Advertisment

പ്രളയം തീർത്ത ദുരന്ത ഭൂമിയിലേക്ക് മലപ്പുറം ജില്ലാ കെ എം സി സിയുടെ സ്നേഹ സാന്ത്വനത്തിന്റെ കാരുണ്യമഴ

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദുബൈ : തിമര്‍ത്ത് പെയ്ത മഴ നാശംവിതച്ച് വികൃതമാക്കിയ ദുരന്തഭൂമിയിലേക്ക് മലപ്പുറം ജില്ലാ ദുബൈ കെ എം സി സിയുടെ സ്നേഹസാന്ത്വനത്തിന്റെ കാരുണ്യമഴ.

Advertisment

publive-image

യു എ ഇ കെ എം സി സി പ്രസിഡന്റ് പുത്തൂര്‍ റഹ് മാൻ ദുബൈ കെ എം സി സി നേതാവ് പി കെ അന്‍വര്‍നഹ എന്നിവരുടെ മേല്‍നോട്ടത്തില്‍ ജില്ലാ കെ എം സി സി പ്രസിഡന്റ് ചെമ്മുക്കന്‍ യാഹുമോന്‍ ജനറല്‍സെക്രട്ടറി പി വി നാസര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ, മണ്ഡലം കെ എം സി സി ഭാരവാഹികള്‍ ശേഖരിച്ച അവശ്യസാധനങ്ങളുടെ കൂമ്പാരം എം ഗ്രൂപ്പ് കാര്‍ഗോ ചെയർമാൻ മുനീറിന്റെ ഉടമസ്ഥതയിലുള്ള 'ടൈം എക്സ്പ്രസ്' കാർഗോ വഴി നാട്ടിലേക്ക് അയച്ച്തുടങ്ങി.

പ്രകൃതിക്ഷോഭം സംഹാരതാണ്ഡവമാടിയ ഉത്തരമലബാറിന്റെ ഹൃദയഭൂമിയില്‍ ഉറ്റവരും ഉടയവരും സകലസമ്പാദ്യങ്ങളും നഷ്ടപ്പെട്ട് പകലും രാത്രിയുമറിയാതെ വിറങ്ങലിച്ച്നില്‍ക്കുന്ന കുടുംബങ്ങള്‍ക്കാണ് മലപ്പുറം ജില്ലാ ദുബൈ കെ എം സി സിയുടെ ഈ കൈത്താങ്ങ്.

കൈയിൽ മൈലാഞ്ചിയിട്ടും മുറ്റത്ത് പൂക്കളമിട്ടും തക്ബീറും പൂവേപൊലിയും മുഴക്കി സമുദായങ്ങള്‍ പെരുന്നാളോണം ആഘോഷിക്കേണ്ട സമയത്ത് പ്രകൃതിയുടെ വികൃതികള്‍ കാണിച്ച തീർത്താലുംതീരാത്ത നഷ്ടത്തിലേക്കാണ് ആശ്വാസത്തിന്റെ അഞ്ച് ടണ്ണിലധികം വരുന്ന അവശ്യസാധനങ്ങൾ ദുബൈയില്‍നിന്ന് മലപ്പുറം ജില്ലാ കെ എം സി സിയുടെ സന്നദ്ധസേന ഇന്നലെ കരിപ്പൂരിലേക്ക് കയറ്റിയയച്ചത്.

ദുബൈ കെ എം സി സി ഭാരവാഹികളായ മുസ്തഫ തിരൂര്‍, കെ പി എ സലാം, അഡ്വ:സാജിദ് അബൂബക്കര്‍, മുഹമ്മദ് പട്ടാമ്പി, തുടങ്ങിയവര്‍ ജില്ലാ കെ എം സി സി ഭാരവാഹികളായ കരീം കാലടി,, ഒ ടി സലാം, എ പി നൗഫല്‍, ശിഹാബ് ഏറനാട് , ജലീല്‍ കൊണ്ടോട്ടി, ബദറുദ്ദീന്‍ തറമ്മല്‍, കുഞ്ഞിമോന്‍ എരമംഗലം, മുജീബ് കോട്ടക്കല്‍, ഫക്രുദ്ദീന്‍ മാറാക്കര, നിഹ്മത്തുള്ള മങ്കട, ഷമീം ചെറിയമുണ്ടം, എന്നിവരുടെ നേതൃത്വത്തില്‍ നടന്ന വിഭവസമാഹരണത്തിന് പിന്തുണയും പ്രോത്സാഹനവും നല്‍കി. പ്രഗത്ഭപണ്ഡിതനും വാഗ്മിയുമായ സിംസാറുല്‍ ഹഖ് ഹുദവി ഉപദേശ നിർദ്ദേശങ്ങൾ നല്‍കി.

ചോരനീരാക്കി അദ്ധ്വാനിച്ചുണ്ടാക്കിയ വീടും നട്ട്നനച്ചുണ്ടാക്കിയ കൃഷിയിടങ്ങളും മലവെള്ളപ്പാച്ചിലിന്റെ ശക്തിയില്‍ പൊട്ടിയൊലിച്ച മണ്ണിനടിയില്‍പെട്ട് കാണാതായവരുടെയും മൃതദേഹങ്ങൾ കണ്ട്കിട്ടിയവരുടെയും കിട്ടാനുള്ളവരുടെയും കുടുംബത്തിന്റെ പകച്ച്നില്‍ക്കുന്ന, അര്‍ഹരായ മനുഷ്യക്കോലങ്ങളിലേക്കാണ് ജില്ലാ മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി മുഖേന പ്രവാസികളുടെ ഈ സാന്ത്വനസ്പര്‍ശം ചെന്നെത്തുന്നത്.

സുഖദുഃഖങ്ങള്‍ പങ്കിട്ട് കളിച്ചുംചിരിച്ചും സന്തോഷത്തില്‍ കഴിഞ്ഞിരുന്ന കൂടെപ്പിറപ്പുകളെ എന്നെന്നേക്കുമായില്ലാതായപ്പോൾ സഹായത്തിന്റെ കാലൊച്ചകേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്ന ആയിരങ്ങള്‍ക്കാശ്വാസത്തിന്റെ നെയ്ത്തിരിവെട്ടം കൊളുത്തിവെക്കാൻ, കനിവുകള്‍കൊണ്ട്‌ കൂടൊരുക്കാന്‍ മുന്നിട്ടിറങ്ങിയ പ്രവര്‍ത്തകര്‍ക്ക് സഹകരണത്തിന്റെ നിറസ്നേഹവും നിറസഹായവുമാണ് പ്രവാസിവ്യവസായികളും സാധാരണക്കാരും കനിഞ്ഞുനല്‍കിയത്.

അതിലുപരി കുടുംബം പോറ്റാനുള്ള തിരക്കിനിടയിലും സഹജീവികളുടെ ദീനരോദനം കേള്‍ക്കാനും സങ്കടം കാണാനും സമയം കണ്ടെത്തിയ പ്രവര്‍ത്തകര്‍ നാല്‌ ദിവസംകൊണ്ട്‌ സമാഹരിച്ച ടൺ കണക്കില്‍ അവശ്യവസ്തുക്കളാണ് പ്രവാസിഭൂമികയിലെ പ്രശസ്ത കാര്‍ഗോ സ്ഥാപനമായ എം ഗ്രൂപ്പ് സൗജന്യമായി നാട്ടിലെത്തിക്കുന്നത്.

ലത്തീഫ് കുറ്റിപ്പുറം, റഷീദ് വേങ്ങര, സുബൈര്‍ കുറ്റൂര്‍, ജലീല്‍ തവനൂര്‍ സലീംബാബു താനൂര്‍, അല്‍താഫ് ഏറനാട്, റഹ്മത്തുല്ല തിരൂരങ്ങാടി, മുഹമ്മദ് വള്ളിക്കുന്ന്, ഇര്‍ഷാദ്‌ മലപ്പുറം, സലീം വെങ്കിട്ട മങ്കട, , ഉമ്മര്‍ വണ്ടൂര്‍, ജമാല്‍ കുഞ്ഞുട്ടി നിലമ്പൂര്‍, പി വി ഗഫൂര്‍ പെരിന്തല്‍മണ്ണ , സൈനുദ്ദീന്‍ പൊന്നാനി, അഷ്റഫ് കൊണ്ടോട്ടി, ഫൈസല്‍ബാബു മഞ്ചേരി തുടങ്ങിയവര്‍ സഹഭാരവാഹികളുടെ സാന്നിധ്യത്തില്‍ സമാഹരണസാധനങ്ങള്‍ ജില്ലാ കമ്മിറ്റിക്ക് കൈമാറി.

പെരുന്നാള്‍ അവധിക്ക് നാട്ടിലെത്തിയ മലപ്പുറം ജില്ലാ ദുബൈ കെ എം സി സിയുടെ നൂറില്‍പ്പരം പ്രവര്‍ത്തകര്‍ ആവയില്‍ ഉമ്മര്‍ഹാജിയുടെയും സിദ്ദീഖ്‌ കാലൊടിയുടെയും നേതൃത്വത്തില്‍ ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനത്തില്‍ പ്രളയത്തിന്റെ കെടുതികള്‍ വൃത്തികേടാക്കിയിട്ട നിലമ്പൂര്‍ ടൗണിലും പരിസരങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

Advertisment