ഗവര്‍ണര്‍ വജുബായി വാലയോ .. യെദൂരപ്പയോ ? ഇന്ന്‍ ആരാണ് കൂടുതല്‍ അപമാനിതനായത് ? ഇനിയും വജുബായി വാലമാര്‍ സൃഷ്ടിക്കപ്പെടരുത് ! അത് ജനാധിപത്യത്തെ കളങ്കപ്പെടുത്തും

വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍
Saturday, May 19, 2018

എഡിറ്റോറിയല്‍ / കര്‍ണാടകയില്‍ കഴിഞ്ഞ 5 ദിവസങ്ങളില്‍ നടന്ന നാണംകെട്ട രാഷ്ട്രീയ നാടകങ്ങളില്‍ കൂടുതല്‍ അപമാനിതനായത്ത് ഗവര്‍ണര്‍ വജുബായി വാലയാണോ അതോ രാജിവച്ച മുഖ്യമന്ത്രി ബി എസ് യെദൂരപ്പയാണോ ? എന്ന കാര്യത്തില്‍ മാത്രമേ സംശയമുള്ളൂ.

ഭൂരിപക്ഷം തെളിയിക്കാമെന്ന് ഒരുറപ്പും ഇല്ലാതെ ന്യൂനപക്ഷമായ പാര്‍ട്ടിയുടെ നേതാവിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചപ്പോള്‍ ഗവര്‍ണര്‍ എന്ന ഭരണഘടനാ പദവിയുടെ വിലയാണ് നഷ്ടമായത്.

ഗവര്‍ണര്‍ കുതിരക്കച്ചവടത്തിന് കൂട്ടുനിന്നെന്ന ആരോപണം ശരിയെന്ന് തെളിയുകയായിരുന്നു മുതിര്‍ന്ന ബിജെപി നേതാവ് ജനാര്‍ദ്ദന്‍ റെഡ്ഡിയും യെദൂരപ്പയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ കൂറുമാറാന്‍ പ്രേരിപ്പിക്കുന്ന കോഴ വാക്ദാനങ്ങളുടെ ഓഡിയോ ടേപ്പുകള്‍. ഒടുവില്‍ ആ നീക്കവും പരാജയപെട്ടു.

നിയമസഭയില്‍ വിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള ആത്മവിശ്വാസം മുഖ്യമന്ത്രിക്ക് പോലും സ്വയം ഉണ്ടായില്ലെന്നതാണ് ദയനീയം. ഈ സാഹചര്യത്തില്‍ വജുബായി വാല ഗവര്‍ണര്‍ പദവി ഒഴിഞ്ഞ് അവശേഷിക്കുന്ന അന്തസ് കാത്തുസൂക്ഷിക്കാന്‍ തയ്യാറാകുകയാണ് വേണ്ടത്.

സാധാരണ ഗതിയില്‍ ഇത്തരം പദവികള്‍ അലങ്കരിക്കുന്നവര്‍ പ്രത്യക്ഷമായ രാഷ്ട്രീയ നീക്കങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയാണ് പതിവ്. അതാണ്‌ കീഴ്വഴക്കവും .

ഗവര്‍ണര്‍ പദവി സജീവ രാഷ്ട്രീയക്കാരില്‍ നിന്നും ഒഴിവാക്കി സമൂഹത്തിന്‍റെ വിവിധ തുറകളില്‍ പ്രവീണ്യം നേടിയ പ്രഗല്‍ഭരെ ഏല്‍പ്പിക്കണമെന്ന ചര്‍ച്ചകള്‍ രാജ്യത്ത് തുടങ്ങിയിട്ട് നാളേറെയായി.

ഇ ശ്രീധരന്‍, പരേതനായ അമൂല്‍ കുര്യന്‍, ഐ എസ് ആര്‍ ഓ മുന്‍ മേധാവി കെ എസ് രാധാകൃഷ്ണന്‍ എന്നിങ്ങനെയുള്ള വ്യക്തിത്വങ്ങള്‍ ആണ് ഇത്തരത്തില്‍ പരിഗണിക്കപ്പെടെണ്ടത്.

എങ്കില്‍ മാത്രമേ ആ പദവിയുടെ ഉദ്ദേശശുദ്ധി ഫലവത്താകുകയുള്ളൂ. അല്ലാത്ത പക്ഷം ഇനിയും വജുബായി വാലമാര്‍ സൃഷ്ടിക്കപെടും ! അതിന് അനുവദിച്ചുകൂടാ !

×