Advertisment

പ്രഖ്യാപനങ്ങള്‍ ഏറെ കേട്ട് മടുത്ത പ്രവാസി സമൂഹത്തിന് മുന്നില്‍ 'ഡ്രീം കേരള' പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍; വെറുതെ ആശ നല്‍കരുതേന്ന് പ്രവാസിസമൂഹം !

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കൊവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് തിരികെ എത്തുന്ന പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ടുകൊണ്ട് ഡ്രീം കേരള എന്ന പദ്ധതി കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പ്രഖ്യാപനങ്ങള്‍ ഏറെ കേട്ടുമടുത്ത പ്രവാസി സമൂഹം പുതിയ പ്രഖ്യാപനത്തിലും ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നില്ല. ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും ഭയക്കുമെന്ന് അവര്‍ പറയുന്നു.

Advertisment

മുഖ്യമന്ത്രി അധികാരമേറ്റതിന് ശേഷം നടത്തിയ ആദ്യ ഗള്‍ഫ് സന്ദര്‍ശനത്തില്‍ ജോലി നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ആദ്യ ആറു മാസത്തെ ശമ്പളം നല്‍കുമെന്ന് ദുബായില്‍ വച്ച് പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ പിന്നീട് എന്താണ് സംഭവിച്ചതെന്ന് പ്രവാസി സമൂഹം ചോദിക്കുന്നു. ഇതുപോലുള്ള വാഗ്ദാനങ്ങളെല്ലാം ജലരേഖയായി മാറിയെന്നാണ് പ്രവാസികള്‍ പറയുന്നു.

publive-image

പിന്നീട് സംസ്ഥാനത്തുണ്ടായ രണ്ട് പ്രളയങ്ങളിലും ഇതൊന്നും ഓര്‍ക്കാതെ പ്രവാസികള്‍ നാടിന് വേണ്ടി കോടിക്കണക്കിന് രൂപയാണ് സംഭാവന ചെയ്തത്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായി കനത്ത ചട്ടങ്ങളായിരുന്നു സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നത്. അപ്രായോഗികമായ പല മാര്‍ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചതിനു ശേഷമാണ് പിപിഇ കിറ്റ് ധരിച്ച് പ്രവാസികള്‍ക്ക് നാട്ടിലെത്താമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇത് പ്രവാസിസമൂഹം സ്വാഗതവും ചെയ്തിരുന്നു.

നാട്ടില്‍ ബിസിനസ് ചെയ്ത് സമാധാനത്തോടെ ജീവിക്കാമെന്ന പ്രതീക്ഷയില്‍ എത്തിയ രണ്ട് പ്രവാസികള്‍ ആത്മഹത്യ ചെയ്ത സംഭവവും സമീപകാലത്ത് കണ്ടു. കൊല്ലത്തെ സുഗതനും കണ്ണൂരിലെ സാജനും. പിടിച്ചു നില്‍ക്കാനാകാതെ ആത്മഹത്യ ചെയ്യുകയായിരുന്നു ഇരുവരും.

രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വര്‍ക്ക് ഷോപ്പ് തുടങ്ങാൻ കഴിയാതെ ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്‍റെ മക്കൾ തുടങ്ങിയ വര്‍ക്ക് ഷോപ്പ് പൊളിച്ചുമാറ്റാൻ കഴിഞ്ഞ ദിവസം പഞ്ചായത്ത് അന്ത്യശാസനം നല്‍കിയിരുന്നു. മക്കളായ സുജിത്തും സുനിലും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടപ്പോൾ വർക്‌ഷോപ് തുടങ്ങുന്നതിന് എല്ലാ സഹായവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഉറപ്പു നൽകിയിരുന്നു.

publive-image

ലോക്ഡൗണിനു മുൻപു നികുതി ഇനത്തിൽ 20,350 രൂപ നൽകണമെന്നാവശ്യപ്പെട്ട് വിളക്കുടി പഞ്ചായത്ത് സുഗതന്റെ മക്കൾക്ക് കത്തു നൽകിയിരുന്നു. എന്നാൽ ലൈസൻസ് ഇല്ലാത്ത സ്ഥാപനത്തിന് എങ്ങനെ നികുതി നൽകുമെന്ന് സുഗതന്റെ മക്കൾ ചോദിച്ചു. ഇതിൽ പ്രകോപിതരായി പഞ്ചായത്ത് പ്രതികാര നടപടിയുമായി നീങ്ങുകയായിരുന്നുവെന്ന് സുജിത്തും സുനിലും പറഞ്ഞു. 2018 ഫെബ്രുവരി 23ന് ആണ് സുഗതനെ വർക്‌ഷോപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

publive-image

കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്‌ പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനംനൊന്താണ്‌ പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയിൽ ആത്മഹത്യ ചെയ്‌തത്‌. നൈജീരിയയില്‍ ജോലി ചെയ്ത് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് സാജൻ ഓഡിറ്റോറിയം നിർമ്മാണം തുടങ്ങിയത്.

കുവൈറ്റില്‍ ജോലി ചെയ്യുന്ന റെജി ഭാസ്‌കര്‍ എന്നയാളും പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അദ്ദേഹം ആരംഭിച്ച സര്‍വീസ് സ്‌റ്റേഷന്‍ ഇപ്പോള്‍ പൂട്ടിയിട്ടിരിക്കുകയാണ്. ഡിവൈഎഫ്‌ഐ സമരം ചെയ്ത് പൂട്ടിച്ചിരിക്കുകയാണ് ഈ പ്രവാസി മലയാളിയുടെ സംരഭം.

publive-image

കോഴിക്കോട് തണ്ണീർപന്തലിൽ കുവൈറ്റിലെ പ്രവാസി മലയാളിയായ റെജി ഭാസ്കര്‍ നിർമ്മാണം ആരംഭിച്ച സര്‍വീസ് സ്റ്റേഷന്‍ അടച്ചുപൂട്ടിക്കാനുള്ള ‘സാമൂഹിക വിരുദ്ധരുടെ’ നീക്കത്തിനെതിരെ കുവൈറ്റില്‍ പ്രവാസി സമൂഹം ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു.

കോഴിക്കോട്‌ വേങ്ങേരിയിൽ ഒരു സർവീസ്‌ സെന്റർ നിയമപരമായ എല്ലാ മാനദണ്ഢങ്ങളും പാലിച്ചുകൊണ്ടും മലിനീകരണ നിയന്ത്രണ വകുപ്പിന്റെയും ടൗൺ പ്ലാനിങ്‌ അടക്കമുള്ള വകുപ്പുകളുടെയും അനുമതിയോടെയാണു കുവൈത്തിൽ നിന്നടക്കം ഇരുപത്തിഅഞ്ചു ലക്ഷം രൂപ ലോൺ എടുത്ത്‌ റെജി പുനരധിവാസ സ്വപ്നങ്ങൾക്ക്‌ തുടക്കം കുറിച്ചത്‌.

എന്നാൽ പ്രാദേശിക പാർട്ടി പ്രവർത്തകരും സ്വാർത്ഥ താത്പര്യക്കാരും ചേർന്ന് അക്രമവും വസ്തുവകകൾ നശിപ്പിക്കലും അടക്കം നിയമവിരുദ്ധമായ്‌ ഇടപെടുകയും നിർമ്മാണം തടസപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ പോലീസ്‌, മുഖ്യമന്ത്രി, നോർക്ക, തുടങ്ങി എല്ലാ മേഖലയിലും പരാതി നൽകിയെങ്കിലും പാർട്ടിയുടെ പ്രാദേശിക ഘടകത്തെ പിണക്കാനാവാത്ത സാഹചര്യത്തിൽ എല്ലാം മെല്ലെപോക്കിലും അവഗണനയിലും അവസാനിച്ചു. സര്‍വീസ് സ്റ്റേഷനായി ബാങ്കില്‍ നിന്നെടുത്ത പണത്തിന് കുവൈറ്റില്‍ നല്ലൊരു തുക പലിശ അടച്ച് ബുദ്ധിമുട്ടുകയാണ് റെജി ഭാസ്‌കര്‍.

പ്രവാസികളോട് നാട്ടില്‍ നടന്ന സമീപനങ്ങളില്‍ ചില ഉദാഹരണങ്ങളാണ് ഇതൊക്കെ. കൊവിഡ് മൂലം മരണമടയുന്ന പ്രവാസികള്‍ക്ക് 10,000 രൂപയും നാട്ടിലെത്തിയവര്‍ക്ക് 5000 രൂപയും നോര്‍ക്ക വഴി നല്‍കുമെന്നും പ്രഖ്യാപനം ഉണ്ടായിരുന്നു. ഏറെ കടമ്പ കടന്നാണ് ഇതിനുവേണ്ടി പ്രവാസികള്‍ നോര്‍ക്ക മുഖേന രജിസ്‌ട്രേഷന്‍ നടത്തിയത്. എന്നാല്‍ നാളിതുവരെ പണം കിട്ടിയില്ലെന്ന് മാത്രം.

ഇതുപോലുള്ള പ്രഖ്യാപനങ്ങള്‍ നടത്തി വെറുതെ ആശ നല്‍കരുതെന്നാണ് പ്രവാസി സമൂഹത്തിന് അഭ്യര്‍ത്ഥിക്കാനുള്ളത്.

Advertisment