷം, ക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെട്ട നിലയിൽ അവളുടെ മൃതദേഹമാണു കണ്ടെത്തിയത്. കുറ്റവാളിക്കായി പൊലീസ് വലവിരിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.

മൂന്നു വർഷത്തിനുശേഷം, 1986 ജൂലൈയിൽ ഡോൺ ആഷ്‍വർത്ത് എന്ന പതിനഞ്ചുകാരിയെ ലസ്റ്റർഷയറിൽ കാണാതായി. സുഹൃത്തിന്റെ വീട്ടിൽനിന്നു സ്വന്തം വീട്ടിലേക്കുള്ള യാത്രയിൽ ടെൻ പൗണ്ട് ലൈനിലാണു ഡോണിനെയും കാണാതായത്. പിറ്റേന്നു ക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെട്ട നിലയിൽ അവളുടെ മൃതദേഹവും കിട്ടി. ഒരേ രീതിയിൽ ഇംഗ്ലണ്ടിൽ രണ്ടു പെൺകുട്ടികൾ കൊല്ലപ്പെട്ടതു വലിയ വാർത്തയും ചർച്ചയുമായി. ഒരു സീരിയൽ കില്ലറുടെ സാന്നിധ്യം പൊലീസ് മണത്തു. ലിൻഡയുടെയും ഡോണിന്റെയും വസ്ത്രങ്ങൾ നീക്കിയ രീതിയും സ്കാർഫ് ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊന്നതും ഒരുപോലെ ആയിരുന്നു എന്നതാണു നിഗമനത്തിനു സഹായിച്ചത്.

രണ്ടു പെൺകുട്ടികളുടെയും ശരീരത്തിൽനിന്നു ലഭിച്ച ബീജ സാംപിൾ ഒരേ വ്യക്തിയുടേതായിരുന്നു. പെൺകുട്ടികളെ അറിയുന്ന, സ്ഥലപരിചയമുള്ള നാട്ടുകാരൻ തന്നെയാകും കൊലയാളിയെന്നും ഉറപ്പിച്ചു. സമീപഗ്രാമങ്ങളിൽ ഭയം പടർന്നു. ‘കൊലയാളി നമ്മുടെ നടുക്ക്’ എന്ന് മാധ്യമങ്ങൾ എഡിറ്റോറിയലുകൾ എഴുതി. അടുത്തതു നമ്മുടെ മകളോ എന്നു നാട്ടുകാർ ആശങ്കപ്പെട്ടു. സർക്കാരിനെതിരെ പ്രതിഷേധമുയർന്നു. ലിൻഡയുടെ കൊലപാതകിയെ പിടിക്കാൻ സാധിക്കാതിരുന്ന പൊലീസ്, ഡോണിന്റെ മരണത്തിനു പിന്നാലെ ഒരാളെ അറസ്റ്റ് ചെയ്തു.

>പഠനവൈകല്യമുള്ള പതിനേഴുകാരൻ റിച്ചാർഡ് ബക്ക്‌ലാൻഡ് ആണ് പിടിയിലായത്. ഡോണിനെ അറിയാമായിരുന്ന റിച്ചാർഡ്, അവളെ കൊല ചെയ്തതു താനാണെന്നു മൊഴി നൽകി. എന്നാൽ ലിൻഡയുടെ കൊലപാതകം ഏറ്റില്ല. രണ്ടു പെൺകുട്ടികളെയും ഒരാളാണു കൊന്നതെന്ന നിലപാടിലായിരുന്നു പൊലീസ്. റിച്ചാർഡ് നുണ പറയുകാണെന്നും അവർ പറഞ്ഞു. ദൃക്‌സാക്ഷികളുടെയും തെളിവുകളുടെയും അഭാവം പൊലീസിനെ വലച്ചു. ലിൻഡ കൊലക്കേസിൽ പങ്കില്ലെന്നു റിച്ചാർഡ് കോടതിയിലും ആവർത്തിച്ചതോടെ പൊലീസിനു നിൽക്കക്കള്ളിയില്ലാതായി

ഈ സമയത്താണ്, പെൺകുട്ടികൾ മരിച്ച നാര്‍ബോറോ ഗ്രാമത്തിൽനിന്ന് അഞ്ചു മൈൽ അകലെ, യാദൃച്ഛികമായി അലെക് ജെഫ്രി എന്ന ബ്രിട്ടിഷ് ജനിതക ശാസ്ത്രജ്ഞൻ ഡിഎൻഎ പ്രൊഫൈലിങ് അവതരിപ്പിക്കുന്നത്. ബ്രിട്ടിഷ് പൗരത്വം നിഷേധിക്കപ്പെടുന്ന കുട്ടികൾക്കു തന്റെ സാങ്കേതിക സംവിധാനം ഉപയോഗപ്പെടുത്തി കുടുംബത്തിന്റെ ജനിതക പാരമ്പര്യം തെളിയിക്കാമെന്ന വാദവുമായി അലെക് ജെഫ്രി മുന്നോട്ടുവന്നു. കുറ്റാന്വേഷണങ്ങളിലും ഉപയോഗപ്പെടുത്താമെന്ന് അവകാശപ്പെട്ടു. ലിൻഡയുടെ കൊലപാതകം റിച്ചാർഡ് ഏൽക്കാതിരുന്ന സാഹചര്യത്തിൽ പൊലീസ് ജെഫ്രിയുടെ സഹായം തേടി

ണ്ടു കൊലപാതകങ്ങളും റിച്ചാർഡ് ചെയ്തതാണെന്നു ഡിഎൻഎ ടെസ്റ്റിലൂടെ സ്ഥാപിക്കാനാകുമോ എന്നായിരുന്നു ജെഫ്രിയോടു പൊലീസ് ചോദിച്ചത്. പെൺകുട്ടികളുടെ ശരീരത്തിൽനിന്നു കിട്ടിയ ബീജവും റിച്ചാർഡിന്റെ രക്തവും ശേഖരിച്ചു ജെഫ്രി തന്റെ ലാബിലേക്കു മടങ്ങി. പരിശോധനയിൽ രണ്ടു കാര്യങ്ങൾ വെളിപ്പെട്ടു. പൊലീസ് പറയുന്നതു ശരിയാണ്; പെൺകുട്ടികളെ പീഡിപ്പിച്ചു കൊന്നത് ഒരാളാണ്. ബീജ സാംപിളുകളുടെ ഡിഎൻഎ ഇതു ശരിവയ്ക്കുന്നു. ഞെട്ടിപ്പിക്കുന്നതായിരുന്നു രണ്ടാമത്തെ കണ്ടെത്തൽ. അറസ്റ്റിലായ റിച്ചാർഡിന്റെ ഡിഎൻഎയും പെൺകുട്ടികളുടെ ശരീരത്തിലെ ബീജ സാംപിളിലെ ഡിഎൻഎയും പൊരുത്തപ്പെടുന്നില്ല!

രണ്ട് കൊലപാതകങ്ങളും നടത്തിയത് ഒരാളാണെന്നും എന്നാലതു റിച്ചാർഡ് അല്ലെന്നും ജെഫ്രി പൊലീസിനു റിപ്പോർട്ട് കൊടുത്തു. പൊലീസിന്റെ നിഗമനം ശരിയും പിടിയിലായ ‘പ്രതി’ നിരപരാധിയും ആണെന്നായിരുന്നു ജെഫ്രി നൽകിയ ഡിഎൻഎ ഫലം. ഇതുകേട്ടു ഞെട്ടിയ പൊലീസ് ജെഫ്രിയെ ആദ്യം വിശ്വാസത്തിലെടുത്തില്ല. മൂന്നു തവണ ജെഫ്രി ഡിഎൻഎ പരിശോധനകൾ ആവർത്തിച്ചു. മൂന്നു തവണയും ഫലം ഒന്നായിരുന്നു. വിവരം പുറത്തറിഞ്ഞതോടെ പൊലീസിനു വലിയ നാണക്കേടായി. നിരപരാധിയെന്നു തെളിഞ്ഞതോടെ മൂന്നു മാസത്തെ കസ്റ്റഡിക്കുശേഷം റിച്ചാർഡ് പുറത്തിറങ്ങി.

പിന്നീട്, പൊലീസിന്റെ സമ്മർദത്താലാണ് കൊലയാളിയാണെന്നു സമ്മതിച്ചതെന്നു റിച്ചാർഡ് വെളിപ്പെടുത്തിയതോടെ തല പൊക്കാനാകാത്ത അവസ്ഥയിലായി ബ്രിട്ടിഷ് പൊലീസ്. പുറത്തു സുഖമായി വിഹരിക്കുന്ന കൊലയാളി ആരാണ്? ക്രൂരനായ കൊലയാളിയെ കണ്ടെത്താൻ ജെഫ്രിന്റെ സഹായം തേടി വീണ്ടും പൊലീസെത്തി. കുറ്റകൃത്യം നടന്ന പരിസരത്തുള്ള മുഴുവൻ പുരുഷന്മാരുടെയും ഡിഎൻഎ ശേഖരിക്കണമെന്നായിരുന്നു ജെഫ്രിന്റെ നിർദേശം. 1953നും 1970നും ഇടയിൽ ജനിച്ച സകല പുരുഷന്മാർക്കും പൊലീസ് നോട്ടിസ് അയച്ചു. ഇക്കാലത്തു നാര്‍ബോറോയിൽ ജീവിച്ചവരും ജോലി ചെയ്തവരും ഇതിലുൾപ്പെടും. രണ്ടു ലാബുകൾ സജ്ജമാക്കി. ആഴ്ചയിൽ മൂന്നു ദിവസം വീതം രാവിലെയും വൈകിട്ടുമായി രക്തസാംപിളുകൾ ശേഖരിച്ചു

>ഭൂരിഭാഗം ആളുകളും സ്വമേധയാ രക്തം നൽകാനെത്തി. സൂചി പേടിയാണ്, പൊലീസിനെ ഇഷ്ടമല്ല എന്നെല്ലാം കാരണം പറഞ്ഞു കുറച്ചുപേർ രക്തം നൽകാൻ തയാറായില്ല. കേസിന്റെ പ്രധാന്യം മനസ്സിലാക്കിയപ്പോൾ ഇവരുടെ മനസ്സുമാറി. കുറ്റവാളിയെ കണ്ടുപിടിക്കാൻ എല്ലാവരും രക്തം കൊടുക്കണമെന്നു സമൂഹം സ്വയമേവ സമ്മർദം ചെലുത്തിയതോടെ ആർക്കും മാറിനിൽക്കാനായില്ല. പൊലീസ് നടപടിക്കെതിരെ യുകെയിൽ മനുഷ്യാവകാശ സംഘടനകൾ പരാതിയുമായെത്തി. കൂട്ടമായി രക്തസാംപിൾ ശേഖരിക്കുന്നതു പാർലമെന്റ് പരിശോധിക്കണമെന്നും ആവശ്യമുയർന്നു.

വ്യക്തിയുടെ അവകാശത്തേക്കാൾ സമൂഹത്തിന്റെ സുരക്ഷിതത്വത്തിനാണു പ്രധാനമാണെന്ന തരത്തിൽ ജനങ്ങളിൽ ഒരു ഭാഗവും മാധ്യമങ്ങളും നിലപാടെടുത്തതോടെ പ്രതിഷേധങ്ങൾ തണുത്തു. എട്ടു മാസത്തെ യജ്ഞത്തിനൊടുവിൽ 5511 പുരുഷന്മാർ രക്തം നൽകി. പരിശോധനയിൽ 5511 ഡിഎൻഎയും പെൺകുട്ടികളുടെ ശരീരത്തിലെ ബീജ ഡിഎൻഎയുമായി യോജിക്കുന്നില്ലെന്ന ഫലം വന്നു. പൊലീസ് നിരാശയിലായി. രക്തപരിശോധനയിൽനിന്ന് ഒഴിഞ്ഞുമാറിയവരെ കണ്ടെത്താൻ അന്വേഷണം വിപുലീകരിച്ചു. അങ്ങനെയാണു കോളിൻ പിച്ച്‌ഫോക്ക് എന്ന ഇരുപത്തിയേഴുകാരനെ തേടി പൊലീസ് എത്തിയത്

രണ്ടു കുട്ടികളുടെ പിതാവായ ബേക്കറി ജീവനക്കാരനാണു പിച്ച്ഫോക്ക്. മൂന്നു വർഷം മുൻപു ലിൻഡ മരിച്ച സമയത്ത് പ്രദേശത്തു കണ്ടെന്നാരോപിച്ച് ഇയാളെ ചോദ്യം ചെയ്തിരുന്നതാണ്. ഇളയ മകനെ നോക്കി ഇറങ്ങിയതാണെന്നു മറുപടിയിൽ അന്വേഷണസംഘം തൃപ്തരായിരുന്നതിനാൽ പിച്ച്ഫോക്കിനെ വിട്ടയച്ചു. രേഖകൾ പ്രകാരം രക്തപരിശോധനയ്ക്ക് എത്തിയിരുന്നെങ്കിലും മറ്റൊരാൾ ഇയാൾക്കുവേണ്ടി ആൾമാറാട്ടം നടത്തിയതാണെന്ന സൂചനയാണ് തുമ്പായത്. ഡോണിന്റെ കൊലയ്ക്ക് ഒരു വർഷത്തിനുശേഷം, 1987 ഓഗസ്റ്റിൽ പിച്ച്‌ഫോക്കിന്റെ സഹപ്രവർത്തകനായ കെല്ലി എന്നയാളിൽനിന്നാണാണു വിലപ്പെട്ട വിവരം പൊലീസിനു ചോർന്നുകിട്ടിയത്.

സമീപത്തെ പബ്ബിൽ മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കളോടു മനസ്സുതുറന്ന കെല്ലി, രക്തപരിശോധനാ സമയത്തു പിച്ച്ഫോക്കിനു പകരം താനാണു ലാബിൽ എത്തിയതെന്നു കുറ്റസമ്മതം നടത്തി. ചെറുപ്പത്തിൽ ചെയ്ത തെറ്റിനെ മറയ്ക്കാൻ സഹായം ചെയ്യണമെന്ന പിച്ച്ഫോക്കിന്റെ ആവശ്യം അനുസരിക്കുകയായിരുന്നു. പാസ്പോർട്ടിലെ ഫോട്ടോ മാറ്റി കെല്ലിയുടേത് ഒട്ടിച്ചാണു വ്യാജരേഖ ഉണ്ടാക്കിയത്. പരിശോധന നടക്കുന്ന സ്കൂളിലേക്കു തന്നെ വാഹനത്തിൽ എത്തിച്ചതും തിരികെ കൊണ്ടുപോയതും പിച്ച്ഫോക്ക് ആണെന്നുമായിരുന്നു കെല്ലിയുടെ വാക്കുകൾ.

കുറ്റസമ്മത സംഭാഷണം കേട്ട ഒരാൾ ആറാഴ്ചയ്ക്കു ശേഷം പൊലീസ് സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞു. കെല്ലി അറസ്റ്റിലായി. കെല്ലിയെ ചോദ്യം ചെയ്ത പൊലീസ് വൈകാതെ പിച്ച്ഫോക്കിനെയും പിടികൂടി. രണ്ടു പെൺകുട്ടികളെ പീഡിപ്പി‌ച്ചതും കൊന്നതും താനാണെന്നു പിച്ച്‌ഫോക്ക് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മറ്റു രണ്ടു ലൈംഗിക പീഡനങ്ങളും വെളിപ്പെടുത്തി.

Advertisment