Advertisment

'ദൈവത്തിന്റെ നാട്ടിലെ ചോരക്കളികള്‍' പ്രകാശനം ചെയ്തു; ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ കേരളം വീണ്ടും കൊലക്കളമാകും: ഉമ്മന്‍ ചാണ്ടി

New Update

publive-image

Advertisment

തിരുവനന്തപുരം: ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ ഇടതുപക്ഷം ചെയ്ത തെറ്റായ കാര്യങ്ങള്‍ക്കുള്ള അംഗീകാരമായി അതു മാറുമെന്നും കേരളം വീണ്ടും കൊലക്കളമാകുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളെക്കുറിച്ച് പിടി ചാക്കോ സംവിധാനം ചെയ്ത 'ദൈവത്തിന്റെ നാട്ടിലെ ചോരക്കളികള്‍' എന്ന ഡോക്യുമെന്ററി കണ്ണൂര്‍ ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ പൂര്‍ണചന്ദ്രന് നല്കി പ്രകാശനം ചെയ്തു സംസാരിക്കുകയായിരന്നു അദ്ദേഹം.

അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ 8 പുരസ്‌കാരം നേടിയ ഡോക്യുമെന്ററിയിലൂടെ കേരളത്തിലെ രാഷ്ട്രീയകൊലപാതകം ഇപ്പോള്‍ രാജ്യന്തരശ്രദ്ധ നേടിയിരിക്കുകയാണ്. കേരളത്തിന് അപമാനമാണ് രാഷ്ട്രീയകൊലപാതകങ്ങള്‍. കേരളം തെരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോള്‍ കൊലപാതക രാഷ്ട്രീയം വളരെ ഗൗരവമായി ചര്‍ച്ച ചെയ്യണം.

1984 മുതല്‍ 2018 വരെ കണ്ണൂരില്‍ 125 രാഷ്ട്രീയകൊലപാതകങ്ങള്‍ നടന്നു എന്നാണ് വിവരാവകാശ നിയമപ്രകാശം ലഭിച്ച കണക്ക്. ഏറ്റവുമധികം കൊല്ലപ്പെട്ടത് ബിജെപിക്കാരാണ് - 53 പേര്‍. സിപിഎമ്മിലെ 46 പേരും കോണ്‍ഗ്രസിലെ 19 പേരും കൊല്ലപ്പെട്ടു. മുസ്ലീംലീഗും മറ്റും 7 പേര്‍. ഏറ്റവും ശ്രദ്ധേയമായ വസ്തുത 78 കൊലക്കേസുകളിലും സിപിഎം ആണ് പ്രതിസ്ഥാനത്ത് എന്നാണ്. ബിജെപി 39 എണ്ണത്തില്‍ പ്രതികളാണ്. കോണ്‍ഗ്രസ് ഒറ്റ കേസില്‍ മാത്രമാണ് പ്രതിയായിട്ടുള്ളത്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ കുറയുകയും ഇടതുസര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ കൊലപാതകങ്ങള്‍ കൂടുകയും ചെയ്യുന്നു എന്നാണ് വിവരാവകാശ രേഖകളില്‍ നിന്നു വ്യക്തമാകുന്നത്.

ഇടതുപക്ഷ സര്‍ക്കാരിന്റെ 2006 ജൂണ്‍ മുതല്‍ 2011 മെയ്‌വരെയുള്ള കാലയളവില്‍ കണ്ണൂരില്‍ 56 രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടായപ്പോള്‍, യുഡിഎഫിന്റെ 2011 ജൂണ്‍ മുതല്‍ 2016 മെയ് വരെയുള്ള കാലയളവില്‍ 25 രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടായി. 2016 മെയ് മാസം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം കണ്ണൂര്‍ വീണ്ടും കൊലക്കളമായി. രണ്ടര വര്‍ഷംകൊണ്ട് 11 പേരാണ് കണ്ണൂരില്‍ മാത്രം കൊല്ലപ്പെട്ടത്. മൊത്തം 37 രാഷ്ട്രീയ കൊലപാതകങ്ങള്‍.

ഏറ്റവും കൂടുതല്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കുന്നത് കേരളത്തിലാണ്. കണ്ണൂരും പരിസരങ്ങളിലുമായി 6 അരുംകൊലകള്‍ ഇപ്പോള്‍ സിബിഐ അന്വേഷിക്കുന്നുണ്ട്. അരിയില്‍ ഷുക്കൂര്‍, കതിരൂര്‍ മനോജ്, പയ്യോളി മനോജ്, മുഹമ്മദ് ഫസല്‍, പെരിയ ഇരട്ടക്കൊല എന്നിവയാണവ. മട്ടന്നര്‍ ഷുഹൈബ് വധക്കേസ് അന്വേഷിക്കുന്നതില്‍ നിന്ന് സിബിഐയെ തടയാന്‍ കോടികള്‍ മുടക്കി സര്‍ക്കാര്‍ നിയമപോരാട്ടം നടത്തുകയാണ്. നാടിനെ ഞടുക്കിയ ഈ കേസുകളിലും സിപിഎമ്മുകാരാണു പ്രതികള്‍.

കൊലയാളി പാര്‍ട്ടികളെ ജനാധിപത്യരീതിയില്‍ അധികാരത്തില്‍ നിന്നു പുറത്താക്കുക എന്നതു മാത്രമാണ് നമുക്കു മുന്നിലുള്ള വഴിയെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

oommen chandy trivandrum news
Advertisment