Advertisment

ജയലളിതയുടെ എസ്‌റ്റേറ്റിലെ കൊള്ളയുമായി ബന്ധമില്ല; ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ കര്‍ശന നടപടി: എടപ്പാടി പളനിസാമി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

കോടനാട് എസ്‌റ്റേറ്റ് കൊള്ളയുമായോ കൊലപാതകങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്നും തനിക്കെതിരെ കുപ്രചരണങ്ങള്‍ നടത്തുന്നവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. തെഹല്‍ക്ക മുന്‍ എഡിറ്ററും ഇപ്പോള്‍ ഇന്ത്യ എ ഹെഡ് എഡിറ്ററുമായ മാത്യു സാമുവല്‍ ഡല്‍ഹിയില്‍ വീഡിയോ വഴി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റ് കൊള്ളയ്ക്കും അതോടൊപ്പമുണ്ടായ കൊലപാതക പരമ്പരകള്‍ക്കും പിന്നില്‍ പളനിസാമിയാണെന്ന് ആരോപണമുന്നയിച്ചത്.

Advertisment

publive-image

പ്രസ്തുത കേസില്‍ കോടതിയില്‍ വിചാരണ നടക്കുന്നുണ്ടെന്നും 22 തവണ കോടതിയില്‍ ഹാജരായപ്പോഴും വെളിപ്പെടുത്താത്ത ആരോപണങ്ങള്‍ പ്രതികള്‍ ഇപ്പോള്‍ ഉന്നയിക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്നും പളനിസാമി പറഞ്ഞു. ഇതിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പളനിസാമി വ്യക്തമാക്കി.

എസ്റ്റേറ്റില്‍ ജയലളിതയുടെ മുറിയില്‍ സൂക്ഷിച്ചിരുന്ന രഹസ്യ രേഖകളാണ് കവര്‍ന്നതെന്നും ഇത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നും കേസിലെ പ്രതികളായ തൃശൂര്‍ കെ വി സയന്‍, വാളയാര്‍ മനോജ് എന്നിവര്‍ വീഡിയോയില്‍ വെളിപ്പെടുത്തിയിരുന്നു. ജയലളിതയുടെ മരണത്തിലെ ദുരൂഹതയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നും മാത്യു സാമുവല്‍ അറിയിച്ചിരുന്നു.

ജയലളിതയുടെ മുന്‍ ഡ്രൈവറും സേലം സ്വദേശിയുമായ കനകരാജാണ് കേസിലെ ഒന്നാം പ്രതി. കവര്‍ച്ച നടന്ന് ദിവസങ്ങള്‍ക്കകം ഇയാള്‍ ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. കേസിലെ രണ്ടാം പ്രതിയായ സയനും കുടുംബവും സഞ്ചരിച്ച കാര്‍ പാലക്കാടിനടുത്ത് വച്ച് അപകടത്തില്‍പ്പെടുകയും ഭാര്യയും മകളും മരിക്കുകയും ചെയ്തു. ഗുരുതര പരിക്കുകളോടെയാണ് സയന്‍ അന്ന് രക്ഷപ്പെട്ടത്. എസ്റ്റേറ്റിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ദിനേഷ് കുമാര്‍ വീട്ടില്‍ തൂങ്ങിമരിച്ചതും കേസിലെ ദുരൂഹതകളിലൊന്നാണ്.

Advertisment