Advertisment

രാജ്യത്തിന്റെ ഭൂവിസ്തൃതിയുടെ പകുതിയിലേറെ ഭാഗങ്ങളിലും കടുത്ത വരൾച്ചഭീഷണി: പകുതിയിലേറെ തടാകങ്ങൾ വറ്റിവരണ്ടു

New Update

ന്യൂഡൽഹി: രാജ്യത്തിന്റെ ഭൂവിസ്തൃതിയുടെ പകുതിയിലേറെ ഭാഗങ്ങളിലും കടുത്ത വരൾച്ചഭീഷണി. പകുതിയിലേറെ തടാകങ്ങൾ വറ്റിവരണ്ടു. പല തടാകങ്ങളിലും കടുത്ത ആശങ്കയുണ്ടാക്കിക്കൊണ്ട് വെള്ളം താഴുകയാണ്. ഭൂഗർഭ ജലനിരപ്പും കുറഞ്ഞു. ജൂൺ 22 വരെ മുൻവർഷത്തെ അപേക്ഷിച്ച് മൺസൂൺ മഴയിൽ 39 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്.

Advertisment

publive-image

മൺസൂൺ വൈകിയതിനാൽ പലേടത്തും വിത്തു വിതയ്ക്കുന്നത് വൈകുന്നതായാണു റിപ്പോർട്ട്. ഈ സീസണിൽ ഇതുവരെ 90.6 ലക്ഷം ഹെക്ടർ സ്ഥലത്ത് മാത്രമേ വിതയ്ക്കാൻ കഴിഞ്ഞിട്ടുള്ളു. കഴിഞ്ഞവർഷം ഇതേസമയത്ത് 1.03 കോടി ഹെക്ടറിൽ വിത്ത് വിതച്ചിരുന്നു. 12 ശതമാനത്തിന്റെ കുറവാണിത്.

രാജ്യത്തെ 91 പ്രധാന ജലസംഭരണികളിൽ മൊത്തം സംഭരണശേഷിയുടെ 17 ശതമാനം മാത്രം വെള്ളമാണുള്ളതെന്ന് ജൂൺ 20-നു ജലശക്തി വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. കേരളം, തമിഴ്‌നാട്, കർണാടകം, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ത്രിപുര, പശ്ചിമബംഗാൾ, ജാർഖണ്ഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ ജലസംഭരണികളിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വെള്ളം കുറവാണ്. രാജ്യത്തെ പ്രധാന നദികളായ ഗംഗ (9.25 ശതമാനം), കാവേരി (45 ശതമാനം), കൃഷ്ണ (55 ശതമാനം), സബർമതി (42 ശതമാനം), തപി (81 ശതമാനം) എന്നിവയിൽ വെള്ളം കുറഞ്ഞു.

മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടകം, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾ കടുത്ത വരൾച്ച നേരിടുകയാണ്. വേനൽമഴ കുറവായതും തെക്കുപടിഞ്ഞാറൻ കാലവർഷം വൈകിയതുമാണു രാജ്യത്തിന്റെ പലഭാഗത്തും കടുത്ത വരൾച്ചയ്ക്ക് ഇടയാക്കിയതെന്നു കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഉദ്യോഗസ്ഥർ പറഞ്ഞു. വരുംദിവസങ്ങളിൽ കാലവർഷം കൂടുതൽ പ്രദേശങ്ങളിലേക്കെത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഒഡിഷ, ജാർഖണ്ഡ്, പശ്ചിമബംഗാൾ, ബിഹാർ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ കഴിഞ്ഞയാഴ്ച അവസാനമാണ് കാലവർഷം എത്തിയത്. മഹാരാഷ്ട്രയുടെ ചില ഭാഗങ്ങൾ, കർണാടകം, തെലങ്കാന സംസ്ഥാനങ്ങളിലും കാലവർഷം ലഭിച്ചുതുടങ്ങിയിട്ടുണ്ട്. കേരളത്തിൽ ജൂൺ രണ്ടാംവാരം മഴയെത്തിയെങ്കിലും പിന്നീടു കുറഞ്ഞു. കഴിഞ്ഞയാഴ്ച അവസാനത്തോടെ മഴ വീണ്ടും എത്തി.

‘വായു’ ചുഴലിക്കാറ്റ് കാലവർഷത്തിന്റെ സാധാരണഗതിയെ തടസ്സപ്പെടുത്തി. കാലവർഷം ആരംഭിക്കുന്നതും വൈകി. ഇപ്പോൾ മധ്യപ്രദേശിലും മധ്യമഹാരാഷ്ട്രയിലും പ്രവേശിച്ചു കഴിഞ്ഞു. വളരെയധികം ഈർപ്പമുള്ളതിനാൽ ഡൽഹിയിലും അടുത്തുതന്നെ മഴ പെയ്യും. ജൂലായ് ഒന്നിനു ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതു കൂടുതൽ മഴ ലഭിക്കാനിടയാക്കും. അതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

Advertisment