Advertisment

എന്തുകൊണ്ടാണ് ഞങ്ങൾക്ക് എക്കാലവും ഇതേ അവസ്ഥ? ഇത്രയൊക്കെ ദ്രോഹിച്ചത് മതി. ഞങ്ങൾക്കും തുല്യ സ്ഥാനം കിട്ടിയേ തീരൂ. ഞങ്ങൾക്ക് യുദ്ധവും പ്രതികാരവും ആവശ്യവുമില്ല, അൽപം ബഹുമാനം മാത്രം മതി; വർണവെറിക്കും വംശീയതയ്‌ക്കുമെതിരെ ഡാരൻ സമിയും ക്രിസ് ഗെയ്‍ലും ക്രിക്കറ്റ് ലോകത്ത് ഉയർത്തിയ പ്രതിഷേധത്തിൽ പങ്കാളിയായി ഡ്വെയിൻ ബ്രാവോയും 

New Update

കിങ്സ്റ്റൺ: ‘ഇതുവരെ ചെയ്ത ദ്രോഹമൊക്കെ മതി, ഇനി വേണ്ട’ – വർണവെറിക്കും വംശീയതയ്‌ക്കുമെതിരെ വെസ്റ്റിൻഡീസ് മുൻ താരം ഡാരൻ സമിയും ക്രിസ് ഗെയ്‍ലും ക്രിക്കറ്റ് ലോകത്ത് ഉയർത്തിയ പ്രതിഷേധത്തിൽ പങ്കാളിയായി വിൻഡീസ് ഓൾറൗണ്ടർ ഡ്വെയിൻ ബ്രാവോയും.

Advertisment

publive-image

യുഎസിൽ പൊലീസ് പീഡനത്തിന് ഇരയായ കറുത്ത വർഗക്കാരൻ ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകം ഉയർത്തിവിട്ട പ്രതിഷേധക്കൊടുങ്കാറ്റിന്റെ ഭാഗമായാണ് കറുത്ത വർഗക്കാരോട് ഇതുവരെ ചെയ്ത ദ്രോഹമൊക്കെ മതിയെന്നും ഇനിയും സമ്മതിക്കില്ലെന്നുമുള്ള ഡ്വെയിൻ ബ്രാവോയുടെ പ്രസ്താവന. തങ്ങൾക്കു വേണ്ടത് യുദ്ധവും പ്രതികാരവുമല്ല, മറിച്ച് തുല്യസ്ഥാനവും ആദരവുമാണെന്നും ബ്രാവോ വ്യക്തമാക്കി.

‘ലോകത്ത് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ സങ്കടപ്പെടുത്തുന്നതാണ്. ഒരു കറുത്ത വർഗക്കാരനെന്ന നിലയിൽ ഞങ്ങളുടെ ആൾക്കാർ വർഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ട്. ഞങ്ങൾ ശബ്ദമുയർത്തുന്നത് പ്രതികാരത്തിനു വേണ്ടിയല്ല. തുല്യസ്ഥാനത്തിനും അൽപം ബഹുമാനത്തിനും വേണ്ടിയാണ്. അത്രമാത്രം’ – ഒരു ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിൽ സിംബാബ്‌വെ താരം പോമി എംബാംഗ്വയോട് ബ്രാവോ പറഞ്ഞു.

‘ഞങ്ങൾ മറ്റുള്ളവർക്ക് അർഹിക്കുന്ന ബഹുമാനം നൽകുന്നുണ്ട്. എന്തുകൊണ്ടാണ് ഞങ്ങൾക്ക് എക്കാലവും ഇതേ അവസ്ഥ? ഇത്രയൊക്കെ ദ്രോഹിച്ചത് മതി. ഞങ്ങൾക്കും തുല്യ സ്ഥാനം കിട്ടിയേ തീരൂ. ഞങ്ങൾക്ക് യുദ്ധവും പ്രതികാരവും ആവശ്യവുമില്ല. അൽപം ബഹുമാനം മാത്രം മതി. മറ്റുള്ളവരെ അവരായാലും സ്നേഹിക്കാൻ ഞങ്ങൾക്ക് മടിയില്ല. അതല്ലേ പ്രധാനം?’ – ബ്രാവോ ചോദിച്ചു.

‘ഞങ്ങളും (കറുത്ത വർഗക്കാർ) കരുത്തരും സൗന്ദര്യമുള്ളവരെന്ന് പ്രിയപ്പെട്ട സഹോദരീ സഹോദരൻമാർ മനസ്സിലാക്കണം. മാത്രമല്ല, ലോകത്തിലെ ചില മഹാൻമാരായ ആളുകളെ നോക്കൂ. നെൽസൺ മണ്ഡേലയായാലും മുഹമ്മദ് അലിയായാലും മൈക്കൽ ജോർദാനായാലും ഇവരെല്ലാം കറുത്തവരാണ്. ഞങ്ങൾക്കു മുന്നിൽ വഴി തെളിച്ചുപോയ മഹാൻമാരാണ്’ – ബ്രാവോ ചൂണ്ടിക്കാട്ടി.

അതിനിടെ, ഇന്ത്യയിൽ ഐപിഎൽ കളിക്കുന്നതിനിടെ വംശീയപരാമർശങ്ങൾക്ക് വിധേയനായിരുന്നെന്ന ആരോപണത്തിലുറച്ചു നിൽക്കുന്ന വെസ്റ്റിൻഡീസ് ക്രിക്കറ്റർ ഡാരെൻ സമി, തന്നെ ‘കാലു’ എന്നു വിളിച്ചവർ‍ മാപ്പു പറയണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. അതേസമയം സമിയെ കാലു എന്നു വിശേഷിപ്പിച്ച് ഇന്ത്യൻ താരം ഇഷാന്ത് ശർമ ട്വിറ്ററിലിട്ട പഴയ പോസ്റ്റും പുറത്തു വന്നു.

യുഎസിൽ കറുത്ത വർഗക്കാരൻ ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടതിനു പിന്നാലെ ലോകമാകെ ഉയർന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിനിടെ (ഐപിഎൽ‍) താൻ വംശീയാധിക്ഷേപം നേരിട്ടതായി കഴിഞ്ഞ ദിവസം സമി വെളിപ്പെടുത്തിയത്. സമിയെ പിന്തുണച്ച് ക്രിസ് ഗെയ്‍ലും രംഗത്തുണ്ട്. സമി വെളിപ്പെടുത്തിയതിലുമധികം പറയാനുണ്ടെന്ന് ഗെയ്ൽ സൂചിപ്പിക്കുകയും ചെയ്തു.

sports news daran sami pollard-bravo
Advertisment