വിമാനത്തിൽ എവിടെയാണ് റെയ്ഞ്ചുള്ളത്, മൊബൈൽ ഫ്ലൈറ്റ് മോഡിലല്ലേ, ടെലിഗ്രാമിൽ നിന്ന് കണ്ടു അല്ലെ ? വിമാനത്തിലിരുന്ന് കണ്ടത് ദൃശ്യം വ്യാജ പതിപ്പോ എന്ന ചോദ്യം; അബ്ദുള്ളകുട്ടിയുടെ മറുപടി

ഫിലിം ഡസ്ക്
Tuesday, March 2, 2021

ഡൽഹി യാത്രയ്ക്കിടയിൽ വിമാനത്തിലിരുന്നു ദൃശ്യം 2 കണ്ടുവെന്ന ബിജെപി നേതാവ്‌ എ.പി. അബ്ദുള്ളകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ചോദ്യം ഉന്നയിച്ച് കമന്റുകൾ. വിമാനയാത്രയ്ക്കിടയിൽ റേഞ്ച് ഇല്ലാതെ എങ്ങനെ സിനിമ കണ്ടുവെന്നും ടെലിഗ്രാമിലെ വ്യാജ പതിപ്പല്ലേ കണ്ടതെന്നുമാണ് പലരുടെയും ചോദ്യം. എന്നാൽ താൻ കണ്ടത് പ്രൈമിൽ നിന്ന് തന്നെയാണെന്ന മറുപടിയുമായി അബ്ദുള്ളക്കുട്ടിയും രംഗത്തെത്തി.

‘ജിത്തു ജോസഫ്, നിങ്ങളുടെ ദൃശ്യം 2 കണ്ടു. ഫ്ലൈറ്റിൽ ദില്ലി യാത്രക്കിടയിൽ മൊബൈൽ ഫോണിൽ ആണ് സിനിമ കണ്ടത്. ബിജെപി ദേശീയ ഭാരവാഹികളുടെ യോഗത്തിന് പോകുകയായിരുന്നു. സിനിമ സംവിധായകന്റെ കലയാണ്.

ഇതായിരുന്നു ഞങ്ങളുടെയൊക്കെ ധാരണ. കഥാകാരനും സംവിധായകനും ഒരാളാകുമ്പോൾ അത് ഒരു ഒന്നൊന്നര സിനിമയായിരിക്കും. അതാണ് ജോർജ് കുട്ടിയെന്ന കുടുംബ സ്നേഹിയെ (മോഹൻലാലിനെ) നായകനാക്കിയുളള ഈ അത്യുഗ്രൻ സിനിമ. വർത്തമാന മലയാള സിനിമയ്ക്ക് ഒരു വരദാനമാണ് ജിത്തു,’ എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റ്.

ഇതിനു താഴെ വിമാനത്തിൽ എവിടെയാണ് റെയ്ഞ്ചുള്ളത്, മൊബൈൽ ഫ്ലൈറ്റ് മോഡിലല്ലേ, ടെലിഗ്രാമിൽ നിന്ന് കണ്ടു അല്ലെ തുടങ്ങിയ ചോദ്യങ്ങളുമായി കമന്റുകൾ എത്തി.

ഇതിനെത്തുടർന്നാണ് വിഷയത്തിൽ അബ്ദുള്ളകുട്ടി മറുപടി നൽകിയത്. ‘അറിവില്ലാത്തത് കൊണ്ടാണ് അങ്ങ് എഴുതിയത് എന്നറിയാം. ആമസോൺ പ്രൈമിൽ സബ്സ്ക്രൈബ് ചെയ്താൽ ഡൗൺലോഡ് ചെയ്ത് ഓഫ് ലൈനായി കാണാം വിമാനത്തിലായും പറ്റും’ എന്നാണ് അബ്ദുള്ളക്കുട്ടിയുടെ മറുപടി.

×