Advertisment

ഏതു സാഹചര്യത്തിലും അവളെ നെഞ്ചോടു ചേർത്ത് പിടിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം അവളുടെ കൈ പിടിക്കുക ; യുവ അധ്യാപികയുടെ കുറിപ്പ്‌

New Update

സാക്ഷരതയിൽ മുന്നിൽ എന്നവകാശപ്പെടുന്ന നമ്മുടെ കേരളത്തിൽ,ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് അടുത്ത കാലങ്ങളിൽ പുറത്തു വരുന്നത്.മാർക്ക് മേടിച്ചു ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന വിദ്യാഭാസ രീതികളല്ലാ നമുക്കാവശ്യം.അറിവിനോടൊപ്പം വകതിരിവ് പകർന്നു നല്കുന്ന സഹജീവികളുടെ വേദന തിരിച്ചറിയാനാകുന്ന, നന്മയുടെ പാഠങ്ങൾ പകർന്നു നല്കുന്നതാവണം നാളത്തെ വിദ്യാഭാസം. -യുവ അധ്യാപിക ഡോ. അനൂജ ജോസഫ് എഴുതുന്നു.

Advertisment

publive-image

ഇടത്തരം കുടുംബങ്ങളിൽ നിന്നും വിവാഹം ചെയ്തയക്കപ്പെടുന്ന പെൺകുട്ടികൾക്കു അമ്മമാർ നല്കുന്ന ഉപദേശമാണ് "ഇനി മുതൽ നിന്റെ വീടാണത്,അവിടെയുള്ള സാഹചര്യങ്ങളോട് പൊരുത്തപ്പെടണം"

തങ്ങളുടെ വിവാഹം നടത്താനായി വീട്ടുകാർ അനുഭവിച്ച കഷ്‌ടപ്പാടുകൾ ഓർക്കുമ്പോൾ ഏതു വിധേനയും പുതിയ സാഹചര്യങ്ങളോട് പൊരുത്തപെടാനായുള്ള ശ്രമത്തിലായിരിക്കും ആ പെൺകുട്ടികളും.കാരണം അവർക്കറിയാം വാർധക്യാവസ്ഥയിലായിരിക്കുന്ന തന്റെ മാതാപിതാക്കൾക്ക് ഒരു ബാധ്യതയായി മാറരുതെന്നും,

വിവാഹിതരായ സഹോദരങ്ങൾക്കു തലവേദനയായി തിരിച്ചു വീട്ടിലേക്കു പ്രശ്നങ്ങളുടെ ഭാണ്ഡക്കെട്ടുമായി പോകരുതുമെന്നുള്ള ചിന്തയിൽ അവൾ സ്വയം എരിഞ്ഞടങ്ങും,ഒരു മെഴുകുതിരി പോലെ.

സ്ത്രീകൾക്കെതിരെയുള്ള ഗാർഹികപീഡന നിയമങ്ങളോ,എന്തിനേറെ സ്ത്രീസുരക്ഷക്കായി നിലകൊള്ളുന്ന സ്ഥാപനങ്ങളോ ഒന്നും അവളുടെ അറിവിൽ പോലും കാണില്ല.

ഒരു പക്ഷെ പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ട അവളുടെ വിദ്യാഭാസം,

കൈയിൽ കാശില്ലാത്തതിനാൽ എന്തിനും ഏതിനും ഭർത്താവിനെ ആശ്രയിക്കേണ്ടി വരുന്ന ദയനീയാവസ്ഥ,

താൻ തല്ലിയാലും തെറി വിളിച്ചാലും അടിമയായി അവൾ കൂടെ കഴിഞ്ഞോളും,അവൾ എവിടെ പോകാനാ,

എല്ലാവരുമൊന്നുമില്ലേലും ഇത്തരം സാഹചര്യങ്ങളാണ് ഈ പെൺകുട്ടികൾക്കായി ഭർത്താവും വീട്ടുകാരും ഒരുക്കുന്നത്,

അത്തരത്തിൽ ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ അതിദാരുണമായ മരണവും അനുബന്ധ സംഭവങ്ങളുമാണ് ഇന്നു വാർത്തകളിൽ.

ചർച്ചകൾ തുടരുന്നുണ്ട്,

ഈ സാഹചര്യങ്ങൾ കൂടുന്നതല്ലാതെ ഒരു മാറ്റവുമില്ല,

ഞാനുൾപ്പെടുന്ന ഈ സമൂഹത്തെയോർത്തു ലജ്ജ തോന്നുന്നു,

ഒരാളെയെങ്കിലും അനാരോഗ്യകരമായ ജീവിത സാഹര്യങ്ങളിൽ നിന്നും രക്ഷിക്കുവാൻ നമുക്ക് കഴിയുന്നില്ലല്ലോ,

നിയമത്തിന്റെ പഴുതുകളിലൂടെ കുറ്റവാളികൾ നിയമത്തെ പരിഹസിക്കുമ്പോൾ,

ഈ നാട്ടിൽ എന്തു സുരക്ഷയാണുള്ളത്,

ഒരു ഭാഗത്തു അതിജീവനത്തിനു വേണ്ടി തീച്ചൂളയിലൂടെ നടക്കുന്ന,ജീവിക്കണോ മരിക്കണോ എന്നറിയാത്ത അവസ്ഥയിൽ ജീവിക്കുന്ന,മക്കളെയോർത്തു കടന്നു പോകുന്ന നരകതുല്യമായ ജീവിതത്തോട് പടവെട്ടി മുന്നേറുന്നവർ,

മറുവശത്തു,

സ്വന്തം കുഞ്ഞിനോട് കാമുകൻ നടത്തിയ പേക്കൂത്തു കണ്ടിട്ടും കാണാതെ നിന്നവളും,

ജീവിതസുഖം തേടി നടക്കുന്ന,സ്വയംപര്യപ്തർ എന്നു വിശേഷിപ്പിക്കുന്നവരും ,

വസ്ത്രധാരണവും ആർത്തവവും സ്വയംഭോഗം എന്നിങ്ങനെ

സ്ത്രീകൾ പ്രഥമമായി നേരിടുന്ന വിഷയങ്ങൾക്കെതിരെ നഖശിഖാന്തം പോരാടുന്നവർ,

ഫെമിനിസിസം എന്തിനും ഏതിനും സ്ത്രീശാക്തീകരണമെന്നു മുറവിളി കൂട്ടുന്നതല്ല,,

സ്ത്രീ അപലയല്ല,

ഇതൊക്കെ ശരി,

വീടുകളിൽ തളക്കപ്പെട്ട,വിധിയെ പഴിച്ചു നരകതുല്യമായ ജീവിതം നയിക്കുന്ന എത്ര സ്ത്രീകളെ രക്ഷിക്കുവാൻ കഴിഞ്ഞു ,

മരിച്ചു കഴിയുമ്പോൾ മാത്രം കുറെ പ്രസംഗിച്ചിട്ടു എന്തു പ്രയോജനം,ജാഥകൾ സംഘടിപ്പിച്ചും മെഴുകുതിരികൾ കത്തിച്ചും,ആർക്കു വേണ്ടി,

ഈ അവസ്ഥകളിൽ നിന്നൊരു മോചനം ആഗ്രഹിക്കുണ്ടെങ്കിൽ,

ആൺകുട്ടിയും പെൺകുട്ടിയും എന്ന അനോരോഗ്യകരമായ വിവേചനം കുടുംബത്തിൽ നിന്നും ആദ്യം എടുത്തു കളയുക,

മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളോട് നീ പെങ്കൊച്ചാ,അവനെ ആൺകുട്ടിയാ,ആവശ്യത്തിൽ കൂടുതൽ ആൺകുട്ടികൾക്ക് പ്രാധാന്യം കൊടുക്കുന്ന മാതാപിതാക്കളാണ് ഒരു പരിധി വരെ കാരണക്കാർ,

പെൺകുട്ടിയെ ബഹുമാനിക്കാൻ,അവൾ അടിമയല്ലെന്നുമുള്ള ചിന്താഗതി കുടുംബത്തിൽ നിന്നുമാണ് ഒരാൾക്ക് ലഭിക്കുന്നത്,പ്രതേകിച്ചും അമ്മമാർ തങ്ങളുടെ ആൺമക്കളെ വളർത്തുമ്പോൾ മേല്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുക,

പണ്ട് കാലത്തെന്നല്ല ഇന്നും,പ്രസവിച്ചത് പെണ്കുഞ്ഞിനെയാണെന്നു കേൾക്കുമ്പോൾ ചിലരുടെ നെറ്റി ചുളിയും,ഇനി ഇപ്പോ ചിലവാണല്ലോ എന്ന പറച്ചിലും കേൾക്കാം,മറിച്ചു ആൺകുഞ്ഞാണെൽ സന്തോഷവും,അവനിങ്ങോടല്ലേ സകലതും കൊണ്ട് വരുന്നേ,പഠിപ്പിച്ചാ മതി,ഒന്നും അങ്ങോടു കൊടുക്കണ്ട,

പറഞ്ഞു വന്നേ സ്ത്രീ ധനമെന്ന നമ്മുടെ ആചാരമാണ്,

അളവും തൂക്കവും പറഞ്ഞു വിവാഹം ഉറപ്പിക്കുന്നു,സമ്പാദ്യം നല്ലതു പോലുള്ള വീട്ടുകാരനെൽ വിലപേശലില്ല,ചോദ്യവുമില്ല,നിങ്ങൾക്ക് ഇഷ്ട്മുള്ളത് മകൾക്കു കൊടുത്താൽ മതി എന്ന ഭംഗി വാക്കിൽ അവസാനിക്കും,ലഭിക്കും എന്നുള്ള ഉറപ്പു അത്രമേലുണ്ടേ.

ഇതിനിടയിൽ പെട്ട് പോകുന്നത്,പ്രാരാബ്ദക്കാരാണ് ,രണ്ടറ്റവും കൂട്ടി മുട്ടിച്ചു കുടുംബത്തെ മുന്നോട്ട് കൊണ്ട് പോകുന്നവർക്ക് സ്ത്രീധന വിപണിയിൽ പിടിച്ചു നിൽക്കാനാവില്ല,

പെൺകുട്ടികൾ പുര നിറഞ്ഞു നിൽക്കുമ്പോൾ,നെഞ്ച് കത്തുന്ന അപ്പനും അമ്മയും കടവും കാവലും ഒക്കെ വാങ്ങിച്ചു ആകുന്ന രീതിയിൽ വിവാഹം കഴിപ്പിച്ചയക്കും,

കൊടുത്തതു പോരെന്നു പറഞ്ഞു ഭർത്താവു എന്ന അഭിനവ പുംഗവൻ പാവം പിടിച്ച പെങ്കൊച്ചിന്റെ വീട്ടുകാരുടെ സമാധാനം കളയും,

അവന്റെ എല്ലാ കൂത്താട്ടത്തിനും കുട പിടിച്ചു നില്ക്കാൻ വീട്ടുകാരും കൂടി ചേരുമ്പോൾ രംഗം ഉഷാറാകും,

തങ്ങൾക്കു തല്ലാനും കൊല്ലാനുമായി ഒരു അടിമ മാത്രമായി ആ പെൺകുട്ടിയുടെ ജീവിതം,

അവളെ പ്രാണനായി കരുതുന്ന ഒരപ്പനും അമ്മയും അവൾക്കുണ്ടെന്നു അവരങ് മറക്കും,

വിവാഹത്തിന് ശേഷമുള്ള മക്കളുടെ ജീവിതത്തിനു ഒരു മുതൽക്കൂട്ടായി തീരും സ്ത്രീധനമെന്ന ഏർപ്പാട്,ഇതാണ് ഒരു പക്ഷം,

ആയിക്കോട്ടെ,

മക്കളുടെ നല്ല ഭാവിക്കായി മാതാപിതാക്കൾ ഇഷ്‌ടത്തോടെ തരുന്നത് നിങ്ങൾ വേണ്ടാന്ന് വയ്‌ക്കേണ്ട,

മറിച്ചു,ആൺകുട്ടികളോടായിട്ടു,

പത്തു ഇരുപതു വർഷം ജീവനായി കരുതി വളർത്തിയ ഒരു മകളെ നിങ്ങൾക്ക് കൈ പിടിച്ചു തരുമ്പോൾ,അപ്പനും അമ്മക്കുമുള്ള ഒരു വിശ്വാസമുണ്ട്,

തങ്ങളുടെ കാലശേഷവും അവൾ സുഖമായിരിക്കും,

സന്തോഷത്തോടെ ജീവിക്കുമെന്നുള്ള ഉറപ്പു,

അവളെ പോറ്റാൻ കഴിവുണ്ടെങ്കിൽ മാത്രം,

അവളുടെ കണ്ണ് നനയിപ്പിക്കാതിരിക്കാൻ ,

ഏതു സാഹചര്യത്തിലും അവളെ നെഞ്ചോടു ചേർത്ത് പിടിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം അവളുടെ കൈ പിടിക്കുക,

കാരണം നിങ്ങൾക്ക് തോന്നിയ പോലെ തല്ലാനും കൊല്ലാനും അവൾ പട്ടിയോ പൂച്ചയോ ഒന്നുമല്ല,

നിങ്ങളുടെയത്ര കായിക ബലമില്ലായിരിക്കും അവൾക്കു,മദ്യപിച്ചും തെറി വിളിച്ചും ചവിട്ടിയുമൊക്കെ നിങ്ങൾ അവളെ കീഴ്പെടുത്തുമ്പോൾ തോൽക്കുന്നത് നിങ്ങൾ മാത്രം,അന്നേരം നിങ്ങൾ ഒരു ഭീരുവായി മാറുന്നുവെന്നതു സത്യം.

നമുക്ക് ശ്രദ്ധിക്കാം,

• ചുറ്റുപാടുകളിൽ അനാരോഗ്യകരമായ അല്ലെങ്കിൽ സംശയാസ്പദമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ആരേലും നിങ്ങള്ടെ ശ്രദ്ധയിൽപെട്ടാൽ അടുത്തുള്ള പോലീസ്‌സ്റ്റേഷൻലോ,ജനപ്രധിനിധികളെയോ അറിയിക്കുക.

ഇതൊന്നും എന്നെ ബാധിക്കുന്നതല്ലല്ലോ എന്നാവും ഒട്ടുമിക്കപേർക്കും, അവരോടായി നാളെ നിങ്ങള്ടെ ആർക്കെങ്കിലും ഈ അവസ്ഥ വരുമ്പോഴും ഈ നിലപാട് തുടരുക.

.

• ജനപ്രധിനികൾ തങ്ങളുടെ മണ്ഡലങ്ങളിലെ ജനങ്ങളുടെ ജീവിതരീതികളെ കുറിച്ചും മറ്റും അറിവുള്ളവരായിരിക്കുവാൻ ശ്രമിക്കുക. പഞ്ചായത്ത്,മുൻസിപ്പാലിറ്റി,കോർപറേഷൻ പരിധിയിൽ പെടുന്ന തങ്ങളുടെ വോട്ടര്മാറുടെ ജീവിത സുരക്ഷ ഉറപ്പു വരുത്തുക.

• പ്രതേകിച്ചും സ്ത്രീസുരക്ഷ ഉറപ്പു വരുത്തുന്ന നിയമങ്ങളെ കുറിച്ചു നിങ്ങള്ടെ വോട്ടർമാരെ ബോധവാന്മാരാക്കുക്കുക.

• കുടുംബശ്രീ ,ജനശ്രീ പോലുള്ള സംഘടനകൾ ,തങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കുവാൻ സ്ത്രീകളെ പ്രാപ്തരാക്കുക.

• ഭരണ സിരാകേന്ദ്രത്തിലിരിക്കുന്ന ബഹുമാനപെട്ട ജനപ്രധിനിധികൾ ഗാർഹിക പീഡന നിയമങ്ങൾ നടപ്പിൽ വരുത്തുന്നതിൽ കർശന നിലപാടുകൾ സ്വീകരിക്കുക.

• പെണ്കുട്ടികളോടായി ,നിങ്ങള്ടെ ജീവനോളം വലുതല്ല ഒന്നും.നിങ്ങൾക്ക് നേരെയുണ്ടാകുന്ന ,ജീവന് ഭീഷണിയാകുന്ന എന്ത് സംഭവമായാലും മാതാപിതാക്കളെ അറിയിക്കുക.

വാൽക്കഷ്ണം:

സാക്ഷരതയിൽ മുന്നിൽ എന്നവകാശപ്പെടുന്ന നമ്മുടെ കേരളത്തിൽ,ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് അടുത്തകാലങ്ങളിൽ പുറത്തു വരുന്നത്,

മാർക്ക് മേടിച്ചു ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന വിദ്യാഭാസ രീതികളല്ലാ നമുക്കാവശ്യം,

അറിവിനോടൊപ്പം വകതിരിവ് പകർന്നു നല്കുന്ന,

സഹജീവികളുടെ വേദന തിരിച്ചറിയാനാകുന്ന,

നന്മയുടെ പാഠങ്ങൾ പകർന്നു നല്കുന്നതാവണം നാളത്തെ വിദ്യാഭാസം.

വളർന്നു വരുന്ന തലമുറയെങ്കിലും ഒന്നു മാറിചിന്തിക്കട്ടെ.

Advertisment