Advertisment

വീടുകയറി കരിയോയില്‍ ഒഴിച്ചു; മുണ്ട് പറിച്ചും അധിക്ഷേപം, കഴുത്തിന് കുത്തിപ്പിടിച്ച് തല്ലിയതും അപകീര്‍ത്തിക്കരമായ പരാമര്‍ശത്തിന്റെ പേരില്‍; ഭാഗ്യലക്ഷ്മിയും ദിയ സനയും യൂടൂബറെ കൈകാര്യം ചെയ്ത രീതിയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയ; നടിയായ സുഹൃത്തിന്റെ മകന്‍ സ്ത്രീകളെ അപമാനിച്ചപ്പോള്‍ മിണ്ടാതിരുന്നു, പിസി ജോര്‍ജ് ചാനല്‍ ചര്‍ച്ചകളില്‍ എടുത്തിട്ട് കുടഞ്ഞപ്പോഴും ഭാഗ്യലക്ഷ്മിയുടെ പ്രതികരണശേഷി എവിടെ പോയി ? തല്ലിയത് തെറ്റല്ലെന്നും രണ്ടെണ്ണത്തിന്റെ കുറവു യൂടൂബര്‍ക്കുണ്ടായിരുന്നെന്നും മറുവാദം !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ ചെയ്ത യൂടൂബറെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ദിയ സനയും ചേര്‍ന്നു മര്‍ദിച്ച സംഭവത്തില്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം സമ്മിശ്ര പ്രതികരണം. അശ്ലീല വീഡിയോ ചെയ്ത ഡോ. വിജയ് പി നായരെ ഭാഗ്യലക്ഷ്മിയടക്കമുള്ളവര്‍ കൈകാര്യം ചെയ്തതിനെ ചിലര്‍ ന്യായീകരിക്കുമ്പോള്‍ അതിനു എതിരെയും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. നിയമം കയ്യിലെടുക്കാന്‍ ആരും ശ്രമിക്കുന്നത് ശരിയല്ലെന്ന നിലപാടുകാരാണ് ഇവരിലേറെയും.

Advertisment

publive-image

വിജയ് പി നായര്‍ തന്റെ യൂടൂബിലൂടെ പ്രചരിപ്പിച്ച വീഡിയോകളുടെ പരിസരത്തുകൂടി പോലും ആരും പോകരുതെന്നു പറയുന്നവരുണ്ട്. അത്രയധികം അശ്ലീലം നിറഞ്ഞതാണ് ആ വീഡിയോയില്‍ പലതും. ഒരു യൂടൂബ് ചാനലിന്റെ മറവില്‍ ആര്‍ക്കെതിരെയും എന്തും പറയാമെന്ന നിലപാട് അംഗീകരിക്കാനും ആവില്ല.

ഒരാളുടെ പേര് പറയാതെ അയാളെപ്പറ്റി എല്ലാ സൂചനകളും നല്‍കി സത്യവും അസത്യവും ഇടകലര്‍ത്തി പ്രചരിപ്പിച്ച ശേഷം പേരു പറഞ്ഞില്ല എന്ന ആനുകൂല്യം നേടി രക്ഷപെടുന്ന സൈബര്‍ നിയമത്തിന്റെ പോരായ്മകളും ഈ സംഭവത്തോടെ ചര്‍ച്ചയാകാനിടയുണ്ട്. പക്ഷേ ഇത്തരം നടപടികള്‍ക്കെതിരെ നിയമം കയ്യിലെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കണമോ എന്ന ചോദ്യവും ഇതിനിടെ സജീവമാണ്.

യൂടൂബര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയ ശേഷവും ഇയാള്‍ക്കെതിരെ നടപടിയെടുക്കാത്തതിനാലാണ് അയാളുടെ വീട്ടില്‍ കയറി അക്രമിച്ചതെന്നാണ് ഭാഗ്യലക്ഷ്മിയും സഹപ്രവര്‍ത്തകരും പറയുന്നത്. എന്നാല്‍ പോലീസില്‍ പരാതി നല്‍കിയ ശേഷം നടപടിയുണ്ടായില്ലെങ്കില്‍ നീതി തേടി സമീപിക്കാന്‍ ഇനിയും വഴികളേറെയുണ്ടായിരുന്നു. എന്നാല്‍ ഭാഗ്യലക്ഷ്മിയും കൂട്ടരും നിയമം കയ്യിലെടുക്കുകയായിരുന്നു.

വിജയിയുടെ വീട്ടില്‍ കയറി കരി ഓയില്‍ ഒഴിക്കുക, അയാളെ മര്‍ദിക്കുക, അയാള്‍ ഉപയോഗിച്ച അതേ നാണയത്തില്‍ തിരിച്ചും തെറി വിളിക്കുക, അയാളുടെ തുണി പറിച്ച് അധിക്ഷേപിക്കുക, വസ്തുവകകള്‍ തല്ലി തകര്‍ക്കുക തുടങ്ങിയ നടപടികള്‍ വേണ്ടിയിരുന്നോയെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യങ്ങള്‍. അതിനിടെ സ്ത്രീകളെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന കാര്യങ്ങളില്‍ ഭാഗ്യലക്ഷ്മിയടക്കമുള്ളവരുടേത് സെലക്റ്റീവ് പ്രതികരണമാണെന്ന ആരോപണമുന്നയിക്കുന്നവരും ഉണ്ട്.

നേരത്തെ ഭാഗ്യലക്ഷ്മിയുടെ തന്നെ അടുത്ത സുഹൃത്തായ ഒരു നടിയുടെ മകന്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറിനെ അപമാനിച്ച വിഷയത്തില്‍ ഇവര്‍ അഭിപ്രായം പറഞ്ഞില്ലെന്നു മാത്രമല്ല, ആ വിഷയം കണ്ടതായി പോലും നടിച്ചില്ലെന്നാണ് ഉയരുന്ന ആക്ഷേപം. വേണമെങ്കില്‍ വീട്ടിലെത്തി ആ സുഹൃത്തിന്റെ മകനെ ശിക്ഷിക്കാന്‍പോലും സ്വാതന്ത്ര്യം ഭാഗ്യലക്ഷ്മിക്ക് ഉണ്ടായിരുന്നു. ഇതിനു പുറമെ പലപല സംഭവങ്ങളും സാമൂഹ്യമാധ്യങ്ങളിലൂടെ വിമര്‍ശിക്കുന്നവര്‍ പങ്കു വയക്കുന്നുണ്ട്.

മുമ്പ് ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് ഭാഗ്യലക്ഷ്മിക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. അന്നു അതിനെതിരെ ഒരു വാക്ക് പോലും ഉരിയാടാന്‍ അവര്‍ തയ്യാരായില്ല. പല ഉന്നതരായ നേതാക്കളും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയപ്പോഴും ഭാഗ്യലക്ഷ്മിക്കും കൂടെ തല്ലു നടത്താനിറങ്ങിയവര്‍ക്കും മിണ്ടാട്ടം മുട്ടിയ കഥകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ സ്വാധീനമുള്ളവരുടെയും നേതാക്കളുടെയും മുമ്പില്‍ മുട്ടിടിക്കുന്ന ഫെമിനിസം പക്ഷേ ദുര്‍ബലരെ തല്ലി നേരിടാനും പ്രാപ്തമായതായാണ് സാമൂഹ്യമാധ്യമങ്ങളിലെ വിമര്‍ശനം.

bhagya lekshmi
Advertisment