Advertisment

ദുബായില്‍ ആറരക്കോടി ഈ കളിക്കൂട്ടുകാര്‍ക്ക്. അയല്‍പക്കത്ത് വളര്‍ന്ന്‍ ഒന്നിച്ചു പഠിച്ച് കളിച്ചു വളര്‍ന്ന് വിദേശത്തും തുടര്‍ന്ന സൗഹൃദം ഷെയറിട്ട് ലോട്ടറിയെടുക്കുന്ന വരെയെത്തി ; ആ സ്‌നേഹത്തെ ഭാഗ്യം തുണച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബായ് ∙ പ്രവാസ ലോകത്തെത്തിയിട്ടും ചെറുപ്പത്തിലെ സൗഹൃദം സൂക്ഷിച്ച ഈ പഴയ കളിക്കൂട്ടുകാര്‍ ഒന്നിച്ചു കോടിപതികളായി. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലെ 10 ലക്ഷം ഡോളർ (ഏകദേശം ആറരക്കോടി രൂപ) സമ്മാനമായി ലഭിച്ച പിന്റോ പോൾ തൊമ്മാന (36), ഫ്രാൻസിസ് സെബാസ്റ്റ്യൻ (35) എന്നിവർ അയല്‍ക്കാരും സഹപാഠികളും കളിക്കൂട്ടുകാരുമാണ് .

Advertisment

ഇവരുടെ സ്നേഹം തന്നെയാണ് ഇരുവരെയും വലിയ ഭാഗ്യവഴിയിലേയ്ക്ക് നയിച്ചത് . കോടിപതികളായിട്ടും ഇരുവരും ഇന്നും പതിവുപോലെ ജോലിത്തിരക്കിലാണ്.

publive-image

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ കോൺകോഴ്സ് എയിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു നറുക്കെടുപ്പ്. 12 വർഷം മുൻപ് യുഎഇയിൽ എത്തിയ പിന്റോ ഷാർജയിൽ കാർ വർക് ഷോപ് ജീവനക്കാരനാണ്.

ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ഭാഗ്യം സമ്മാനിച്ച 268 സീരീസിലെ 2465-ാം നമ്പർ ടിക്കറ്റ് പിന്റോയാണ് എടുത്തത്. ഇതിനായി പിന്റോയും ഫ്രാൻസിസും 500 ദിർഹം വീതമിട്ടു.

രാവിലെ ഡ്യൂട്ടിഫ്രീയിൽ നിന്നു വിളിയെത്തിയപ്പോൾ ആരോ പറ്റിക്കുകയാണെന്നാണു കരുതിയതെന്നു പിന്റോ പറഞ്ഞു. അവർ വിശദമായി കാര്യങ്ങൾ ധരിപ്പിച്ചപ്പോൾ ബോധ്യമായി. ഡ്യൂട്ടീ ഫ്രീ സൈറ്റിലും ഉണ്ടായിരുന്നു.

ഇതിനു മുൻപ് രണ്ടു തവണ ടിക്കറ്റ് എടുത്തെങ്കിലും ഭാഗ്യം കനിഞ്ഞില്ല. പത്തുവർഷം മുൻപ് യുഎഇയിൽ എത്തിയ ഫ്രാൻസിസ് സെബാസ്റ്റ്യൻ നിസാൻ ഒാട്ടോമൊബീലിൽ ജീവനക്കാരനാണ്. ഭാര്യയും ഒരുകുട്ടിയുമുണ്ട്. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയ്ക്ക് അടുത്ത് അവിട്ടത്തൂർ സ്വദേശികളായ ഇരുവരും തുക തുല്യമായി വീതിച്ചെടുക്കും.

സമ്മാനത്തുക എന്തു ചെയ്യണമെന്നു തീരുമാനിച്ചിട്ടില്ലെന്ന് ഇവർ പറഞ്ഞു. ഇക്കാര്യത്തിൽ ആലോചിച്ചു തീരുമാനമെടുക്കും. എന്തായാലും യുഎഇ വിടാൻ ഉദ്ദേശ്യമില്ല.

അടുത്തിടെ നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 21 കോടിയോളം രൂപ ലഭിച്ചതും മലയാളികൾക്കായിരുന്നു. ദുബായിൽ ഡ്രൈവരായ ആറന്മുള പീടികയിൽ വീട്ടിൽ ജോൺ വർഗീസും ഏഴുകൂട്ടുകാരുമാണ് ഭാഗ്യവാന്മാരായത്.

യുഎഇയിലെ ഈ രണ്ടു വമ്പൻ നറുക്കെടുപ്പുകളിലും ഏറ്റവും കൂടുതൽ ജേതാക്കളാകുന്നത് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരാണ്. കൂടുതൽ ടിക്കറ്റ് എടുക്കുന്നതും ഇന്ത്യക്കാർ തന്നെ. ഈ വർഷത്തെ നറുക്കെടുപ്പുകളിൽ ഇതുവരെ മലയാളികൾ മാത്രം 86 കോടിയിലേറെ രൂപ നേടിയതായാണു കണക്കുകൾ.

1992 ൽ ആരംഭിച്ച അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 312 പേർ ഇതുവരെ ഒന്നാം സമ്മാനം നേടി. ഇതിൽ 80 ശതമാനം വിജയികളും ഇന്ത്യക്കാരാണ്. ഇതിൽ വലിയൊരു ശതമാനവും മലയാളികൾ. 1999ൽ തുടങ്ങിയ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിന്റെ കാര്യവും വ്യത്യസ്തമല്ല. മലയാളികൾ ഉൾപ്പെടെ 125 ഇന്ത്യക്കാർ ജേതാക്കളായെന്നാണു കണക്ക്.

uae
Advertisment