Advertisment

ചക്ക തലയിൽ വീണ് ആശുപത്രിയിൽ എത്തിച്ചയാൾക്ക് കോവിഡ് കണ്ടെത്തിയത്‌ മേയ് അവസാനത്തോടെയായിരുന്നു; ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമല്ലെന്നു വന്നപ്പോഴേ ‘ഭൂതം കുടത്തിൽനിന്നു പുറത്തു കടന്നു’ എന്നു മനസിലാക്കി മുന്നറിയിപ്പു നൽകിയിരുന്നു; ഡോ. രാജീവ് ജയദേവൻ പറയുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കൊച്ചി: ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ് . ഇന്ത്യയിലും സ്ഥിതി മറിച്ചല്ല. കേരളത്തില്‍ ഓരോ ദിവസവും രോഗബാധിതരാകുന്നവരുടെ എണ്ണത്തില്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. മാത്രമല്ല മൃതദേഹങ്ങളുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാകുന്ന സംഭവങ്ങളും വര്‍ധിക്കുന്നു. സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന സംഭവങ്ങളില്‍ ഐഎംഐ മുന്നറിയിപ്പ് നല്‍കിയിരുന്നതായി വ്യക്തമാക്കി രംഗത്തു വന്നിരിക്കുകയാണ് ഐഎംഎ എറണാകുളം ജില്ലാ ഘടകം പ്രസിഡന്റ്ഡോ.രാജീവ് ജയദേവന്‍.

Advertisment

publive-image

കഴിഞ്ഞദിവസം ഹൃദയാഘാതം കാരണം മരിച്ച പുല്ലുവഴി സ്വദേശിയുടെ പരിശോധനാ ഫലം ശനിയാഴ്ച പോസിറ്റീവായതാണ് പുതിയ സംഭവം. ആലപ്പുഴയിൽ അടുത്തിടെ മരിച്ച ദമ്പതികളിൽ ഒരാൾ കോവിഡ് പോസിറ്റീവായിരുന്നെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

തൃശൂർ അരിമ്പൂരിൽ കുഴഞ്ഞുവീണു മരിച്ച വീട്ടമ്മയ്ക്കും കോവിഡുണ്ടായിരുന്നെന്ന് സ്ഥിരീകരിച്ചത് പോസ്റ്റ്മോർട്ടവും സംസ്കാര ചടങ്ങുകളും എല്ലാം കഴിഞ്ഞപ്പോൾ. വർധിച്ചു വരുന്ന അജ്ഞാത ഉറവിടങ്ങൾ സംസ്ഥാനത്ത് ഉയർത്തുന്ന ആശങ്ക ചെറുതല്ലെന്ന് ആഴ്ചകൾക്കു മുമ്പേ ഐഎംഎ മുന്നറിയിപ്പു നൽകിയിരുന്നതാണ്. ഇത് അംഗീകരിക്കാനും മുൻകരുതലെടുക്കാനും അധികൃതർ തയാറായില്ല.

ചക്ക തലയിൽ വീണ് ആശുപത്രിയിൽ എത്തിച്ചയാൾക്ക് കോവിഡ് പരിശോധനയിൽ ഫലം പോസിറ്റീവായത് മേയ് അവസാനത്തോടെയായിരുന്നു. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമല്ലെന്നു വന്നപ്പോഴേ ‘ഭൂതം കുടത്തിൽനിന്നു പുറത്തു കടന്നു’ എന്നു മനസിലാക്കി മുന്നറിയിപ്പു നൽകിയിരുന്നതാണെന്ന്  ഡോ. രാജീവ് ജയദേവൻ പറയുന്നു.

സമൂഹവ്യാപനം നിർവചിക്കാനുള്ള എളുപ്പ വഴിയാണ് കുടത്തിലെ അഥവാ കുപ്പിയിലെ ഭൂതത്തിന്റെ കഥ. ‘ഭൂതം’ കുടത്തിനു പുറത്തു കടന്നാൽ പിന്നെ എല്ലായിടത്തും തപ്പുക എന്നതു മാത്രമാണ് പരിഹാരം. അതിനു മുതിരാതിരുന്നത് ഉറവിടം അറിയാത്ത വ്യാപനം പെരുകാൻ കാരണമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

‘വൈറസ് നമ്മുടെ സമൂഹത്തിലുണ്ട് എന്നത് അംഗീകരിക്കുകയാണ് പ്രധാനം. അതൊരു കുറവായി ആരും ഒരിക്കലും കാണേണ്ടതില്ല, കണ്ടിട്ടുമില്ല. കപ്പലിലോ വിമാനത്തിലോ യാത്ര ചെയ്ത് എത്തുന്നവരിലൂടെയാണ് മിക്കപ്പോഴും ഒരു രോഗം രാജ്യത്ത് എത്തുന്നത്. ഒരാൾക്ക് രോഗം ഉണ്ടെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞാൽ അദ്ദേഹത്തിന്റെ കോൺടാക്ടുകൾ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നു. പിന്നെ നിരന്തരം ബന്ധപ്പെട്ട് രോഗലക്ഷണങ്ങളുണ്ടോ എന്ന് അന്വേഷിക്കുന്നു. അതാണ് സാധാരണ നിലയിൽ സമ്പർക്കവ്യാപനം കണ്ടെത്തൽ. ഇത് നിയന്ത്രണ വിധേയമാണെങ്കിൽ ഭൂതം കുപ്പിയിലാണെന്നു ഉറപ്പിച്ചു പറയാം. അതായത് സമൂഹവ്യാപനം ഇല്ല എന്ന്.

എന്നാൽ, ചക്ക വീണയാൾക്ക് രോഗം പോസിറ്റീവായതോടെ എവിടെനിന്നു രോഗം വന്നു എന്നറിയാതെയാണ് അയാൾ രോഗിയായത് എന്നത് ഉറപ്പായി, അതുപോലെ മറ്റു കേസുകൾ വേറെ. ഇങ്ങനെ തിരിച്ചറിയുന്ന നിമിഷം ചരിത്ര പ്രധാനമാണ്. കാരണം അന്നു മുതൽ നമ്മൾ സമൂഹവ്യാപനമായി കണക്കാക്കണം. എല്ലാ വികസിത രാജ്യങ്ങളും സമൂഹവ്യാപനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണ്. കാരണം ഇങ്ങനെ സംഭവിച്ചാൽ പിന്നെ ഭൂതത്തെ കണ്ടെത്താൻ നമ്മൾ എവിടെയും തപ്പേണ്ടി വരും. പുറത്തു ചാടി എന്നു പറഞ്ഞാൽ പിന്നെ ഭൂതം എവിടെയുണ്ടെന്ന് ഒരു ധാരണയുമുണ്ടാവില്ല.

ഒരു രോഗിയുടെ കൃത്യമായ ഉറവിടം ഇല്ലാതെ തിരിച്ചറിഞ്ഞാൽ അത് സമൂഹവ്യാപനം എന്നാണ് ഹാർ‌വഡ് യൂണിവേഴ്സിറ്റിയും സിഡിസിയും നൽകുന്ന നിർവചനം. കൃത്യവും പ്രായോഗികവും പൊതുജനങ്ങൾക്ക് ഉപകാരപ്രദവുമായ നിർവചനവും ഇതു തന്നെയാണ്. യു‌എസ്, ഓസ്‌ട്രേലിയ, യുകെ, അയർലൻഡ് തുടങ്ങിയ വികസിത രാജ്യങ്ങൾ ഈ നിർവചനമാണ് പിന്തുടർന്നത്. അതായത് കോൺടാക്ട് ട്രേസിങ് കൊണ്ടുമാത്രം ഫലമില്ലാത്ത അവസ്ഥ. എന്നാൽ ഇന്ത്യാ ഗവൺമെന്റ് ഉൾപ്പടെയുള്ള നമ്മുടെ ഭരണകൂടങ്ങൾ ഈ നിർവചനം അംഗീകരിക്കുന്നില്ല എന്നതാണ് മനസിലാക്കുന്നത്.

പകരം ഡബ്ല്യുഎച്ച്ഒയുടെ അവ്യക്തതകൾ നിറഞ്ഞ ഒരു നിർവചനം പിന്തുടരുന്നു. വ്യാഖ്യാനിക്കുന്ന ആളുടെ മനോഗതി അനുസരിച്ച് ഏതു തരത്തിലും വളച്ചൊടിക്കാവുന്ന ഒന്നാണ് ഡബ്ല്യുഎച്ച്ഒ നൽകിയ നിർവചനം. അതുകൊണ്ടു തന്നെയാണ് ഇക്കാര്യത്തിൽ സംശയങ്ങളും തർക്കങ്ങളുമെല്ലാം ഉയർന്നു വന്നത്. ഇവ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഓസ്ട്രേലിയയിൽ ഉറവിടം അറിയാത്ത രോഗം റിപ്പോർട്ട് ചെയ്തത് ഫെബ്രുവരിയിലാണ്. അന്ന് ആ രാജ്യത്ത്‌ വെറും 41 രോഗികളേ ഉണ്ടയിരുന്നുള്ളൂ. ഉടൻ തന്നെ ഇത് സമൂഹവ്യാപനമെന്ന പ്രഖ്യാപനമുണ്ടായി. ടെസ്റ്റിങ് ഊർജിതമായി നടത്തി.

കേരളത്തിലെ ഇന്നത്തെ സാഹചര്യത്തിൽ ഒരിക്കലും സമ്പർക്കം കണ്ടെത്തുന്നതിലൂടെ മാത്രം രോഗം നിയന്ത്രിക്കാനാവില്ല. ഈ സാഹചര്യത്തിൽ ഭൂതത്തെ നമ്മൾ തന്നെ പോയി തിരഞ്ഞു കണ്ടുപിടിക്കണം. എല്ലായ്പോഴും ലക്ഷണങ്ങളില്ലാത്ത വൈറസാണ് ഇത് എന്നതിനാൽ ഇവയെ കണ്ടെത്താൻ പരിശോധന നടത്തുക മാത്രമാണ് പ്രതിവിധി. ആശുപത്രികളിലല്ല, സമൂഹത്തിൽ പോയി പരിശോധനകൾ നടത്തണം. ഇതിന് ആളുവേണം, കിറ്റു വേണം, അതിനുള്ള അനവധി സന്നാഹങ്ങൾ വേണം. ഇതൊന്നും ഇല്ലാത്തത് നാടിനെ വലിയ പ്രതിസന്ധിയിലാക്കും.

ഈ സാഹചര്യത്തിലും സമൂഹവ്യാപനം ഇല്ല എന്ന ഒരു നിലപാട് ഉണ്ടാക്കുന്ന ദൂഷ്യവശങ്ങൾ എറെയാണ്. അതിൽ ഒന്നാണ് കഴിഞ്ഞ ദിവസം ദിവസം പൂന്തുറയിൽ കണ്ടത്. ആളുകൾ ഒരു കൂസലും ഇല്ലാതെ കൂട്ടംകൂടി പുറത്തിറങ്ങുന്നു. ആരോഗ്യ, സുരക്ഷാ നടപടികളെ പരസ്യമായി വെല്ലുവിളിക്കുന്നു. നാളെ അതു മറ്റൊരിടത്തിൽ, മറ്റൊരു രൂപത്തിൽ ആവർത്തിക്കും. ഇതിനൊരു പ്രധാന കാരണം ഉത്തരവാദിത്തപ്പെട്ടവർ ഇവിടെ സമൂഹവ്യാപനം ഇല്ലെന്ന് ആവർത്തിച്ചു പറയുന്നതു തന്നെയാണ്.

ഈ വാക്കുകൾ വിശ്വസിക്കുന്ന ഒരു സാധാരണക്കാരൻ വൈറസ് നമ്മുടെ സമൂഹത്തിൽ ഇല്ലെന്നു തന്നെയാണ് വിശ്വസിക്കുക. ജനം എല്ലായ്പ്പോഴും സർക്കാർ പറയുന്നതാണ് വിശ്വസിക്കുക. അതുകൊണ്ടു തന്നെയാണ് തുടക്കം മുതൽ സമൂഹവ്യാപനം ഉണ്ടെന്ന മുന്നറിയിപ്പ് നൽകണമെന്ന നിലപാട് ഐഎംഎ എടുത്തതും. സമൂഹവ്യാപനം എന്ന സാഹചര്യം ഉരുത്തിരിഞ്ഞാൽ എത്രയും പെട്ടെന്ന് പരിശോധന വ്യാപകമാക്കുക എന്നതാണ് പ്രതിവിധി.

അത് എത്രയും തുടക്കത്തിൽ ചെയ്യുന്നോ, അത്രയും വ്യാപനം കുറയ്ക്കും. ഇതിന് ഉദാഹരണമാണ് ഓസ്ട്രേലിയ എന്ന രാജ്യം. കുപ്പിക്കു പുറത്തു വന്ന ഭൂതത്തെ തുടക്കത്തിൽ തന്നെ തിരഞ്ഞ ഓസ്ട്രേലിയയ്ക്ക് രോഗവ്യാപനം നിയന്ത്രിക്കാൻ സാധിച്ചു. വ്യാപകമായ പരിശോധനയിലൂടെയാണ് ഇത് സാധ്യമായത്. ഉറവിടം കണ്ടെത്താത്ത രോഗികളുടെ വിവരം റിപ്പോർട്ട് ചെയ്യുന്നതിലെ കൃത്യതയും പ്രസക്തമാണ്.

നിലവിലുള്ള സാഹചര്യത്തിൽ സമരം എന്നല്ല, എന്ത് കാരണം പറഞ്ഞിട്ടായാലും ഒരു ആൾക്കൂട്ടം ന്യായീകരിക്കാനാവില്ല. അതിനെതിരെ ബോധവത്കരണമല്ല വേണ്ടത്, ഇത്തരം പ്രവൃത്തികളിൽ നിന്നും സമൂഹത്തെ ഒന്നടങ്കം സംരക്ഷിക്കുന്ന ശക്തമായ നിയമം കൊണ്ടു വരണം. സമൂഹത്തിൽ രോഗം ഉണ്ട് എന്നത് വസ്തുതയാണ്. ഇതിന് ലക്ഷണങ്ങൾ ഉണ്ടാവില്ല എന്നതും രോഗം അതിവേഗം വ്യാപിക്കും എന്നതും കണക്കിലെടുത്തു ജനങ്ങൾ കൂട്ടംകൂടുന്നത് കർശനമായി നിയന്ത്രിച്ചേ മതിയാകൂ. ഇപ്പോൾ സമരത്തിനായും അല്ലാതെയും കൂട്ടം കൂടുന്നവർ മനസിലാക്കേണ്ട ഒരു വസ്തുത, രോഗം പടർന്നു കഴിഞ്ഞാൽ പിന്നെ ഒരു തിരിച്ചുപോക്ക് അസാധ്യമാണ് എന്നതാണ്.

ഇക്കാര്യത്തിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നു നാം പഠിക്കേണ്ടി വരും. തുടക്കത്തിൽ അവർക്ക് വൻ പ്രഹരം ഏറ്റെങ്കിലും പ്രോട്ടോക്കോൾ പിന്തുടരാൻ അമാന്തിച്ചില്ല. അതുകൊണ്ടു തന്നെ ഒരു ഘട്ടം പിന്നിട്ടപ്പോഴേയ്ക്കും രോഗത്തെ പിടിച്ചുനിർത്തി ഗ്രാഫ് താഴ്ത്തുവാൻ സാധിച്ചു. കേരളത്തിൽ ഇപ്പോൾ കാര്യങ്ങൾ നേരെ മറിച്ചാണ്. സമ്പർക്ക വ്യാപനത്തിന്റെ ഗ്രാഫ് പ്രതിദിനം ഉയർന്നുകൊണ്ടിരിക്കുന്നു. എല്ലാവരെയും ഒരിക്കലും പരിശോധിക്കാൻ സാധ്യമല്ല. ലോകത്ത് ഒരു വിദഗ്ദ്ധനും അങ്ങനെ പറഞ്ഞിട്ടുമില്ല.

എന്നാൽ വ്യാപകമായി, ശാസ്ത്രീയമായ രീതിയിൽ, പ്രധാനപ്പെട്ട ഇടങ്ങളിൽ പരിശോധന നടത്തേണ്ട സമയത്ത് പല തടസങ്ങൾ പറഞ്ഞ് അത് ചെയ്യാതിരുന്നതാണ് രോഗം അതിവേഗം പടരാൻ ഒരു കാരണം. എന്തുകൊണ്ട് പരിശോധനയില്ലെന്ന ചോദ്യങ്ങൾ ഉയർന്നപ്പോൾ ഇവിടെ സമൂഹവ്യാപനം ഇല്ലെന്നായിരുന്നു ഭരണകർത്താക്കൾ ആവർത്തിച്ച് പറഞ്ഞത്. അതുകൊണ്ടു തന്നെ ലക്ഷണങ്ങൾ ഉള്ളവരിലും സമ്പർക്കങ്ങളിലും മാത്രം പരിശോധന മതിയെന്ന നിലപാടായിരുന്നു. ഇപ്പോഴെങ്കിലും കാര്യങ്ങൾ മാറി മറിഞ്ഞത് നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.’ – ഡോ. രാജീവ് ജയദേവൻ പറയുന്നു.

covid 19 corona virus ima dr rajeev jayadevan
Advertisment