Advertisment

എടത്വാ പള്ളി വീണ്ടും മാതൃക; ഹിന്ദുമത വിശ്വാസിക്ക് സംസ്‌കാരത്തിന് സ്ഥലം നല്‍കി

New Update

publive-image

Advertisment

എടത്വ: ദക്ഷിണേന്ത്യയിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളി കോവിഡ് പശ്ചാത്തലത്തില്‍ 212 വര്‍ഷത്തിനിടയില്‍ ആദ്യമായിട്ട് തിരുന്നാള്‍ ഉപേക്ഷിച്ചതിന് പിന്നാലെ കോവിഡ് വന്ന് മരിച്ച ഹിന്ദുമത വിശ്വാസിക്ക് കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് കാരണം മൃതദേഹം വീട്ടില്‍ സംസ്‌കരിക്കാന്‍ സാധിക്കാഞ്ഞതിനെ തുടര്‍ന്ന് സംസ്‌കാരത്തിനുള്ള സ്ഥലവും സൗകര്യങ്ങളും നല്‍കി വീണ്ടും മാതൃകയായി.

കോവിഡ് ബാധിച്ചു മരിച്ച കോയില്‍മുക്ക് പുത്തന്‍പുരയില്‍ ശ്രീനിവാസന്റെ (86) മൃതദേഹമാണ് വെള്ളക്കെട്ട് കാരണം സംസ്‌കരിക്കാന്‍ സാധിക്കാഞ്ഞത്. ഗ്രാമപഞ്ചായത്ത് അംഗം ബാബു മണ്ണാത്തുരുത്തില്‍ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളി വികാരി ഫാ. മാത്യൂ ചൂരവടിയെ ഇവരുടെ ബുദ്ധിമുട്ടുകള്‍ അറിയിക്കുകയും ഉടനെ തന്നെ കൈക്കാരന്‍മാരും പാരിഷ് സബ് കമ്മിറ്റി അംഗങ്ങളുമായി ആലോചിച്ച് മൃതസംസ്‌ക്കാരം പള്ളിയില്‍ നടത്താന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്ത് നല്‍കുകയുമായിരുന്നു.

സാമൂഹ്യ പ്രവര്‍ത്തകരായ വിപിന്‍ ഉണ്ണികൃഷ്ണന്‍, ജെഫിന്‍, ബിബിന്‍ മാത്യു, ജിജോ ഫിലിപ്പ് എന്നിവര്‍ പിപി കിറ്റ് അണിഞ്ഞും വികാരി ഫാ. മാത്യൂ ചൂരവടി, കൈക്കാരന്‍ കെ.എം. മാത്യൂ തകഴിയില്‍, ബില്‍ബി മാത്യൂ കണ്ടത്തില്‍, സാജു മാത്യൂ കൊച്ചുപുരക്കല്‍, സാബു ഏറാട്ട്, മണിയപ്പന്‍, ഹെല്‍ത് ഇന്‍സ്പെക്ടര്‍ ശ്രീജിന്‍, ദിലീപ്, റ്റിന്റു, എന്നിവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും സംസ്‌കാരത്തിന് നേതൃത്വം നല്‍കി. ഭാര്യ:കൃഷ്ണവേണി. മക്കള്‍: രമേഷ്, സുരേഷ്, വിജയ, ശാന്തി. മരുമക്കള്‍: ആശ, മജ്ഞു, രഘു, രാജ.

ക്രൈസ്തവ സ്നേഹത്തിൻ്റെ ഉദാത്ത മാതൃക കാട്ടിയ എടത്വ പള്ളി വികാരി റവ.ഫാദർ മാത്യൂ ചൂരവടി, പാരിഷ് കൗൺസിൽ എന്നിവരെ സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള അഭിനന്ദിച്ചു.

edathuva news
Advertisment