Advertisment

ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ അനിശ്ചിതകാല നില്‍പ് സമരത്തിന് ഒരുങ്ങി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍; നാളെ മുതല്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം ആരംഭിക്കും

New Update

തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ അനിശ്ചിതകാല നില്‍പ് സമരത്തിന് ഒരുങ്ങി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. നാളെ മുതല്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം ആരംഭിക്കും.

Advertisment

publive-image

സര്‍ക്കാര്‍ കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ ആരോപിച്ചു. രോഗികളുടെ പരിചരണത്തിന് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലായിരിക്കും സമരം നടത്തുക എന്ന് സംഘടന അറിയിച്ചു. ട്രെയിനിങ്ങുകള്‍, മീറ്റിംഗുകള്‍, വിഐപി ഡ്യൂട്ടി തുടങ്ങിയ സേവനങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും.

കോവിഡും പുതിയ വകഭേദങ്ങളും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കടുത്ത സമ്മര്‍ദത്തിലാണ് ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നത്. കോവിഡ് ബ്രിഗേഡ് പിരിച്ചു വിട്ടതോടെ ഡോക്ടര്‍മാര്‍ക്ക് ജോലിഭാരം കൂടി.

ന്യായമായി ലഭിക്കേണ്ട റിസ്‌ക് അലവന്‍സ് നല്‍കിയില്ല. ശമ്പള പരിഷ്‌കരണം വന്നപ്പോള്‍ ആനുപാതിക വര്‍ദ്ധന വരുത്തിയില്ല. പകരം പല അലവന്‍സുകളും, ആനുകൂല്യങ്ങളും നിഷേധിക്കുകയും ചെയ്തു. ഇതെല്ലാം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അനുകൂല നടപടി ഉണ്ടായില്ലെന്ന് കെജിഎംഒഎ പറഞ്ഞു.

സര്‍ക്കാര്‍ മറ്റ് മേഖലകളിലെ പുതിയ തസ്തികകള്‍ക്കായി ഉയര്‍ന്ന് ശമ്പളം നിര്‍ണ്ണയിക്കുമ്പോഴും, സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ കാര്യത്തില്‍ വേണ്ട പരിഗണന നല്‍കുന്നില്ല. വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണമെന്നും, ചെയ്യുന്ന ജോലിഭാരം കണക്കാക്കിയും, വിദ്യാഭ്യാസ യോഗ്യതയ്ക്കുമനുസരിച്ചും ശമ്പളം നല്‍കണമെന്നുമാണ് സംഘടന മുന്നോട്ട് വയ്ക്കുന്ന ആവശ്യം.

കോവിഡ് മാനദണ്ഡം പാലിച്ചാണ് സമരം നടത്തുക. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ ഡിഎംഒ – ഡിഎച്ച്എസ് ഓഫീസ് വരെയുള്ള സ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍ ഇതില്‍ പങ്കെടുക്കും.

Advertisment