Advertisment

ധനമന്ത്രി തോമസ് ഐസക്കിനെ പിടിച്ചുകെട്ടാന്‍ കോണ്‍ഗ്രസിന്റെ വജ്രായുധം ! ആലപ്പുഴയില്‍ ഇക്കുറി മത്സരിക്കുക ഡോ. കെ എസ് മനോജ്. ഡോ. മനോജിനോട് ആലപ്പുഴയില്‍ സജീവമാകാന്‍ നിര്‍ദേശിച്ചത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ലത്തീന്‍ സഭയുടെ പിന്തുണയും മനോജിന് ഗുണകരമാകുമെന്ന് കോണ്‍ഗ്രസ്. വിദേശവാസമവസാനിപ്പിച്ച് തിരിച്ചെത്തിയ മനോജ് തിരക്കിട്ട് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ! ഐസക്കിന് പൂട്ടിടാന്‍ മനോജിനാകുമോ ?

New Update

ആലപ്പുഴ: സിപിഎമ്മിന്റെ ഉറച്ച കോട്ടയായിരുന്നു എക്കാലവും ആലപ്പുഴ നിയമസഭാ മണ്ഡലം. എന്നാല്‍ 1996 മുതല്‍ 2006വരെ മണ്ഡലം കോണ്‍ഗ്രസിലേക്ക് തിരിഞ്ഞു. കെസി വേണുഗോപാലിന്റെ കരുത്തുറ്ര നേതൃത്വമാണ് അതിനു സഹായകരമായത്.

Advertisment

publive-image

മന്ത്രി ഡോ. തോമസ് ഐസക്

കെസി വേണുഗോപാല്‍ ലോക്‌സഭയിലേക്ക് പോയതോടെ ആലപ്പുഴ വീണ്ടും ഇടത്തു ചാഞ്ഞു. 2011ല്‍ തോമസ് ഐസക്കിലൂടെ മണ്ഡലം പിടിച്ച സിപിഎം കഴിഞ്ഞ തവണയും അതാവര്‍ത്തിച്ചു. തോമസ് ഐസക്കിന് വലിയ വിജയമാണ് സമ്മാനിച്ചത്.

കോണ്‍ഗ്രസിലെ വനിതാ മുഖവും കൊച്ചിയിലെ പ്രധാന നേതാവുമായിരുന്ന ലാലി വിന്‍സെന്റിനെ ഐസക് തോല്‍പ്പിച്ചത് 31032 വോട്ടുകള്‍ക്ക് ആയിരുന്നു. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇക്കുറി യുഡിഎഫ് മറക്കാനാഗ്രഹിക്കുന്ന ജനവിധിയാണ് ആലപ്പുഴയിലേത്.

ജില്ലയില്‍ ഇടത് തേരോട്ടത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. എല്‍ഡിഎഫ് നേതാക്കള്‍ പോലും പ്രതീക്ഷിക്കാത്ത വിജയമായിരുന്നു മുന്നണി ഇവിടെ നേടിയത്. നഗരസഭയിലും ജില്ലാ പഞ്ചായത്തിലുമെല്ലാം ഇടതുപക്ഷം ആധിപത്യം ഉറപ്പിച്ചിച്ചുരുന്നു.

publive-image

ഡോ. കെ.എസ് മനോജ്

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് നിയമസഭ തെരഞ്ഞെടുപ്പില്‍ കച്ചമുറുക്കാനൊരുങ്ങുകയാണ് ആലപ്പുഴയില്‍ യുഡിഎഫ് നേതൃത്വം. ആലപ്പുഴ മണ്ഡലത്തില്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കാനാണ് നീക്കം.

മുന്‍എംപിയും സിപിഎം നേതാവുമായിരുന്ന ഡോ കെഎസ് മനോജിനെ രംഗത്തിറക്കി തോമസ് ഐസക്കിനെ തളയ്ക്കാനാണ് കോണ്‍ഗ്രസ് നീക്കം. മണ്ഡലത്തില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ മനോജിനോട് കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി സജീവ രാഷ്ട്രീയത്തിലില്ലാത്ത മനോജിനെ നിയമസഭയിലേക്ക് മത്സരിപ്പിക്കാനുള്ള നീക്കം നടത്തിയത് കെസി വേണുഗോപാലാണ്.

2004ലാണ് കെ എസ് മനോജ് രാഷ്ട്രീത്തിലേക്ക് വരുന്നത്. അന്ന് ആലപ്പുഴയില്‍ സിറ്റിംഗ് എംപിയായിരുന്ന വിഎം സുധീരനെയായിരുന്നു ഡോ മനോജ് പരാജയപ്പെടുത്തിയത്. പിന്നീട് 2009 ല്‍ രണ്ടാം അങ്കത്തിന് ഇറങ്ങിയെങ്കിലും കോണ്‍ഗ്രസിന്റെ കെസി വേണുഗോപാലിനോട് പരാജയപ്പെടുകയായിരുന്നു. ദൈവവിശ്വാസവുമായി ബന്ധപ്പെട്ട് പാര്‍ട്ടി ഉയര്‍ത്തിയ ചട്ടക്കൂടില്‍ എതിര്‍പ്പ് ഉയര്‍ത്തിയതോടെയാണ് നേതൃത്വവമായി മനോജ് ഇടയുന്നതും ഈ സാഹചര്യം മുതലാക്കി കെസി വേണുഗോപാല്‍ മനോജിനെ കോണ്‍ഗ്രസില്‍ എത്തിക്കുന്നതും.



എന്നാല്‍ അദ്ദേഹം പിന്നീട് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല. എട്ട് വര്‍ഷത്തോളം അദ്ദേഹം വിദേശത്ത് ഡോക്ടറായി സേവനമനുഷ്ഠിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ വിദേശ വാസം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ സജീവമാകാനാണ് മനോജ് ഒരുങ്ങുന്നത്. ലത്തീന്‍ സഭയുമായുള്ള നല്ല ബന്ധം മനോജിന് ആലപ്പുഴയില്‍ തുണയാകുമെന്നും പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ കുറച്ചു ആഴ്ചകളായി മനോജ് ആലപ്പുഴയില്‍ പാര്‍ട്ടി പരിപാടികളില്‍ സജീവമായിട്ടുണ്ട്. രാഷ്ട്രീയ കാലാവസ്ഥയ്ക്കൊപ്പം സാമുദായിക ധ്രുവീകരണവും വിധി നിര്‍ണയിക്കുന്ന മണ്ഡലത്തില്‍ മനോജിന്റെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്യുമെന്നാണ് യുഡിഎഫ് നേതൃത്വം കരുതുന്നത്.

Dr. Thomas Issac Dr. K S manoj
Advertisment