Advertisment

കുവൈറ്റിലേക്കുള്ള ഗാര്‍ഹിക തൊഴിലാളികളുടെ മടങ്ങിവരവിന് സഹായകരമായി 'ബെല്‍സലാമ' പ്ലാറ്റ്‌ഫോം

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ആരോഗ്യമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നിര്‍ദ്ദിഷ്ട നടപടിക്രമങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും അനുസൃതമായി പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ കുവൈറ്റിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമാണ് 'ബെല്‍സലാമ'.

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഏവിയേഷന്‍ സര്‍വീസസ് ആണ് പദ്ധതിക്ക് പിന്നില്‍. തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനുള്ള ചെലവ് കുറയ്ക്കുന്നത്, 14 ദിവസത്തെ ക്വാറന്റൈന്‍ ട്രാന്‍സിസ്റ്റ് രാജ്യത്തിന് പകരം കുവൈറ്റില്‍ ഏര്‍പ്പെടുത്തുന്നത് തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

റെസിഡന്‍സി നിയമത്തിലെ ആര്‍ട്ടിക്കിള്‍ 20 പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓരോ തൊഴിലാളിക്കും 270 കെ.ഡിയാണ് ഇതില്‍ ചെലവ് വരുന്നത്. പിസിആര്‍ പരിശോധന, ഭക്ഷണം, 14 ദിവസത്തെ ക്വാറന്റൈന്‍ എന്നിവ ഉള്‍പ്പെടെയുള്ള ചെലവാണിത്.

എന്നാല്‍ തിരിച്ചെത്തിക്കല്‍ പദ്ധതിയില്‍ ടിക്കറ്റുകള്‍ ഉള്‍പ്പെടുന്നില്ല. ഡിജിസിഎ അംഗീകരിച്ച സ്റ്റാന്‍ഡേര്‍ഡ് നിരക്കുകള്‍ക്ക് അനുസൃതമായി കുവൈറ്റ് എയര്‍വേയ്‌സ്, ജസീറ എയര്‍വേയ്‌സ് തുടങ്ങിയ കമ്പനികളുമായി സഹകരിച്ച് തൊഴിലാളികളെ തിരിച്ചെത്തിക്കുന്നത് നടപ്പിലാക്കും.

എല്ലാ ഗാര്‍ഹിക തൊഴിലാളികളുടെയും കൈവശം തങ്ങള്‍ കൊവിഡ് മുക്തരാണെന്ന് തെളിയിക്കുന്ന അംഗീകൃത പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്ന് നാഷണല്‍ ഏവിയേഷന്‍ സര്‍വീസസ് ഡയറക്ടര്‍ മന്‍സൂര്‍ അല്‍ ഖോസ്യം പറഞ്ഞു. പ്ലാറ്റ്‌ഫോം വഴി ലഭ്യമായ തീയതിയിലും സമയത്തും യാത്ര ചെയ്യുന്നതിന് സഹായിക്കാന്‍ ഇത് 'Bel-Salamah.com' പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റിലെത്തുമ്പോള്‍ വീണ്ടും പിസിആര്‍ പരിശോധന നടത്തുമെന്നും ഫലം നെഗറ്റീവായാല്‍ 14 ദിവസത്തെ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ക്വാറന്റൈന്‍ പൂര്‍ത്തിയായതിന് ശേഷവും പിസിആര്‍ പരിശോധന നടത്തുകയും ഫലം നെഗറ്റീവായാല്‍ സ്‌പോണ്‍സറുടെ വീട്ടിലേക്ക് പോകാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫലം പോസിറ്റീവായാല്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങളുടെ ഉത്തരവാദിത്തം ആരോഗ്യമന്ത്രാലയത്തിന് ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment