Advertisment

അമലിന്റെ അമ്മയുടെ ചികിത്സ ഏറ്റെടുത്ത് ഐഎംഎ: അമ്മയുടെ അത്മധൈര്യത്തെ വാനോളം പുകഴ്ത്തി ഡോക്ടര്‍ സുള്‍ഫിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: മകന്റെ അവയവങ്ങള്‍ ദാനം ചെയ്ത അമ്മയെ നന്ദിയോടെ സ്മരിക്കുകയാണ് കേരളത്തിലെ ഡോക്ടര്‍മാര്‍. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ അച്ഛനെ കൂട്ടിക്കൊണ്ടുവരാന്‍ പോയതായിരുന്നു അമല്‍. കൊല്ലം ജില്ലയിലെ ഭരണിക്കാവില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭര്‍ത്താവ് രാജന്‍പിള്ള സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഏകമകന്‍ അമലിനെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ വിജയശ്രീ എന്ന അമ്മയെ തളര്‍ത്താന്‍ വിധിയ്ക്ക് കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

കൊല്ലം ശൂരനാട് അര്‍ച്ചനയില്‍ വിജയശ്രീയുടെയും രാജന്‍പിള്ളയുടെയും ഏകമകനായിരുന്നു അമല്‍രാജ്.

Advertisment

publive-image

നഷ്ടപ്പെട്ട മകന് പകരമാകില്ലെങ്കിലും വിജയശ്രീയെ കേരളത്തിലെ മുപ്പതിനായിരം ഡോക്ടര്‍മാരുടെ അമ്മയായി സ്വീകരിച്ചതായും ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ.എന്‍.സുള്‍ഫി അറിയിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഡോക്ടര്‍ സുള്‍ഫി നൂഹു ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

മസ്തിഷ്‌കമരണം സംഭവിച്ച മകന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഈ അമ്മ സമ്മതം നല്‍കിയപ്പോള്‍ നാല് പേരാണ് ജീവിതത്തിലേക്ക് തിരിച്ചു നടന്നത്. മകന്റെ ആരോഗ്യമുള്ള അവയവങ്ങള്‍ മറ്റുള്ളവരിലൂടെ ജീവിക്കുന്നത് കാണാന്‍ മഹാദാനം നടത്തിയ ഈ അമ്മയുടെ ആരോഗ്യ പരിരക്ഷയും ചികിത്സയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇനി മുപ്പതിനായിരം ഡോക്ടര്‍മാരുടെ അമ്മ കൂടിയാണ് വിജയശ്രീ.

ഡോ.സുള്‍ഫിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

അങ്ങനെ തുടങ്ങട്ടെ 2019

കഴിഞ്ഞകൊല്ലം ഏതാണ്ട് പരിപൂര്‍ണമായും നിലച്ചുപോയ അവയവദാന പ്രക്രിയ പുതുവത്സരത്തില്‍ തുടക്കമിടുന്നത് ഒരു അമ്മയുടെ കാരുണ്യം മൂലം. അപകടത്തില്‍ മരിച്ച അമല്‍ എന്ന മകന്റെ അവയവങ്ങള്‍ ദാനം നല്‍കാന്‍ സമ്മതം മൂളിയ കൊല്ലംകാരിയായ വിജയശ്രീയുടെ എല്ലാവിധ ആരോഗ്യപരിരക്ഷയും ചികിത്സയും ഞങ്ങള്‍ ഏറ്റെടുക്കുന്നു. കഴിഞ്ഞകൊല്ലം കേരളത്തില്‍ ഏതാണ്ട് അഞ്ചില്‍ താഴെ മാത്രം അവയവദാനം നടന്നു എങ്കില്‍ 2019-ലെ ആദ്യദിവസങ്ങളില്‍ തന്നെ ആദ്യ അവയവദാനം നടന്നത് അത്യന്തം ഊര്‍ജ്ജം നല്‍കുന്നു.

രണ്ടായിരത്തില്‍ പരം രോഗികള്‍ അവയവദാനം പ്രതീക്ഷിച്ചു ജീവിതം തള്ളി നീക്കുമ്പോള്‍ അവരില്‍ പ്രതീക്ഷ നല്‍കുന്നതാണ് വിജയശ്രീ എന്ന അമ്മയുടെ നിലപാട്. അവയവദാനത്തെക്കുറിച്ച് നിരവധി സംശയങ്ങളും ആശങ്കകളും നിലനില്‍ക്കുന്ന അവസരത്തിലാണ് ഈ അമ്മയുടെ കാരുണ്യം നിറഞ്ഞ നിലപാട്. ഇനി വിജയശ്രീ കേരളത്തിലെ മുപ്പതിനായിരം ഡോക്ടര്‍മാരുടെ അമ്മ. വിജയശ്രീയുടെ തീരുമാനം ആ രണ്ടായിരം ജീവനുകള്‍ക്ക് പുനര്‍ജന്മം നല്‍കാന്‍ ഇടയാക്കട്ടെ. ഒന്നും നഷ്ടപ്പെട്ട അമലിന് പകരമാകില്ല. എങ്കിലും ഞങ്ങള്‍ കൂടെയുണ്ട്.

ഡോ സുല്‍ഫി നൂഹു

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.

https://www.facebook.com/drsulphi.noohu/posts/2494660137217358

Advertisment