Advertisment

ആലപ്പുഴയില്‍ കുടിവെള്ളമെന്ന പേരിൽ ലഭിക്കുന്നതു കോളിഫോം ബാക്ടീരിയ അടങ്ങിയ മലിന ജലമെന്നു റിപ്പോർട്ട്

New Update

ആലപ്പുഴ : കുടിവെള്ളമെന്ന പേരിൽ ജില്ലയിൽ ലഭിക്കുന്നതു കോളിഫോം ബാക്ടീരിയ അടങ്ങിയ മലിന ജലമെന്നു മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട്. അതേസമയം ഉറവിടത്തിൽ നിന്നുള്ള മാലിന്യത്തിന്റെ അളവ് ഉപയോഗിച്ചു പ്ലാന്റിൽ ശുചീകരിച്ച വെള്ളത്തിന്റെ നിലവാരം അളക്കരുതെന്നാണു ജല അതോറിറ്റിയുടെ നിലപാട്. ശുചീകരണ ശേഷം വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകില്ലെന്നും അതോറിറ്റി പറയുന്നു.

Advertisment

publive-image

പമ്പിങ്ങിന് ആശ്രയിക്കുന്ന ജലസ്രോതസുകളിൽ മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിൽ ആണു കോളിഫോം സാന്നിധ്യം കണ്ടെത്തിയത്. ശുചിമുറി മാലിന്യം കലരുന്നതാണു ബാക്ടീരിയ വെള്ളത്തിലെത്താൻ കാരണം. 3 മാസം പരിശോധന നടത്തി. കടപ്ര, തൈക്കാട്ടുശേരി എന്നിവിടങ്ങളിൽ നിന്നു പമ്പ് ചെയ്യാനെടുത്ത വെള്ളത്തിലാണു കൂടുതൽ കോളിഫോം സാന്നിധ്യം.

പമ്പയിലെ വെള്ളമാണ് ആലപ്പുഴ ശുദ്ധജല പദ്ധതിയിൽ ഉപയോഗിക്കുന്നത്. ‌മൂവാറ്റുപുഴയാറിൽ നിന്നുള്ള വെള്ളമാണു ചേർത്തല ജപ്പാൻ കുടിവെള്ള പദ്ധതിയിൽ ഉപയോഗിക്കുന്നത്. പമ്പയാറ്റിലെ സാംപിളിൽ ഒക്ടോബർ മാസം 100 മില്ലി വെള്ളത്തിൽ 3700 ആണു കോളിഫോം സാന്നിധ്യം. ജപ്പാൻ കുടിവെള്ള പദ്ധതിയിൽ ഇത് 1200 ആണ്. ഈ ജലം ഉപയോഗിച്ചാൽ മഞ്ഞപ്പിത്തം, കോളറ തുടങ്ങിയവ പിടിപെടാൻ ഇടയുണ്ട്.

കൃത്യമായി ശുചീകരണം പൂർത്തിയാക്കിയ വെള്ളമാണു വിതരണം ചെയ്യുന്നത്. ക്ലോറിൻ ചേർക്കുക മാത്രമല്ല, 5 ഘട്ടങ്ങളായുള്ള ശുചീകരണമാണു നടക്കുന്നത്. കൃത്യമായ ഇടവേളകളിൽ ഓരോ പദ്ധതികളിലും വെള്ളത്തിന്റെ നിലവാരം പരിശോധിക്കാറുണ്ട്.

ശുചീകരിച്ച വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അംശമില്ല. ചേർത്തലയിലെ ജപ്പാൻ പദ്ധതിയിലാണ് ഏറ്റവും പുതിയ സാങ്കേതിക വിദ്യയായ ലാമെല്ലാ ക്ലാരിഫെയർ രീതിയിലുള്ള ശുചീകരണം. ഇവിടെ കഴിഞ്ഞ ദിവസം സാംപിൾ പരിശോധന നടത്തി. ആലപ്പുഴ ശുദ്ധജല പദ്ധതിയിലെ പരിശോധന നടക്കാനിരിക്കുന്നതേ ഉള്ളൂ.

 

Advertisment