നിങ്ങള്‍ മലയ്ക്ക് പോകുകയോ പോകാതെയിരിക്കുകയോ ചെയ്യാം, പക്ഷെ പോകുമെന്ന് പറയുന്ന സ്ത്രീകളെ അധിക്ഷേപിക്കുവാന്‍ ഏത് മതമാണ് നിങ്ങള്‍ക്ക് അനുവാദം തരുന്നത്?; ഡോ. ഷിനു ശ്യാമളന്‍ എഴുതുന്നു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, September 29, 2018

പ്രായഭേദമന്യെ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധി ഇന്നലെയാണ് വന്നത്. തുടര്‍ന്ന് വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് യുവ ഡോക്ടര്‍ ഷിനു ശ്യാമളന്‍. ഹിന്ദു മതത്തില്‍ ഒരുപാട് ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും മാറ്റം വന്നിട്ടുണ്ട്. ഇവയെല്ലാം നല്ലതെന്ന് കാലം തെളിയിച്ച മാറ്റങ്ങള്‍ ആണെന്ന് ഷിനു ശ്യാമളന്‍ പറയുന്നു. നിങ്ങള്‍ മലയ്ക്ക് പോകുകയോ പോകാതെയിരിക്കുകയോ ചെയ്യാം, പക്ഷെ പോകുമെന്ന് പറയുന്ന സ്ത്രീകളെ അധിക്ഷേപിക്കുവാന്‍ ഏത് മതമാണ് നിങ്ങള്‍ക്ക് അനുവാദം തരുന്നതെന്നും ഡോക്ടര്‍ ചോദിക്കുന്നു.

ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

പണ്ട് സവര്‍ണ്ണര്‍ മാത്രം അമ്പലത്തില്‍ പോയിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. അന്ന് അവര്‍ണ്ണരെ അമ്പലത്തില്‍ കയറ്റണം എന്നു പറഞ്ഞവരെയൊക്കെ ഭീകരരാക്കി. ഭൂരിഭാഗവും ദൈവകോപം ഉണ്ടാകുമെന്ന് പറഞ്ഞു. പക്ഷെ വര്‍ഷങ്ങള്‍ക്ക് ശേഷം തിരിഞ്ഞു നോക്കുമ്പോള്‍, നമ്മളിലേറെയും ഇന്ന് അതിനെ അനുകൂലിക്കുന്നു.

പണ്ട് മാറു മറച്ചു സ്ത്രീകള്‍ നടന്നപ്പോള്‍ അതും ദൈവകോപം ഉണ്ടാക്കുമെന്ന് പറഞ്ഞവരാണ് ഏറെയും. പക്ഷെ ഇന്നിപ്പോള്‍ നമ്മളിലാര്‍ക്കും മാറു മറക്കുന്നതിന് എതിരെ ഒരു വിയോജിപ്പുമുണ്ടാകില്ല.

തൊട്ടു കൂടായ്മക ഇന്ന് നമ്മളില്‍ ആരെങ്കിലും അംഗീകരിക്കുമോ? സവര്‍ണ്ണനെ അവര്‍ണ്ണന്‍ തൊടരുതെന്ന് ഇന്ന് ആരും പറയില്ല.

സതി എന്ന ആചാരം നിര്‍ത്തലാക്കിയപ്പോഴും ഒരുപാട് എതിര്‍പ്പുകളുണ്ടായി. പക്ഷെ ഇന്നത് ശെരിയെന്നു നാമെല്ലാവരും തിരിച്ചറിയുന്നു.

ഹിന്ദു മതത്തില്‍ ഒരുപാട് ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും മാറ്റം വന്നിട്ടുണ്ട്. നല്ലതെന്ന് പിന്നീട് കാലം തെളിയിച്ച മാറ്റങ്ങള്‍.

ഇന്ന് സ്ത്രീകള്‍ക്ക് ശബരിമലയ്ക്ക് പോകാമെന്ന സുപ്രീംകോടതി വിധി കുറച്ചു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എല്ലാവരും അംഗീകരിക്കും. ഇല്ലെങ്കിലും കുഴപ്പമില്ല. അയ്യപ്പ സ്വാമിയേ lkg പഠിക്കുമ്പോള്‍ ഞാന്‍ കണ്ടിരുന്നു. അന്ന് അവിടുത്തെ തന്ത്രി എന്നെയടുത്തു വിളിച്ചു പ്രസാദം തന്നത് ഇന്നും ഞാന്‍ മറന്നിട്ടില്ല. ഇനിയുമാ പ്രസാദം ഇരുകൈയ്യും നീട്ടി വാങ്ങുമ്പോള്‍ കുരു പൊട്ടുന്ന എല്ലാവര്‍ക്കും മലയ്ക്ക് പോകുമ്പോള്‍ ഫോട്ടോ കാണിച്ചു തരാം.

നിങ്ങള്‍ മലയ്ക്ക് പോകുകയോ പോകാതെയിരിക്കുകയോ ചെയ്യാം. തികച്ചും വ്യക്തിപരമായ കാര്യം. പക്ഷെ മലയ്ക്ക് പോകുമെന്ന് പറയുന്ന സ്ത്രീകളെ അധിക്ഷേപിക്കുവാന്‍ ഏത് മതമാണ് നിങ്ങള്‍ക്ക് അനുവാദം തരുന്നത്?

അയ്യപ്പ സ്വാമി തന്റെ ക്രൂരയായ രണ്ടാനമ്മയ്ക്ക് വേണ്ടി പുലിപ്പാല്‍ തേടി കാട്ടില്‍ പോയവനാണ്.

ഞാന്‍ ആരോടും അമ്പലത്തില്‍ പോകരുത് എന്നു പറഞ്ഞിട്ടില്ല. പ്രാര്‍ത്ഥിക്കരുതെന്ന് പറഞ്ഞിട്ടില്ല. ഒരു മതത്തെയും അവഹേളിച്ചിട്ടില്ല. പേട്ട തുള്ളുന്ന, വാവര്‍ പള്ളിയും എരുമേലി അമ്പലവും സ്ഥിതി ചെയ്യുന്ന നാട്ടില്‍ വളര്‍ന്ന എന്നെയാരും ശബരിമലയെന്തെന്നും, അയ്യപ്പ സ്വാമിയാരെന്നും ഇനി പറഞ്ഞു തരേണ്ടതുമില്ല.

ഭരണഘടനാപരവും നിയപരവുമായ ഒരു വിധിയെ സ്ത്രീയെന്ന നിലയില്‍ മാത്രമല്ല, ഒരു മതവിശ്വാസി എന്ന നിലയിലും പൂര്‍ണ്ണ മനസ്സോടെ അംഗീകരിക്കുന്നു.

സ്വാമി ശരണം

×