Advertisment

കേരളാ കോണ്‍ഗ്രസ് പിളര്‍പ്പില്‍ താന്‍ നീതിയുടെ പക്ഷത്തെന്ന് ഡോ. എന്‍ ജയരാജ് എംഎല്‍എ. ചെയര്‍മാനാകണമെന്ന് ആവശ്യപ്പെട്ട് താനും റോഷിയും 11 തവണ സിഎഫ് തോമസ് സാറിനെ സന്ദര്‍ശിച്ചെന്നും ജയരാജിന്‍റെ വെളിപ്പെടുത്തല്‍

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

Advertisment

പാലാ : കേരളാ കോണ്‍ഗ്രസുകളുടെ പുതിയ പിളര്‍പ്പില്‍ നീതിയുടെ പക്ഷത്താണ് താന്‍ നിലയുറപ്പിച്ചിരിക്കുന്നതെന്ന് ഉത്തമ ബോധ്യമുണ്ടെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡോ. എന്‍ ജയരാജ് എംഎല്‍എ.

50 വര്‍ഷം മുമ്പ് രാജ്യത്തും സംസ്ഥാനത്തും ഭരണത്തിലിരുന്ന കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് കേരളാ കോണ്‍ഗ്രസ് രൂപീകരിക്കുമ്പോള്‍ കോണ്‍ഗ്രസിനെ വിട്ട് അന്നിറങ്ങിപ്പോന്ന 15 പേരില്‍ എന്‍റെ പിതാവ് നാരായണക്കുറുപ്പും ഉണ്ടായിരുന്നു.

ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ആകാന്‍ കഴിയുമെന്ന് വിചാരിച്ചായിരുന്നില്ല അന്നിറങ്ങിപ്പോന്നതെന്ന് എന്‍റെ പിതാവ് പിന്നീട് എന്നോട് പറഞ്ഞിട്ടുണ്ട്. നീതിയുടെ പക്ഷത്തായിരുന്നു അന്ന് ആ 15 പേര്‍. കേരളാ കോണ്‍ഗ്രസിലെ ഈ ഒടുവിലത്തെ പിളര്‍പ്പില്‍ ഞാനും നീതിയുടെ പക്ഷമാണ് - ഡോ. ജയരാജ് പറഞ്ഞു.

പാലാ ഇടമറ്റത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങിയ സത്യം ഓണ്‍ലൈന്‍ ആസ്ഥാനത്ത് സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.

publive-image

കെഎം മാണി സാറിന്‍റെ മരണശേഷം കേരളാ കോണ്‍ഗ്രസില്‍ ചിലര്‍ മനപൂര്‍വ്വം പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു. മാണി സാറിന്‍റെ മകന്‍ ജോസ് കെ മാണിയെ അഹങ്കാരിയും ധിക്കാരിയുമായി ചിത്രീകരിക്കാന്‍ വ്യാപക പ്രചരണം നടന്നു. അന്നു നടന്ന പല കാര്യങ്ങളും പുറത്തു പറയാതിരുന്നത് മാന്യതയുടെ പേരിലാണ്.

publive-image

മാണി സാറിന്റെ മരണശേഷം ജോസ് കെ മാണി ചെയര്‍മാനാകാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നതാണ് സത്യം. ഞങ്ങളുടെ താത്പര്യം സിഎഫ്‌  തോമസ് സാര്‍ പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കണമെന്നായിരുന്നു. ഞാനും റോഷി അഗസ്റ്റിന്‍ എംഎല്‍എയും കൂടി 11 തവണയാണ് സിഎഫ്  സാറിനെ വീട്ടില്‍ പോയി കണ്ടത്.

സാര്‍ ചെയര്‍മാനാകണം എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. സിഎഫ്  സാര്‍ ചെയര്‍മാനാകണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി 7 തവണ സിഎഫ്‌  സാറിനെ വീട്ടിലെത്തി കണ്ടു. അദ്ദേഹം തയാറായില്ല.

അവസാനം ഞാനും റോഷിയും ഇറങ്ങിവരും മുമ്പ് കൈകൂപ്പി പിടിച്ച് അദ്ദേഹത്തോട് പറഞ്ഞു - ' മാണിസാറിനു ശേഷം ഈ പാര്‍ട്ടിയില്‍ കാരണവരായി ഞങ്ങള്‍ കാണുന്നത് സാറിനെയാണ്. സാര്‍ നേതൃത്വം ഏറ്റെടുക്കണം'  എന്ന്. രണ്ട് ദിവസം കഴിഞ്ഞ് ആലോചിച്ചിട്ട് പറയാം എന്നായിരുന്നു ഒടുവില്‍ അദ്ദേഹം പറഞ്ഞത്.

പക്ഷെ പിറ്റെ ദിവസം അദ്ദേഹം ജോസഫ് വിഭാഗത്തിന്‍റെ യോഗത്തില്‍ പങ്കെടുത്തു. അങ്ങനെയാണ് ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്.

ജോസ് കെ മാണിയുടെ രാജ്യ സഭാംഗത്വം  യാ‍ദൃശ്ചികമായി സംഭവിച്ചതാണെന്ന് ജയരാജ് എംഎല്‍എ പറഞ്ഞു. രാജ്യസഭയിലേയ്ക്ക് മാണിസാര്‍ പരിഗണിച്ചത് തോമസ് ചാഴിക്കാടന്‍, സ്റ്റീഫന്‍ ജോര്‍ജ് എന്നിവരെയൊക്കെയായിരുന്നു.

publive-image

പക്ഷെ ജോസഫ് ഗ്രൂപ്പ് ഒരു ഡിമാന്‍റ് മാണി സാറിനു മുന്നില്‍ വച്ചു. ' രാജ്യസഭയിലേയ്ക്ക് ഒന്നുകില്‍ കെഎം മാണി, അല്ലെങ്കില്‍ ജോസ് കെ മാണി -  അതല്ലെങ്കില്‍ ഞങ്ങള്‍ക്ക് സ്ഥാനാര്‍ഥിയുണ്ട്' .

ഞാനും റോഷിയുമാണ് ഇക്കാര്യം മാണിസാറിനെ അറിയിച്ചത്. അതിനാല്‍ മാണിസാര്‍ രാജ്യസഭയിലേയ്ക്ക് പോകണം എന്ന് ഞങ്ങള്‍ പറഞ്ഞു. ജോസ് കെ മാണിയും അപ്പോള്‍ മുറിയിലുണ്ടായിരുന്നു.

'കേന്ദ്രത്തില്‍ യുപിഎ അധികാരത്തില്‍ വരും. പികെ കുഞ്ഞാലിക്കുട്ടിയും അവിടുണ്ട്. സാര്‍ പോയാല്‍ യുപിഎയില്‍ കാര്യമായ പരിഗണന കിട്ടും'  എന്ന് ഞങ്ങള്‍ പറഞ്ഞു.

പക്ഷെ അദ്ദേഹം കുറച്ചുനേരം ആലോചിച്ചിട്ട് പറഞ്ഞ മറുപടി - ഞാന്‍ പോയാല്‍ പാലാക്കാരെ വഞ്ചിക്കുന്നതിനു തുല്യമാ. ഞാനില്ല. അത് ആലോചിക്കേണ്ട - എന്നദ്ദേഹം തീര്‍ത്തു പറഞ്ഞു.

എങ്കില്‍ ജോസ് കെ മാണി ആകണം, അല്ലെങ്കില്‍ പാര്‍ട്ടിയില്‍ പ്രതിസന്ധി ഉണ്ടാകും എന്ന് പറഞ്ഞപ്പോള്‍ അത് സമ്മതിക്കാതെ ജോസ് കെ മാണി എഴുന്നേറ്റുപോയി.

പക്ഷെ അന്ന് മാണി ഗ്രൂപ്പിനു മുന്നില്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലായിരുന്നു. അങ്ങനെ ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനി ക്കുകയായിരുന്നു.

ഡല്‍ഹിയില്‍ പാര്‍ലമെന്‍റില്‍ മല്‍സരിക്കാനുള്ള എന്‍ഒസി വാങ്ങാന്‍ അന്ന് പുലര്‍ച്ചെയാണ് ഒരാളെ ഡല്‍ഹിക്ക് വിട്ടത്. പിറ്റെ ദിവസം പുലര്‍ച്ചെ എന്‍ഒസിയുമായി അദ്ദേഹം തിരികെ വന്നശേഷമാണ് അന്ന് നോമിനേഷന്‍ സമര്‍പ്പിച്ചത് - ‍ഡോ. എന്‍ ജയരാജ് പറഞ്ഞു.

കേരളാ കോണ്‍ഗ്രസുകള്‍ എത്ര പിളര്‍ന്നാലും എത്ര പ്രതിസന്ധികളെ നേരിട്ടാലും ഈ പാര്‍ട്ടി തകരില്ലെന്ന് ജയരാജ് പറഞ്ഞു. കാരണം ഈ പാര്‍ട്ടിക്ക് തിരികൊളുത്തിയത് ആദരണീയനായിരുന്ന മന്നത്ത് പത്മനാഭനായിരുന്നു. അദ്ദേഹം സമയവും കാലവും നോക്കി തിരികൊളുത്തി അനുഗ്രഹിച്ച ഈ പാര്‍ട്ടി ഒരു കാലത്തും തകരില്ല - അദ്ദേഹം പറഞ്ഞു.

publive-image

അപമാനിച്ച് ഇറക്കിവിട്ട യുഡിഎഫിലേയ്ക്ക് ഇനി മടക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. തലേ ദിവസം കൂറുമാറി വന്ന ഒരാള്‍ക്ക് ജില്ലാ പഞ്ചായത്തില്‍ 3 മാസത്തെ പ്രസി‍ഡന്‍റ് പദവിക്കുവേണ്ടിയാണ് യുഡിഎഫ് തങ്ങളെ അപമാനിച്ചത്.

ആ മുന്നണിയിലേയ്ക്ക് ഇനിയും പോകാന്‍ പ്രവര്‍ത്തകര്‍ അംഗീകരിക്കില്ല. ഒരാശങ്കയ്ക്കും ഇടയില്ലാത്ത വിധം കെഎം മാണിയുടെ മകന്‍ ജോസ് കെ മാണിക്കു ശക്തമായ പിന്തുണ തങ്ങള്‍ നല്‍കുമെന്ന് ഡോ. ജയരാജ് വ്യക്തമാക്കി.

 

jose k mani
Advertisment