Advertisment

ഇ-ലേലത്തിലൂടെ റബര്‍ വിപണി അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കം എതിര്‍ക്കും: വി.സി. സെബാസ്റ്റ്യന്‍

New Update

കോട്ടയം: റബര്‍ വ്യാപാരത്തിന് ഇ-ലേല സംവിധാനമൊരുക്കി റബര്‍വിപണി അട്ടിമറിച്ച് കര്‍ഷകരെ ദ്രോഹിക്കുന്ന ആസൂത്രിത അണിയറ നീക്കത്തില്‍ നിന്ന് റബര്‍ബോര്‍ഡ് പിന്മാറണമെന്നും ഇതിനെതിരേ കര്‍ഷകര്‍ സംഘടിച്ച് നീങ്ങണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ഥിച്ചു.

Advertisment

റബര്‍ കാര്‍ഷികോത്പന്നമാക്കുമെന്നും കര്‍ഷകര്‍ ഉത്പാദനം കൂട്ടണമെന്നും അടിസ്ഥാനവില പ്രഖ്യാപിക്കുമെന്നും ഇറക്കുമതി നിയന്ത്രിക്കുമെന്നും തുടങ്ങി കര്‍ഷക സ്‌നേഹം പ്രഖ്യാപിച്ച് അവസാനം കര്‍ഷകനെ ചതിക്കുന്നതിന്റെ പുതിയ നീക്കമാണ് റബര്‍ ബോര്‍ഡ് പദ്ധതിയായ റബര്‍ ലേലം. റബര്‍ ബോര്‍ഡിലെ ഉന്നതര്‍ തന്നെയാണ് കര്‍ഷകരെ ദ്രോഹിച്ച് വ്യവസായികളെ സംരക്ഷിക്കുവാനുള്ള ഈ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. റബറിന് ഇക്കാലമായിട്ടും ന്യായവില പ്രഖ്യാപിച്ചിട്ടില്ല.

ഒരു കിലോഗ്രാം റബറിന്റെ ഉത്പാദന ചെലവ് 172 രൂപയാണെന്ന്് കേന്ദ്രസര്‍ക്കാരും റബര്‍ബോര്‍ഡും രേഖാമൂലം ആവര്‍ത്തിച്ച് പറഞ്ഞിട്ടുമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയപ്രകാരം ഉത്പാദന ചെലവുകൂടാതെ അതിന്റെ 50 ശതമാനംകൂടി കണക്കാക്കുന്നതാണ് ന്യായവില. അതായത് റബറിന് കിലോഗ്രാമിന് 258 രൂപ. ഈ വില അടിസ്ഥാന വിലയായി പ്രഖ്യാപിച്ച് നടപ്പിലാക്കാതെ റബര്‍ ലേലത്തിന് ഇറങ്ങിത്തിരിക്കുന്നതിന്റെ പിന്നില്‍ രാജ്യാന്തര വിലയേക്കാള്‍ കുറവില്‍ ആഭ്യന്തര വിപണിയില്‍ റബര്‍ ലഭ്യമാക്കാനുള്ള അജണ്ടയാണ്.

റബര്‍ ലേലത്തിലൂടെ റബര്‍ വിപണി ഒന്നാകെ വ്യവസായികളുടെ കൈകളിലേക്ക് എത്തിച്ചേരും. ചെറുകിട റബര്‍വ്യാപാരികള്‍ അപ്രത്യക്ഷരാകും. ഇന്ത്യയിലെ പ്രധാന റബര്‍ വ്യവസായികള്‍ക്ക് വിലപേശി വിലയിടിക്കുവാന്‍ റബര്‍ബോര്‍ഡ് ഇടനിലക്കാരാവുന്ന ദുരവസ്ഥയെ റബര്‍ കര്‍ഷകര്‍ നേരിടേണ്ടിവരും.

ഇന്ത്യയിലെ ഇതര നാണ്യവിളകളുടെ ഇ-ലേല വ്യാപാരം ഇതിനോടകം വിലത്തകര്‍ച്ചയ്ക്കിടയാക്കിയിട്ടുണ്ട്. റബര്‍ അവധി വ്യാപാരവും കര്‍ഷകന് തിരിച്ചടിയായി. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും കോവിഡ് 19ന്റെ പ്രത്യാഘാതങ്ങളും ആസിയാന്‍ രാജ്യങ്ങളിലെ പ്രതിസന്ധികളും ഇറക്കുമതിക്ക് ഭാവിയില്‍ പ്രത്യാഘാതങ്ങളുണ്ടാകും.

ഈ സാഹചര്യത്തില്‍ ന്യായമായും ആഭ്യന്തര വിപണിയില്‍ വില ഉയരേണ്ടതാണ്. ഇതിനെ അട്ടിമറിക്കാനുള്ള നീക്കത്തിനാണ് റബര്‍ബോര്‍ഡ് റബര്‍ലേലത്തിലൂടെ ഒത്താശ ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ 150 രൂപ വില സ്ഥിരതാ പദ്ധതി ചെറുകിട കര്‍ഷകര്‍ക്ക് ആശ്വാസകരമാണ്. എന്നാല്‍, കര്‍ഷകരെക്കാള്‍ ഈ പദ്ധതിയിലൂടെ കോടികളുടെ നേട്ടമുണ്ടാക്കുന്നത് വന്‍കിട വ്യാപാരികളും വ്യവസായികളുമാണ്.

കുറഞ്ഞ വിലയ്ക്ക് പ്രകൃതിദത്ത റബര്‍ വ്യവസായികള്‍ക്ക് ലഭ്യമാകുന്നു. വിലസ്ഥിരതാ പദ്ധതി ആരംഭിച്ചതിനുശേഷം കഴിഞ്ഞ ആറു വര്‍ഷക്കാലമായി ഏതാനും ദിവസങ്ങളിലല്ലാതെ ഒരിക്കലും റബറിന് 150 രൂപയില്‍ കൂടുതല്‍ വില വിപണിയില്‍ വന്നിട്ടില്ലെന്നുള്ളത് കര്‍ഷകര്‍ തിരിച്ചറിയുമ്പോഴാണ് വലിയ ചതിയുടെ ഇരകളാണ് തങ്ങളെന്ന് ബോധ്യപ്പെടുന്നത്. അതിനാല്‍ റബര്‍ ബഫര്‍ സ്റ്റോക്കുണ്ടാക്കുവാന്‍ ചെറുകിട വ്യാപാരികളില്‍ നിന്ന് ന്യായവില പ്രഖ്യാപിച്ച് റബര്‍ സംഭരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്ന് വ്യവസായികള്‍ റബര്‍ വാങ്ങുന്ന ക്രമീകരണവും രൂപപ്പെടണം.

റബര്‍ ആക്ടില്‍ തുടര്‍ച്ചയായി വരുത്തിക്കൊണ്ടിരിക്കുന്ന ഭേദഗതികളും കോടതിവ്യവഹാരങ്ങളില്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കും. ഉത്തരേന്ത്യന്‍ സര്‍ക്കാരുകള്‍ പരുത്തി കര്‍ഷകര്‍ക്കുവേണ്ടി എടുക്കുന്ന ഉറച്ച നിലപാടുകള്‍ സംസ്ഥാന സര്‍ക്കാരും മാതൃകയാക്കി അടിയന്തര ഇടപെടലുകള്‍ നടത്തണം. റബര്‍ ഇ-ലേലത്തിലൂടെ റബര്‍ കര്‍ഷകര്‍ വന്‍ തകര്‍ച്ച നേരിട്ട് ഒരിക്കലും കരകയറാനാവാത്ത അവസ്ഥയിലേക്ക് വലിച്ചെറിയപ്പെടുമെന്നും കര്‍ഷക പ്രസ്ഥാനങ്ങളും കര്‍ഷകാഭിമുഖ്യമുള്ള ഇതര സംഘടനകളും റബര്‍ ലേല നീക്കത്തെ സംഘടിച്ച് എതിര്‍ക്കാന്‍ മുന്നോട്ടു വരണമെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

e business4
Advertisment