Advertisment

എം കരുണാനിധി എന്നാല്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആൾരൂപം. യാത്രയായത് രാജ്യത്തെ ഏറ്റവും മുതിര്‍ന്ന നേതാവ്

New Update

കൃത്യം 49 വർഷം മുൻപ്, 1969 ജൂലൈ 27 നാണു കരുണാനിധി ഡിഎംകെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. ഇത്രയും കാലം ഒരു പ്രധാന പാർട്ടിയുടെ തലപ്പത്ത് ഒരാൾ തുടരുന്നതു ലോകത്തുതന്നെ അപൂർവങ്ങളിൽ അപൂർവം.

Advertisment

ഡിഎംകെയുടെ തലപ്പത്തു കലൈജ്ഞർ കരുണാനിധിയെന്ന സൂര്യനുദിച്ചിട്ട് അര നൂറ്റാണ്ട് പിന്നിട്ടിട്ട് അധിക ദിവസം ആയിരുന്നില്ല .കഴിഞ്ഞ മാസം മൂന്നിന്, 95–ാമതു ജന്മദിനം ആഘോഷിച്ച കരുണാനിധിക്കു രാഷ്ട്രീയം തന്നെയാണു ജീവിതം.

publive-image

തിരുവാരൂരെന്ന കുഗ്രാമത്തിൽ ജനിച്ചു രാജ്യത്തെ ഏറ്റവും കൂർമ ബുദ്ധിയുള്ള രാഷ്ട്രീയ തന്ത്രജ്ഞനിലേക്കുള്ള ആ വളർച്ച ഓരോ ചുവടിലും പോരാടി തന്നെയായിരുന്നു.

ദ്രാവിഡ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറയും ഭാഷയെ ആയുധമാക്കുന്ന പ്രതിഭാ വിലാസവും ആ കുതിപ്പിൽ ആയുധമായി.

ജസ്റ്റിസ് പാർട്ടി നേതാവ് അഴഗിരി സാമിയുടെ പ്രസംഗങ്ങളിൽ ആകൃഷ്ടനായാണു വിദ്യാർഥിയായ കരുണാനിധി രാഷ്ട്രീയത്തിലേക്ക് ആദ്യചുവടു വച്ചത്. പിന്നീട് പെരിയോർ ഇ.വി.രാമസ്വാമിയുടെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായി.

publive-image

അധികാര രാഷ്ട്രീയത്തിലിറങ്ങുന്നതുമായി ബന്ധപ്പെട്ട് പെരിയോറും പ്രിയ ശിഷ്യൻ അണ്ണാദുരൈയും വഴിമാറിയപ്പോൾ കരുണാനിധി അണ്ണാദുരൈയ്ക്കൊപ്പം ഉറച്ചുനിന്നു.

സാമൂഹികനീതിയും പ്രാദേശിക വാദവുമുയർത്തി ഡിഎംകെ തമിഴക രാഷ്ട്രീയത്തിൽ കാലുറപ്പിച്ചപ്പോൾ അതിന്റെ ആദർശമുഖം അണ്ണാദുരൈയും തന്ത്രങ്ങളുടെ തലപ്പത്ത് കരുണാനിധിയുമായിരുന്നു.

സംസ്ഥാനത്തു പാർട്ടി അധികാരത്തിലെത്തി രണ്ടു വർഷത്തിനു ശേഷം, 1969ൽ അണ്ണാദുരൈ ജീവിതത്തിൽ വിടവാങ്ങി. പിൻഗാമിയാകാനുള്ള മൽസരത്തിൽ നെടുഞ്ചെഴിയനുൾപ്പെടെയുള്ള പ്രമുഖരുണ്ടായിരുന്നു.

publive-image

എംജിആറിന്റെ കൂടി പിന്തുണയോടെ മുഖ്യമന്ത്രി പദത്തിലേക്കു കരുണാനിധി നടന്നുകയറി. തൊട്ടുപിന്നാലെ, 1969 ഡിഎംകെയുടെ ആദ്യ പ്രസിഡന്റായി അവരോധിതനായി.

പെരിയോർ രാമസാമിയോടുള്ള ആദരസൂചകമായി അണ്ണാദുരൈ പ്രസിഡന്റ് സ്ഥാനം ഒഴിച്ചിട്ടിരിക്കുകയായിരുന്നു. 1969 മുതൽ അഞ്ചുതവണ മുഖ്യമന്ത്രിയായ കരുണാനിധി വിജയങ്ങളും പരാജയങ്ങളും ഒരുപോലെ കണ്ടു. പഴയ സുഹൃത്ത് എംജിആർ അണ്ണാഡിഎംകെ രൂപീകരിച്ചതിനു പിന്നാലെ 10 വർഷം അധികാരത്തിൽനിന്നു പുറത്തായി.

publive-image

എങ്കിലും പാർട്ടിയെ ശക്തിയോടെ സ്വന്തം കീഴിൽ നിർത്താൻ കരുണാനിധിക്കായി. എംജിആറിനു ശേഷം ജയലളിത വന്നപ്പോഴും ഡിഎംകെ തലപ്പത്തു തലയെടുപ്പോടെ കരുണാനിധിയുണ്ടായിരുന്നു.

രണ്ടു വർഷം മുൻപ്, 2016 അവസാനം ആരോഗ്യകാരണങ്ങളാൽ സജീവ രാഷ്ട്രീയത്തിൽനിന്നു പിന്മാറുന്നതുവരെ ഡിഎംകെയുടെ അവസാന വാക്ക് കലൈജ്ഞറുടേതായിരുന്നു.

publive-image

അഴിമതിയും കുടുംബ രാഷ്ട്രീയവുമൊക്കെ പ്രതിച്ഛായയിൽ കരിനിഴൽ വീഴ്ത്തിയെങ്കിലും തമിഴ് മനസ്സിൽ കരുണാനിധി ഇപ്പോഴും രാഷ്ട്രീയത്തെ കലയാക്കി മാറ്റിയ കലൈജ്ഞർ തന്നെ.

dmk karunanidhi
Advertisment