Advertisment

കൊവിഡ് : സർക്കാരിന് ജനങ്ങളെ വഴിയിൽ ഉപേക്ഷിക്കാൻ കഴിയില്ല

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ചികിത്സാരംഗത്തെ ഏകോപനമില്ലായ്മ കാരണം സംസ്ഥാനത്ത് ശിശുമരണങ്ങൾ ഉണ്ടാകുന്നത് ആരോഗ്യവകുപ്പ് ക്ഷണിച്ചുവരുത്തിയ പരാജയമാണെന്നും കൊവിഡിൻറെ മറവിൽ മറ്റസുഖങ്ങൾക്ക് ചികിത്സ  കിട്ടാതെ മനുഷ്യർ മരിക്കുന്നതിന് ഉത്തരവാദി പൂർണമായും സർക്കാരാണെന്നും ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡോ: എസ്.എസ്. ലാൽ ആരോപിച്ചു.

രണ്ടാഴ്ച മുമ്പും ചികിത്സ നിഷേധം എന്ന പരാതിയെത്തുടർന്ന് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പരിഹാര നടപടികൾ ഒന്നും ഉണ്ടായില്ല. കൊവിഡ് വ്യാപനവും മരണങ്ങളും ഉണ്ടാകുമ്പോൾ ഉത്തരവാദിത്വം പൊതുജനങ്ങൾക്കാണെന്ന് പറഞ്ഞ് കൈകഴുകുന്ന പ്രസ്താവനയുമായി  ആരോഗ്യ മന്ത്രി വന്നിരിക്കുന്നത് അതിശയമാണ്. ലോക്ക്ഡൗൺ വീണ്ടും നടപ്പാക്കേണ്ടിവരുമെന്ന ആരോഗ്യമന്ത്രിയുടെ ഭീഷണി അനവസരത്തിലുള്ളതാണെന്നും ഡോ. എസ്.എസ് .ലാൽ കുറ്റപ്പെടുത്തി.

സെപ്തംബർ-ഒക്ടോബർ മാസത്തോടെ കേരളത്തിൽ കൊവിഡ് വ്യാപനം അതീവ ഗുരുതരമായേക്കുമെന്നും അത്തരമൊരു സാഹചര്യത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ വേണമെന്നും പൊതുജനാരോഗ്യ വിദഗ്ദ്ധർ വളരെ നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നതാണ്. രോഗവ്യാപനം തടയുന്നതോടൊപ്പം കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും വേണമായിരുന്നു.

കൂടുതൽ ആശുപത്രി കിടക്കകളും വെന്റിലേറ്ററുകളും സജ്ജമാക്കേണ്ടതുണ്ടെന്ന് സർക്കാരിൻറെ വിദഗ്ദ്ധ സമിതിയും മാസങ്ങൾക്ക് മുമ്പ് തന്നെ സർക്കാരിനെ ഉപദേശിച്ചിരുന്നു. എന്നാൽ രോഗവ്യാപനം കൂടിയപ്പോൾ മതിയായ ചികിത്സാ സൗകര്യങ്ങൾ ഇല്ലാതെ രോഗികൾ മരിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഇത്തരം മരണങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും സർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയില്ല.

കേരളത്തിലെ ആശുപത്രികളിൽ എഴുപത് ശതമാനത്തിലധിവും സ്വകാര്യ മേഖലയിലാണ്. ജനങ്ങളിൽ ബഹുഭൂരിപക്ഷവും ചികിത്സ തേടുന്നത്  സ്വകാര്യ മേഖലയിലാണ്. എൺപത് ശതമാനം ഡോക്ടർമാരും അത്രത്തോളം നഴ്‌സുമാരും പ്രവർത്തിക്കുന്നത് സ്വകാര്യ മേഖലയിലാണ്. കേരളത്തിൻറെ  ഈ പ്രത്യേക പശ്ചാത്തലത്തിൽ സ്വകാര്യ മേഖലയിൽക്കൂടി അധികമായി സർക്കാരിൻറെ സൗജന്യ സേവനങ്ങൾ ലഭ്യമാക്കാനും കുറഞ്ഞ നിരക്കിൽ  പരിശോധനകളും ചികിത്സകളും ലഭ്യമാക്കാനും സർക്കാർ നേരത്തേ ശ്രമിക്കണമായിരുന്നു.

എന്നാൽ അത്തരം ഉപദേശങ്ങളെല്ലാം സർക്കാർ കാറ്റിൽ പറത്തുകയായിരുന്നു. ക്ഷയരോഗം, എയ്ഡ്സ്, പോളിയോ തുടങ്ങി നിരവധി പകർച്ചവ്യാധികളുടെ നിയന്ത്രണകാര്യത്തിൽ സ്വകാര്യ മേഖലയെ പങ്കെടുപ്പിച്ച് പൊതുജനങ്ങളുടെ ചികിത്സാചെലവ് കുറയ്ക്കുന്നതിൽ മുൻപ് കേരളം സൃഷ്ടിച്ച മാതൃകകൾ കൊവിഡ് കാര്യത്തിൽ സർക്കാർ ഇനിയും ഉപയോഗിച്ചിട്ടില്ല. സർക്കാരിൻറെ ഈ പിഴവ് കാരണം കൊവിഡ് രോഗം സംശയിക്കുന്നവർക്കും മറ്റസുഖങ്ങൾ ഉള്ളവർക്കും എവിടെ ചികിത്സ തേടണമെന്നതിൽ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്.

വലിയ സർക്കാർ ആശുപത്രികൾ പലതും ഇപ്പോൾ പൂർണമായും കൊവിഡ് ആശുപത്രികളാണ്. അവിടങ്ങളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ  അധിക ജോലിഭാരം അനുഭവിക്കുകയാണ്. അത്തരം സർക്കാരാശുപത്രികൾ കൊവിഡ് രോഗികളെക്കൊണ്ടുതന്നെ നിറയുന്നതിനാൽ അവിടെ മറ്റു രോഗികൾക്ക് ചികിത്സ കിട്ടുന്നില്ല.

സ്വകാര്യാശുപത്രികളിലെ ആശയക്കുഴപ്പവും വളരെ വലുതാണ്. ചിലയിടങ്ങളിൽ രോഗികൾക്ക് അധികച്ചെലവ് ഉണ്ടാകുന്നെന്ന പരാതിയും ഉണ്ട്. എല്ലാ തയ്യാറെടുപ്പുകളും നടത്താൻ എട്ട് മാസം കിട്ടിയിട്ടും സർക്കാർ അത് കാര്യമായി വിനിയോഗിച്ചില്ല. വൈകിപ്പോയെങ്കിലും ഈ സന്നിഗ്ദ്ധാവസ്ഥ അടിയന്തിരമായി പരിഹരിക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്.

ഐ.എം.എ പോലുള്ള ഡോക്ടർമാരുടെ സംഘടനകളെയും നഴ്സ്മാരുടെ സംഘടനകളെയും സർക്കാർ ഇതുവരെ പങ്കാളികളാക്കിയിട്ടില്ല എന്നത് വലിയ ന്യൂനതയാണ്. ചില സംഘടനകൾ മുകൈയെടുത്ത് മുന്നോട്ടു ചെന്നപ്പോഴും പ്രതികൂല അനുഭവങ്ങളാണ് ഉണ്ടായത്. കൊവിഡ് കാര്യത്തിൽ സംസ്ഥാനം രൂപീകരിച്ച വിദഗ്ദ്ധ സമിതിയിൽ നിന്നും ഐ.എം.എ. യുടെ പ്രതിനിധിയെ മൂന്നാം ദിവസം തന്നെ സർക്കാർ പുറത്താക്കുകയും ചെയ്തു.

മഹാമാരി തടയാൻ രൂപീകരിച്ച സാങ്കേതിക സമിതിയിൽ ഇടത് രാഷ്ട്രീയവുമായി ആഭിമുഖ്യമുള്ളവരെ നോക്കി ഉൾപ്പെടുത്തിയതും സർക്കാരിൻറെ പിടിപ്പുകേടാണ് വെളിവാക്കിയത്. സമിതിയിലെ പലരും പൊതുജനാരോഗ്യവുമായി യാതൊരു ബന്ധവുമില്ലാത്തവരോ അനുഭവ പരിചയം ഇല്ലാത്തവരോ ആണ്. പ്രാഗത്ഭ്യം ഉളളവർ പലരും സമിതിയിൽ സജീവവുമല്ല.

കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ ഡയറക്ടർ ഉൾപ്പെടെയുള്ള നിരവധി വിദഗദ്ധരെ പ്രവർത്തനങ്ങളുടെ മുന്നണിയിൽ ഒരിക്കലും കണ്ടിട്ടില്ല. അവരുടെ സാങ്കേതിക ഉപദേശങ്ങൾ പോലും സർക്കാർ അവഗണിക്കുകയാണ്. ആരോഗ്യവകുപ്പും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും  തമ്മിലുള്ള ഏകോപനമില്ലായ്മ പല മരണങ്ങൾക്കും കാരണമാകുകയാണ്.

കേരളം പോലൊരു നാട്ടിൽ വലിയ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ  എല്ലാക്കാര്യങ്ങളും പരിഹരിക്കാൻ സർക്കാരിനെക്കൊണ്ടു മാത്രവും ആകില്ല. സർക്കാരിന് പൊതുവായ നേതൃത്വം കൊടുക്കാൻ മാത്രമേ കഴിയൂ. കഴിഞ്ഞ വർഷങ്ങളിലുണ്ടായ പ്രളയത്തിലും ഇത് തെളിഞ്ഞതാണ്. ഈ അനുഭവങ്ങളുടെ വെളിച്ചത്തിലെങ്കിലുംമ നാട്ടിലെ എല്ലാ ഏജൻസികളേയും സ്വകാര്യ മേഖലയെയും സർക്കാർ വിശ്വാസത്തിലെടുക്കണം.

പരാജയഭീതി മണക്കുന്ന സാഹചര്യത്തിലെങ്കിലും എല്ലാക്കാര്യങ്ങളും തനിയേ ചെയ്യണമെന്ന പിടിവാശി സർക്കാർ ഉപേക്ഷിക്കണം. കേരളത്തിൻറെ  പൊതുജനാരോഗ്യ രംഗത്തോട് സർക്കാരിന് മാത്രമാണ് ഉത്തരവാദിത്വമെന്ന മിഥ്യാധാരണയും സർക്കാർ ഉപേക്ഷിക്കണം. ആരോഗ്യ രംഗത്തെ പിഴവുകൾ ചൂണ്ടിക്കാട്ടുന്നവരെ ജനവിരുദ്ധരായി ചിത്രീകരിക്കുന്നതും രാഷ്ടീയമായി കൈകാര്യം ചെയ്യുന്നതും പല വിദഗ്ദ്ധരുടേയും വായടപ്പിച്ചിരിക്കയാണ്. അത് സംസ്ഥാനത്തിന് നഷ്ടമാണ്.

കൊവിഡിന്റെ തീവ്രവ്യാപനം കണക്കിലെടുത്ത് ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്ന പരിപാടികൾ മുഴുവൻ രാഷ്ട്രീയപ്പാർട്ടികളും ഒഴിവാക്കണം. തർക്ക വിഷയങ്ങളിൽ ചർച്ചകൾ നടത്താനും വിട്ടുവീഴ്ചകൾ ചെയ്യാനും സർക്കാർ  മുൻകൈയെടുക്കണം. അതീവ ഗുരുതരമായ സാഹചര്യത്തെ അതേ ഗൗരവത്തോടെ കണ്ടില്ലെങ്കിൽ സംസ്ഥാനം കനത്ത വില നൽകേണ്ടിവരും. അതിൻറെ പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനും ആരോഗ്യ വകുപ്പിനും ആയിരിക്കും. മറ്റാരെയെങ്കിലും കുറ്റപ്പെടുത്തി ഒഴിഞ്ഞ് മാറാൻ സർക്കാരിനാവില്ല.

covid spread
Advertisment